സായി പല്ലവിയുടെ പ്രതിഫലം മൂന്ന് കോടി! ഒരോ സിനിമ കഴിയുംതോറും റെക്കോര്‍ഡ് തുക സ്വന്തമാക്കി നടി
പ്രേമം സിനിമയിലെ മലര്‍ മിസിന് ലഭിച്ച ജനപ്രീതിയാണ് നടി സായ് പല്ലവിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായത്. പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി. പലപ്പോഴും തനിക്ക് ചേരുന്നതും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളുമാണ് സായി തിരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ട് വെക്കാറുണ്ട്.
വളരെ പെട്ടെന്ന് കരിയറില്‍ തിളങ്ങിയ സായി പല്ലവി തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തുക പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ്. ഒരു സിനിമയ്ക്ക് മാത്രം കോടികളാണ് നടിയുടെ പ്രതിഫലം. എന്നാല്‍ സിനിമാപ്രേമികളെ ഞെട്ടിക്കുന്നൊരു തുകയാണ് നടി പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത സിനിമയിലേക്കായി സായി വാങ്ങിക്കുന്ന തുകയുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വീരാട പര്‍വ്വം, ഗാര്‍ഗി എന്നിങ്ങനെ രണ്ട് സിനിമകളാണ് കഴിഞ്ഞ വര്‍ഷം സായിയുടേതായി പുറത്ത് വന്നത്. ഈ സിനിമകള്‍ക്ക് ശേഷം സായി വീണ്ടും സിനിമ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങള്‍ കിട്ടുന്നതിനായി നടി ചെറിയൊരു ഇടവേള എടുക്കുകയും ചെയ്തു. ഇനി ചന്ദു മൊണ്ടേടി സംവിധാനം ചെയ്ത് ഗീതാ ആര്‍ട്സ് 2 ബാനറില്‍ ബണ്ണി വാസു നിര്‍മ്മിക്കുന്ന താണ്ടല്‍ എന്ന ചിത്രമാണ് സായിയുടേതായി വരാനിരിക്കുന്നത്.
ഈ സിനിമയില്‍ നാഗ ചൈതന്യ ഒരു മത്സ്യത്തൊഴിലാളിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ സിനിമയിലെ നായികയാണ് സായി പല്ലവി. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവിയ്ക്ക് ഉയര്‍ന്ന പ്രതിഫലമാണ് നല്‍കുന്നതെന്നാണ് വിവരം. തെലുങ്ക് സിനിമയിലടക്കം താരപദവി നേടിയ നടി വളരെ പെട്ടെന്നാണ് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്.
മുന്‍പ് ഒന്നര കോടിയോളം പ്രതിഫലം വാങ്ങിയിരുന്ന സായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് ശേഷം പ്രതിഫലം ഏകദേശം രണ്ട് കോടിയായി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. നാഗ ചൈതന്യ അഭിനയിക്കുന്ന ചിത്രത്തിന്, അവര്‍ക്ക് മൂന്ന് കോടി രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്, മാത്രമല്ല സിനിമാ വ്യവസായത്തിലെ നടിയുടെ ആവശ്യവും താരമൂല്യവുമാണ് പ്രതിഫലിപ്പിക്കുന്നത്.

പ്രതിഫലത്തോടുള്ള സായ് പല്ലവിയുടെ സമീപനം ഡിമാന്‍ഡ് അടിസ്ഥാനമാക്കി ഉള്ളതാണെന്ന വിവരങ്ങളുമുണ്ട്. നിലവില്‍ സായിയ്ക്ക് ലഭിക്കുന്ന പ്രതിഫലം സ്റ്റാര്‍ ഹീറോകള്‍ക്ക് തുല്യമായിട്ടുള്ളതാണ്. തമിഴ് സിനിമയില്‍ നയന്‍താരയാണ് ഇതിലും വലിയ തുക വാങ്ങിക്കുന്ന മറ്റൊരു നടി. നയന്‍താരയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി കണക്കാക്കപ്പെടുന്നത് പോലെയാണ് തെലുങ്ക് സിനിമയില്‍ സായി പല്ലവിക്ക് ലഭിച്ച ജനപ്രീതി.
സിനിമയുടെ നിര്‍മ്മാണ ചെലവിലെ വര്‍ദ്ധനവ് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിക്കുന്നതിലേക്കും നയിച്ചു. നിലവില്‍ തെലുങ്ക് സിനിമയിലും തമിഴിലുമാണ് സായി പല്ലവി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കര്‍ശന നിബന്ധനകളൊക്കെ ഉണ്ടെങ്കിലും ഏറ്റെടുക്കുന്ന സിനിമകളോട് പ്രതിബദ്ധത കാണിക്കാന്‍ നടി മിടുക്കിയാണ്. മുന്‍പുള്ള സിനിമകളോട് നടി കാണിച്ച സഹകരണം അതിലേറ്റവും ശ്രദ്ധേയമാണ്.
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയാണ് സായി പല്ലവിയുടെ കരിയറില്‍ വഴിത്തിരിവായത്. ഡോക്ടറായിരുന്ന സായി ആദ്യമായി നായികയായിട്ടെത്തിയ ചിത്രമായിരുന്നു പ്രേമം. സിനിമയിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിന് കേരളത്തിലും തെന്നിന്ത്യയിലാകെ വലിയ ജനപ്രീതി ലഭിച്ചു. അവിടുന്നിങ്ങോട്ട് കൈനിറയെ സിനിമകളാണ് നടിയെ തേടി എത്തിയിരുന്നത്. മലയാളത്തിലേക്ക് പിന്നെ കാര്യമായ സിനിമകളൊന്നും ചെയ്തില്ലെങ്കിലും അന്യഭാഷയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരമിപ്പോള്‍.


Click it and Unblock the Notifications











