എന്തിനാണ് പിരിയുന്നതെന്ന് അച്ഛനോടും അമ്മയോടും ചോദിച്ചു; അവർ പറഞ്ഞപ്പോഴാണ് മനസിലായത്; സുമയുടെ മകൻ
തെലുങ്ക് സിനിമാ ലോകത്തെ ജനപ്രിയ താരമാണ് സുമ കനകല. നടിയെന്നതിനൊപ്പം തെലുങ്കിൽ ഏറ്റവും വിലപിടിപ്പുള്ള അവതാരകരിൽ ഒരാളുമാണ് സുമ കനകല. അവാർഡ് ഷോകളിലും സിനിമകളുടെ പ്രൊമോഷണൽ ഇവന്റുകളും സ്ഥിര സാന്നിധ്യമായി സുമ കനകല ഉണ്ടാകാറുണ്ട്. തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയാണെങ്കിലും സുമ യഥാർത്ഥത്തിൽ മലയാളിയാണ്. പാലാക്കാട് സ്വദേശികളാണ് സുമയുടെ അച്ഛൻ പ്രണവി നാരായണൻ കുട്ടി നായരും അമ്മ വിമലയും.
റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛന് സ്ഥലം ഇന്നത്തെ തെലങ്കാനയിലേക്ക് മാറ്റം കിട്ടിയതോടെ കുടുംബം ഇങ്ങോട്ടേക്ക് മാറുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകളാണ് സുമ. ഇപ്പോഴും മലയാള ഭാഷ സുമ മറന്നിട്ടില്ല. അഭിനയ രംഗത്ത് ഒരുകാലത്ത് സുമ സജീവമായിരുന്നു.

ന്യൂസ് പേപ്പർ ബോയ്, ഓരോ വിളിയും കാതോർത്ത് തുടങ്ങിയ മലയാള സിനിമകളിലും സുമ അഭിനയിച്ചിട്ടുണ്ട്. സിനിമാ കരിയറിന് സുമ വലിയ പ്രാധാന്യം നൽകിയിരുന്നില്ല. നടൻ രാജീവ് കനകലയെയാണ് സുമ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. 1999 ലാണ് ഇരുവരും വിവാഹിതരായത്. റോഷൻ കാർത്തിക് കനകല, സ്നേഹന അശ്വിനി കനകല എന്നീ രണ്ട് മക്കളാണ് സുമയ്ക്കും രാജീവിനും ജനിച്ചത്.
മകൻ റോഷൻ സിനിമാ രംഗത്തേക്ക് കടന്ന് വരാൻ പോകുകയാണ്. റിലീസിന് ഒരുങ്ങുന്ന ബബിൾഗം എന്ന സിനിമയിലൂടെയാണ് റോഷന്റെ അരങ്ങേറ്റം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ റോഷൻ കനകല പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. അച്ഛനും അമ്മയും വിവാഹമോചിതരാകുന്നു എന്ന് ഗോസിപ്പുകൾ വന്നതിനെക്കുറിച്ചാണ് റോഷൻ കനകല സംസാരിച്ചത്. മാതാപിതാക്കൾ വേർപിരിയുകയാണെന്ന വാർത്ത താൻ വിശ്വസിച്ച് പോയെന്ന് റോഷൻ പറയുന്നു.

വാർത്ത കണ്ടപ്പോൾ ആശ്ചര്യം തോന്നി. എന്തിനാണ് നിങ്ങൾ പിരിയുന്നതെന്ന് ചോദിച്ചപ്പോൾ എന്താണ് നീ ഈ പറയുന്നതെന്നാണ് അവർ തിരിച്ച് ചോദിച്ചത്. അപ്പോഴാണ് തനിക്ക് മനസിലായത്. ചിലർ വെറുതെ ഗോസിപ്പുകൾ ഇറക്കുകയാണ്, ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ വഴക്കുകളുണ്ടാകും. അച്ഛനും അമ്മയും സന്തോഷമായി കഴിയുകയാണെന്നും റോഷൻ കാർത്തിക് വ്യക്തമാക്കി.
അഭിനയത്തിൽ താൽപര്യം വന്നതിനെക്കുറിച്ചും റോഷൻ സംസാരിക്കുന്നുണ്ട്. ചെറുപ്പത്തിൽ അമ്മയോടൊപ്പം പരസ്യത്തിൽ അഭിനയിക്കുമായിരുന്നു. ഇതിലൂടെയാണ് ആക്ടിംഗിൽ താൽപര്യം വന്നത്. ബബിൾഗം സിനിമയിൽ തനിക്ക് അവസരം ലഭിച്ചത് ഓഡിഷനിൽ പങ്കെടുത്ത ശേഷമാണെന്നും റോഷൻ കാർത്തിക് വ്യക്തമാക്കി. കുറച്ച് നാളുകൾക്ക് മുമ്പാണ് സുമയും രാജീവും വേർപിരിയുന്നതെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. വാർത്ത സുമ നിഷേധിക്കുകയും ചെയ്തു.
വിവാഹത്തിന് മുമ്പ് സുമയ്ക്ക് മുന്നിൽ രാജീവ് വെച്ച നിബന്ധന നേരത്തെ വാർത്തയായിരുന്നു. സുമ അഭിനയ രംഗത്ത് തുടരുന്നതിൽ രാജീവിന് താൽപര്യമുണ്ടായിരുന്നില്ല. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ അഭിനയ രംഗം വിടണമെന്ന് രാജീവ് ആവശ്യപ്പെട്ടു. എന്നാൽ ഇത് ്ംഗീകരിക്കാൻ സുമ തയ്യാറായില്ല. രാജീവിവുമായി പിണങ്ങിയതോടെ രണ്ട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
പിന്നീട് ബന്ധുക്കൾ ഇവരെ വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു. വിവാഹശേഷമാണ് നടി ആങ്കറിംങ്ങിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ സുമ അവതാരകയായെത്തി. ഇന്ന് തെലുങ്ക് സിനിമകളുടെ ഓഡിയോ ലോഞ്ചിലും മറ്റും സ്ഥിരമായി അവതാരകയായെത്തുന്നതും സുമയാണ്. രസകകരമായി സംസാരിക്കുന്ന സുമ ഏവർക്കും പ്രിയങ്കരിയാണ്.


Click it and Unblock the Notifications











