പിരിഞ്ഞ ശേഷം വളർത്ത് നായയിൽ പോലും ധാരണയായവരാണ്; ഒരു ഫ്ലാറ്റിന് വേണ്ടി വഴക്കിടുമോ?; അഭ്യൂഹങ്ങൾ
നാഗ ചൈതന്യ ശോഭിത വിവാഹമാണ് ആരാധകർക്കിടയിൽ ഇപ്പോൾ പ്രധാന ചർച്ച. വിവാഹത്തിന്റെ മുന്നോടിയായുള്ള പരമ്പരാഗത ചടങ്ങുകളിൽ ചിലത് കഴിഞ്ഞ ദിവസം നടന്നു. ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന വിവരം. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്ത റുത്ത് പ്രഭുവായിരുന്നു മുൻ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. ഇന്നും ഈ വിവാഹ മോചനം ടോളിവുഡിൽ ചർച്ചയാകാറുണ്ട്. നടൻ രണ്ടാമത് വിവാഹിതനാകാനിരിക്കെ ഇക്കാര്യം ഒന്നുകൂടി ജനശ്രദ്ധ നേടുന്നു.
പല ഗോസിപ്പുകളും ഇവർ പിരിഞ്ഞതിനെക്കുറിച്ച് പ്രചരിച്ചിട്ടുണ്ട്. സമാന്ത കരിയറിൽ മുന്നേറിയതും പിന്നീട് ഇവർക്കിടയിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളും ബന്ധത്തെ ബാധിച്ചെന്നാണ് വിവരം. ആഘോഷപൂർവമാണ് ഇവരുടെ വിവാഹം നടന്നത്. പിരിഞ്ഞപ്പോൾ വലിയ തുക നാഗ ചൈതന്യയുടെ കുടുംബം ജീവനാംശമായി നൽകാൻ തയ്യാറായതുമാണ്.

എന്നാൽ സമാന്ത ഇത് സ്വീകരിച്ചില്ല. ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് ടോളിവുഡ് സിനിമാ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില അഭ്യൂഹങ്ങളാണ് ചർച്ചയാകുന്നത്. വിവാഹിതരായിരുന്ന കാലത്ത് സമാന്തയും നാഗ ചൈതന്യയും ഒരുമിച്ച് ഫ്ലാറ്റ് വാങ്ങിയിരുന്നു. എന്നാൽ പിരിഞ്ഞ ശേഷം ഈ ഫ്ലാറ്റുള്ളത് നാഗ ചൈതന്യയുടെ പക്കലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാഹ ശേഷം ശോഭിതയ്ക്കാെപ്പം ഈ ഫ്ലാറ്റിലേക്ക് താമസം മാറാനാണ് നടൻ ഉദ്ദേശിക്കുന്നത്. എന്നാൽ ശോഭിത ഇതിന് തയ്യാറല്ലെന്നും അഭ്യൂഹമുണ്ട്.
മുൻ ഭാര്യയുടെ ഓർമകളുള്ള ഫ്ലാറ്റ് വേണ്ടെന്നാണ് ശോഭിതയുടെ തീരുമാനം. അതേസമയം ഫ്ലാറ്റിന് വേണ്ടി സമാന്ത നിയമപരമായി മുന്നോട്ട് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും ഏറെ ആഗ്രഹിച്ച് പണിത ഫ്ലാറ്റാണിത്. ഫ്ലാറ്റിനായി വലിയ തുക സമാന്തയും നൽകിയിട്ടുണ്ട്. ഇതിനാലാണ് നടി നിയമപരമായി മുന്നോട്ട് നീങ്ങുന്നതെന്നും തെലുങ്ക് മാധ്യമങ്ങളിൽ പറയുന്നു.

അതേസമയം ഇങ്ങനെയൊരു സാഹചര്യത്തിന് ഒരിക്കലും സാധ്യതയില്ലെന്നാണ് ആരാധകർ പറയുന്നത്. ഒരു ഫ്ലാറ്റിന് വേണ്ടി ഒരിക്കലും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയില്ല. കോടികളുടെ ആസ്തിയുള്ളവരാണ് സമാന്തയും നാഗ ചൈതന്യയും. നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന ടോളിവുഡിലെ ഏറ്റവും ധനികനായ നടൻമാരിൽ ഒരാളാണ്. അമ്മ ലക്ഷ്മി ദഗുബതി ടോളിവുഡിലെ പ്രബല സിനിമാ കുടുംബത്തിലെ അംഗവും.
സമാന്തയാണെങ്കിൽ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിൽ ഒരാൾ. ഫ്ലാറ്റിന്റെ പേരിൽ ഇവർ തമ്മിൽ പ്രശ്നമുണ്ടാകാനും കേസിന് പോകാനും താരങ്ങൾ തയ്യാറാകില്ലെന്ന് ഉറപ്പാണ്. മാത്രവുമല്ല. രമ്യമായാണ് ഇവർ പിരിഞ്ഞത്. പിരിഞ്ഞ ശേഷം വളർത്ത് നായ ഹാഷിനെ പോലും ഇവർ ഒരുമിച്ചാണ് വളർത്തുന്നത്. ഇടയ്ക്ക് ഹാഷ് സമാന്തയ്ക്കൊപ്പമാണ് ഉണ്ടാവാറ്. ഇടയ്ക്ക് നാഗ ചൈതന്യ കൊണ്ട് പോകും. വിവാഹ മോചനത്തിന് ശേഷം പ്രചരിച്ച പല ഗോസിപ്പുകൾക്കെതിരെയും സമാന്ത നേരത്തെ രംഗത്ത് വന്നിട്ടുണ്ട്. കരിയറിലെ തിരക്കുകളിലാണ് സമാന്ത. നടിയുടെ 'സിതാഡെൽ: ഹണി ബണ്ണി' റിലീസിന് ഒരുങ്ങുകയാണ്. വരുൺ ധവാനാണ് സീരീസിലെ നായകൻ.


Click it and Unblock the Notifications