അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് പോയത്; വിവാദമായ വിവാഹ ബന്ധത്തിൽ സംഭവിച്ചത് എന്തെന്ന് രേണു ദേശായി
സിനിമാ രംഗത്ത് വൻ തരംഗം സൃഷ്ടിച്ച പവൻ കല്യാൺ ഇന്ന് ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ്. സിനിമയിലും രാഷ്ട്രീയത്തിലും പ്രബല സാന്നിധ്യമായ പവൻ കല്യാണിന്റെ ജീവിതം നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്. മൂന്ന് വിവാഹങ്ങളാണ് പവനിന്റെ ജീവിതത്തിൽ നടന്നത്. ആദ്യ ഭാര്യ നന്ദിനിമായി പിരിയുമ്പോഴുണ്ടായ വിവാദങ്ങൾ ചെറുതല്ല. അഞ്ച് കോടി രൂപ ജീവനാംശം നൽകിയാണ് പവൻ കല്യാൺ ആദ്യ വിവാഹ ബന്ധം പിരിഞ്ഞത്. ഈ വിവാഹ ബന്ധം നിലനിൽക്കെ തന്നെ നടി രേണു ദേശായിയുമായി പവനിന് ബന്ധമുണ്ട്.
ഒരുമിച്ച് സിനിമ ചെയ്യവെ പ്രണയത്തിലായ പവനും രേണുവും ഒന്നിച്ച് ജീവിതം തുടങ്ങി. പവനിന്റെ ഭാര്യ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ലിവിംഗ് ടുഗെദറിൽ കഴിയുന്ന കാലത്ത് തന്നെ രേണു ദേശായിക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് പവൻ രേണുവിനെ വിവാഹം ചെയ്തത്. എന്നാൽ കുറച്ച് വർഷങ്ങൾ മാത്രമേ ഈ വിവാഹ ബന്ധം നീണ്ടുനിന്നുള്ളൂ.

2012 ൽ ഇവർ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ പവൻ കല്യാണിന്റെ ആരാധകർ നിരവധി തവണ രേണു ദേശായിയെ ആക്ഷേപിച്ചു. പവനിനെ ഉപേക്ഷിച്ച് പോയത് രേണു ദേശായി ആണെന്നും ഇവർ കുറ്റപ്പെടുത്തി. ഇപ്പോഴിതാ പവൻ കല്യാണിന്റെ ആരാധകന് മറുപടി നൽകിയിരിക്കുകയാണ് രേണു ദേശായി.
നിങ്ങൾ കുറേക്കൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു സഹോദരീ, ദൈവത്തെ പോലൊരാളെ നിങ്ങൾ തെറ്റിദ്ധരിച്ചു. ഇപ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ വില മനസിലാക്കുന്നു. കുട്ടികൾ പവൻ കല്യാണിനൊപ്പമാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് ഇയാൾ കമന്റ് ചെയ്തത്.

കമന്റ് ശ്രദ്ധയിൽ പെട്ട പവൻ രേണു ദേശായി മറുപടി നൽകി. ഒരു ഔൺസ് വിവേകം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയുള്ള കമന്റിടില്ല. അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തത്. മറിച്ചല്ല സംഭവിച്ചത്. ഇത്തരം കമന്റുകൾ തന്നെ ഉപദ്രവിക്കുകയാണ് ചെയ്യുന്നതെന്നും രേണു ദേശായി തുറന്നടിച്ചു. സംഭവം വാർത്തയാതോടെ രേണു കമന്റ് നീക്കം ചെയ്തു. കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമുണ്ട്.
അമിതമായ താരാരാധന നില നിൽക്കുന്ന തെലുങ്ക് സിനിമാ, രാഷ്ട്രീയ ലോകത്ത് സ്ത്രീകൾക്ക് നേരെ പലപ്പോഴും അധിക്ഷേപങ്ങൾ വരാറുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ടോളിവുഡിൽ ഉണ്ടാവുന്നെന്നും വിമർശനമുയരാറുണ്ട്. രേണു ദേശായിയുമായി പിരിഞ്ഞ് 2013 ൽ റഷ്യക്കാരിയായ അന്ന ലെസ്നവയെ പവൻ വിവാഹം ചെയ്തു.
അന്നയ്ക്ക് വേണ്ടിയാണ് രേണുവുമായി പിരിഞ്ഞതെന്ന് രേണുവിന്റെ കമന്റിൽ നിന്നും വ്യക്തമാണ്. തീൻ മാർ എന്ന സിനിമയിൽ പവനിനാെപ്പം അന്ന ചെറിയ വേഷം ചെയ്തിരുന്നു. ഷൂട്ടിനിടെയാണ് ഇവർ അടുത്തത്. രണ്ടാമതൊരു വിവാഹത്തിന് രേണു ദേശായി തയ്യാറായില്ല. അകിര, ആദ്യ എന്നിവരാണ് രേണുവിന്റെയും പവൻ കല്യാണിന്റെയും മക്കൾ.


Click it and Unblock the Notifications











