വിവാഹ മോചനം നേടിയെത്തിയ ഭാര്യ, മകളെ ദത്തെടുത്തു; അധികമാരുമറിയാത്ത രാജമൗലിയുടെ ജീവിതം
ഹോളിവുഡിൽ വരെ ഡിമാന്റുള്ള സംവിധായകനായി മാറിയിരിക്കുകയാണ് രാജമൗലി. തെലുങ്ക് സിനിമാ മേഖലയെ ഇന്നത്തെ പ്രശസ്തിയിലേക്കെത്തിക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചു.
ഇന്ത്യയിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാരാണെന്ന് ചോദിച്ചാൽ ആദ്യം വരുന്ന പേര് എസ്എസ് രാജമൗലിയുടേതായിരിക്കും. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച രാജമൗലി ഇന്ന് ആർആർആർ എന്ന സിനിമയിലൂടെ ആഗോള തലത്തിൽ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ആർആർആറിന് ലഭിച്ചു. ഓസ്കാറിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളിൽ ആർആർആർ പ്രശംസ നേടി.
എന്നും വ്യത്യസ്തമായ ആശയങ്ങൾ വൻ ദൃശ്യ വിരുന്നായി ഒരുക്കുന്നതാണ് രാജമൗലിയുടെ സംവിധാന രീതി. ഈഗ ഉൾപ്പെടെയുള്ള സിനിമകളിലൂടെ നേരത്തെ തന്നെ രാജമൗലി ഈ മികവ് തെളിയിച്ചതാണ്. തെലുങ്ക് സിനിമാ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞ ഏക സംവിധായകൻ രാജമൗലിയാണ്.

തെലുങ്ക് ഭാഷയിലും തെന്നിന്ത്യൻ പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്ന രാജമൗലി ഇത് പല വേദികളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ആർആർആർ ബോളിവുഡ് സിനിമയല്ല തെലുങ്ക് സിനിമയാണെന്ന് പല തവണ സംവിധായകൻ ആവർത്തിക്കുകയും ചെയ്തു. കരിയറിനപ്പുറം രാജമൗലിയുടെ വ്യക്തി ജീവിതത്തെ പറ്റി അധികമാർക്കും അറിയില്ല.
2001 ലായിരുന്നു രാജമൗലിയുടെ വിവാഹം. രമ രാജമൗലിയെന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. രമയുടെ രണ്ടാം വിവാഹമായിരുനനു ഇത്. എസ്എസ് കാർത്തികേയ എന്ന മകനും ഈ ബന്ധത്തിലുണ്ട്. എസ്എസ് മയൂഖ എന്ന മകളാണ് രാജമൗലിക്കും രമയ്ക്കുമുള്ളത്. ഈ മകളെ ദത്തെടുത്തതാണ്. രണ്ട് മക്കളും രാജമൗലിയുടെയും രമയുടെയും കൂടെയാണുള്ളത്.
സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ് രമ. മ്യൂസിക് ഡയരക്ടർ എംഎം കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനിയത്തിയുമാണ് രമ. നിരവധി സിനിമകളിൽ രാജമൗലി അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കാലത്താണ് രമയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും. 2000 ത്തിലാണത്രെ രമയും ആദ്യ ഭർത്താവും വേർപിരിയുന്നത്.
കോടതി ഉത്തരവ് പ്രകാരം മകനെ രമയ്ക്കൊപ്പം വീട്ടു. പ്രതിസന്ധി ഘട്ടത്തിൽ രാജമൗലിയുടെ പിന്തുണ ഇവർക്ക് ലഭിച്ചു. രമയോട് തനിക്ക് പ്രണയമാണെന്ന്
തിരിച്ചറിഞ്ഞ രാജമൗലി അവരെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. പിന്നാലെ അധികമാരെയും അറിയിക്കാതെ വിവാഹവും നടന്നു.

രാജമൗലിയുടെ കരിയറിലും രമ രാജമൗലിയുടെ പിന്തുണയുണ്ട്. ഒരിക്കൽ തന്റെ ഒരു സിനിമയിലേക്ക് കോസ്റ്റ്യൂം ഡിസൈനർ ചെയ്ത വസ്ത്രങ്ങളിൽ രാജമൗലിക്ക് സംതൃപ്തി തോന്നിയില്ല. നിരാശനായിരുന്ന രാജമൗലിയെ രമ സഹായിച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ ഭാര്യ കോസ്റ്റ്യൂം ഡിസൈനറായി. ഇതേക്കുറിച്ച് രാജമൗലി മുന്നേ സംസാരിച്ചിരുന്നു, സ്വന്തം ആഗ്രഹം കൊണ്ടല്ല ഭാര്യ കോസ്റ്റ്യൂം ഡിസൈനറായത്.
മറിച്ച് തന്റെ ഭർത്താവിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ദത്തെടുത്ത മകളുമായി വലിയ ആത്മബന്ധം രാജമൗലിക്കുണ്ട്. ബാഹുബലിയിൽ ചെറിയൊരു സീനിൽ മകൾ മയൂഖ അഭിനയിച്ചിട്ടുണ്ട്. മയൂഖ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് മുമ്പൊരിക്കൽ രാജമൗലി പറഞ്ഞിട്ടുണ്ട്. മകൻ എസ് എസ് കാർത്തികേയയും സിനിമാ രംഗത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്.
ബോളിവുഡ്, ഹോളിവുഡ് നിർമാണ കമ്പനികൾ വരെ ഇന്ന് രാജമൗലിയെ വെച്ച് സിനിമ ചെയ്യാൻ കാത്തിരിക്കുകയാണ്. തിയറ്ററുകളിൽ നിന്നും ജനങ്ങൾ അകന്ന് ഒടിടിയിലേക്ക് മാറുന്ന കാലത്തും രാജമൗലി സിനിമകളെ അതൊന്നും ബാധിച്ചിട്ടില്ല. അന്നും ഇന്നും രാജമൗലി സിനിമകൾ തിയറ്ററുകളിൽ ആഘോഷമാവുന്നു. അതേ സമയം ലോജിക്കിന്റെ വലിയ അഭാവം രാജമൗലിയുടെ സിനിമകളിലുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


Click it and Unblock the Notifications











