കണ്ണും കിഡ്നിയും മാറ്റിവെച്ചു, ഇന്ന് ഞാനൊരു ടെർമിനേറ്ററെ പോലെ; ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റാണ ദഗുബതി
തെലുങ്ക് സിനിമയിൽ ഇന്ന് അറിയപ്പെടുന്ന താരമാണ് റാണ ദഗുബതി. പാൻ ഇന്ത്യൻ താരങ്ങളുടെ തരംഗത്തിന് മുമ്പേ തന്നെ ഹിന്ദിയിലുൾപ്പെടെ സാന്നിധ്യമറിയിച്ച നടനാണ് റാണ. ഒരു ബോളിവുഡ് താരത്തിന് കാണാറുള്ള ശരീര ഭംഗിയാണ് റാണയെ കരിയറിൽ തുണച്ചത്. താര മൂല്യമുയർന്ന ശേഷം തെലുങ്കിലാണ് റാണ കൂടുതലും അഭിനയിച്ചത്. തെലുങ്ക് സിനിമാ രംഗത്താണ് നടന് സ്വാധീനവുമുള്ളത്. റാണയുടെ അച്ഛൻ ഡി സുരേഷ് ബാബു.
തെലുങ്കിൽ അറിയപ്പെടുന്ന സംവിധായകനാണ്. മുത്തശ്ശൻ ഡി രാമനായിഡു പ്രമുഖ നിർമാതാവുമായിരുന്നു, നടൻ നാഗചൈതന്യ റാണയുടെ കസിനാണ്. ബാഹുബലി എന്ന സിനിമയിലൂടെയാണ് റാണ ദഗുബതിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്.
രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കരുത്തുറ്റ വില്ലൻ കഥാപാത്രത്തെയാണ് റാണ ദഗുബതി അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം റാണ പാൻ ഇന്ത്യൻ തലത്തിൽ വലിയ താരമായി. കരിയറിൽ വലിയൊരു കുതിച്ചു ചാട്ടം റാണയുടെ ആരാധകർ പ്രതീക്ഷിച്ചെങ്കിലും അന്നതുണ്ടായില്ല.

മാത്രമല്ല ഇടയ്ക്ക് വന്ന ആരോഗ്യ പ്രശ്നങ്ങൾ നടനെ വാർത്തകളിൽ നിറച്ചു. കിഡ്നി രോഗത്തെ തുടർന്ന് മാറ്റി കിഡ്നി വെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. അസുഖ കാലത്ത് റാണ ദഗുബതിയുടെ ശരീര ഭാരം വല്ലാതെ കുറഞ്ഞിരുന്നു.
ബാഹുബലിയിൽ ആകാരവടിവോടെ കണ്ട റാണയെ പിന്നീട് ശരീരം ക്ഷീണിച്ച നിലയിൽ കണ്ടത് അന്ന് പല അഭ്യൂഹങ്ങളും ഉയർത്തി. ഏറെ നാളുകൾക്ക് ശേഷമാണ് തനിക്ക് വൃക്കയ്ക്ക് പ്രശ്നമുണ്ടായിരുന്നെന്ന് റാണ തുറന്ന് പറഞ്ഞത്. മറ്റാെരു ഞെട്ടിച്ച വെളിപ്പെടുത്തലും റാണ നടത്തി.
നടന്റെ ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. വലത് കണ്ണിന് കാഴ്ചയില്ല ഇടത് കണ്ണ് ട്രാൻസ്പ്ലാന്റ് ചെയ്തതാണെന്ന് റാണ പറഞ്ഞപ്പോൾ ആരാധകർക്കത് ഞെട്ടലായിരുന്നു. ഇപ്പോഴിതാ ആരോഗ്യപരമായി താനിത്രയും പ്രതിസന്ധികൾ നേരിട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റാണ. കണ്ണിന്റെയും വൃക്കയുടെയും സർജറി കഴിഞ്ഞ ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് റാണ സംസാരിച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പലർക്കും പിന്നീട് ഈ ആസുഖം ഭേദമായതിന് ശേഷവും തകർന്ന് പോയ പോലെ തോന്നാമെന്നും കാരണം അവരുടെ മനസ്സിൽ ഒരു ഭാരമുണ്ടാവുമെന്നും റാണ പറയുന്നു. കിഡ്നിക്കും കണ്ണിനും ശാസ്ത്രക്രിയ നടന്ന ശേഷം തനിക്ക് സ്വയം ഒരു ടെർമിനേറ്ററിനെ പോലെയാണ് തോന്നുന്നതെന്നും റാണ പറഞ്ഞു.
കണ്ണിന് കോർണിയ ശാസ്ത്രിയ നടത്തിയെന്ന് തുറന്ന് പറഞ്ഞ ചുരുക്കമാളുകളിൽ ഒരാളാണ് ഞാൻ. കാരണം തന്റെ അമ്മയുടെ കാഴ്ച പോയതിൽ ഒരു കുട്ടി വിഷമിക്കുന്നത് ഞാൻ കണ്ടു. അതേപറ്റി കുട്ടിയോട് വിശദീകരിച്ച് കൊടുത്തു. അപ്പോഴാണ് തന്റെ കണ്ണിനെ പറ്റി തുറന്ന് സംസാരിച്ചതെന്നും നടൻ വ്യക്തമാക്കി.ഏറെ നാൾ അഭ്യൂഹങ്ങൾ പരന്നപ്പോഴും കിഡ്നി രോഗത്തെക്കുറിച്ച് റാണ സംസാരിച്ചിരുന്നില്ല. എന്നാൽ സമാന്തയുടെ സാം ജാം എന്ന പ്രോഗ്രാമിൽ അതിഥിയായെത്തിയപ്പോഴാണ് ഇതേപറ്റി റാണ സംസാരിക്കുന്നത്. കുറച്ച് വർഷങ്ങൾക്കിപ്പുറം സമാന്തയും ഇന്ന് ആരോഗ്യ പ്രശ്നങ്ങളിലാണ്.
കഴിഞ്ഞ വർഷമാണ് നടിക്ക് മയോസിറ്റിസ് എന്ന രോഗം പിടിപെടുന്നത്. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണിത്. മാസങ്ങൾ നീണ്ടി ചികിത്സയ്ക്ക് ശേഷം നടി ഇപ്പോൾ സിനിമാ തിരക്കുകളിലാണ്. സിതാഡെലാണ് നടിയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ട്.


Click it and Unblock the Notifications











