അല്ലുവിന്റെ വാക്കുകൾ എന്റെ കാഴ്ചപ്പാടിനെ ഒന്നാകെ മാറ്റി, ശരിക്കും ആസ്വദിച്ചാണ് സിനിമ ചെയ്തത്
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ . രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ പുഷ്പ ദ റൈസ് ഡിസംബർ 17 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു പ്രത്യ.ക്ഷപ്പെടുന്നത്. രശ്മിക മന്ദാനയാണ് ചി്ത്രത്തിലെ നായിക. ഫഹദ് ഫാസിലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടിയുടെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ ഇത്തരത്തിലൊരു ലുക്കിൽ രശ്മികയെ പ്രേക്ഷകർ കണ്ടിട്ടില്ല. ഇതാദ്യമായിട്ടാണ് രശ്മിക അല്ലുവിനോടൊപ്പം അഭിനയിക്കുന്നത്. ഇപ്പോഴിത പുഷ്പയിലെ വിശേഷം പങ്കുവെയ്ക്കുകയാണ് നടി. . സ്വപ്നസാക്ഷാത്കാരം എന്നാണ് പുഷ്പയിലെ വേഷത്തെ കുറിച്ച് പറയുന്നത്. ഹൈദരാബാദിൽ നടന്ന പ്രസ്മീറ്റിലായിരുന്നു നടി സിനിമയെ കുറിച്ച് വാചാലയായത്.
"എന്റെയും അല്ലുവിന്റെയും കെമിസ്ട്രി സ്‌ക്രീനിൽ നന്നായി വർക്ക് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിക്കും ആസ്വദിച്ചാണ് അല്ലുവിനോടൊപ്പം അഭിനയിച്ചത്.. സഹനടനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനരീതി മികച്ചതാണ്. അദ്ദേഹത്തോടൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്," രശ്മിക പ്രസ്മീറ്റിൽ പറഞ്ഞു.
"കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ടൊരു വ്യക്തിയുമായി മാറിയതിൽ ഞാൻ അഭിമാനിക്കുന്നു. ഗീതാഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. അന്ന്, എന്നെങ്കിലും എനിക്ക് അല്ലു അർജുനൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതിയിരുന്നോ! എന്നാൽ, ഇപ്പോൾ ഞാനദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാണ്, അതിന്റെ പ്രചരണത്തിലാണ്. അതിനാൽ തന്നെ ഇതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്. ഞാൻ ഇതുവരെ പ്രവർത്തിച്ചവരുടെയും പ്രേക്ഷകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്."
"പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ ഞാൻ പരിഭ്രാന്തയായിരുന്നു, അപ്പോൾ അല്ലു എന്നോട് പറഞ്ഞത്, "നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത്. കാരണം നിങ്ങൾക്ക് കഴിവില്ലായിരുന്നുവെങ്കിൽ, നിങ്ങൾ കഠിനാധ്വാനി അല്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇന്ന് ഇവിടെ, ഞങ്ങളുടെ സിനിമയുടെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല," എന്നാണ്. അതെന്റെ കാഴ്ചപ്പാടിനെ ഒന്നാകെ മാറ്റിമറിക്കുകയും സിനിമയ്‌ക്കായി എന്റെ ഏറ്റവും മികച്ചത് നൽകാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു," രശ്മിക കൂട്ടിച്ചേർത്തു.
"ആദ്യമായാണ് ഞാനൊരു പരുക്കൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയിൽ പുഷ്പ വളരെ പച്ചയായ ചിത്രമാണ്. സംവിധായകൻ സുകുമാർ സിനിമയ്‌ക്കായി ഒരു പ്രത്യേക ലോകം സൃഷ്ടിച്ചു. ഇത് മുൻപു വന്നതുപോലൊരു ചിത്രമല്ല. ഞാൻ പ്രീ-റിലീസ് ഇവന്റിൽ പറഞ്ഞത് പോലെ, 'പുഷ്പ എന്റെ ശ്രീവല്ലിക്കുള്ളതാണ്'. വളരെ കൗശലക്കാരിയായ കഥാപാത്രമാണ് ശ്രീവല്ലിയെന്നും രശ്മിക പറഞ്ഞു.


Click it and Unblock the Notifications