മുൻ ഭർത്താവിന്റെ കസിൻ; റാണ ഇപ്പോഴും പ്രിയ സുഹൃത്ത്; താര കുടുംബത്തെ പോലും അമ്പരപ്പിക്കുന്ന നടിയുടെ സ്വീകാര്യത
തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി സമാന്ത ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടു. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് തുടങ്ങിയ ഘട്ടങ്ങൾ നടിയെ മാനസികമായി ബാധിച്ചിരുന്നു. എന്നാൽ വിഷമ ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് സാധിച്ചു. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വന്നിട്ടും ഇവയെ സമാന്ത അതിജിവിച്ചത് ഏവരെയും പ്രചോദിപ്പിക്കുന്നു. അതേസമയം വിവാഹ മോചനം സംബന്ധിച്ച് ഇപ്പോഴും നടിയെക്കുറിച്ച് ഗോസിപ്പുകൾ വരുന്നുണ്ട്.
കഴിഞ്ഞ ദിവസം തെലങ്കാന മന്ത്രി കൊണ്ട സുരേഖ നാഗ ചൈതന്യ-സമാന്ത വിവാഹമോചനത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. അടിസ്ഥാന രഹിത ആരോപണത്തിൽ മന്ത്രിക്ക് മാപ്പ് പറയേണ്ടിയും വന്നു. ഇപ്പോഴിതാ സമാന്തയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആലിയ ഭട്ട് നായികയായ ജിഗ്ര എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിന് ഹൈദരാബാദിൽ എത്തിയതായിരുന്നു സമാന്ത.

വളരെ സ്റ്റെെലിഷായി ഇവന്റിനെത്തിയ സമാന്തയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നടൻ റാണ ദഗുബതിയും ഇവന്റിനെത്തിയിരുന്നു. ഇരുവരും കണ്ടപ്പോൾ തന്നെ പരസ്പരം കെട്ടിപ്പിടിച്ച് വിശേഷങ്ങൾ തിരക്കി. സമാന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ കസിനാണ് റാണ ദഗുബതി. വിവാഹമോചനം നേടിയെങ്കിലും നാഗ ചൈതന്യയുടെ ബന്ധുക്കളുമായി സമാന്തയ്ക്ക് ഇപ്പോഴും സൗഹൃദമുണ്ട്.
നാഗ ചൈതന്യയുടെ സഹോദരൻ അഖിൽ അക്കിനേനിക്ക് ഇപ്പോഴും സമാന്ത പിറന്നാൾ ആശംസകൾ അറിയിക്കാറുണ്ട്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മുൻ ഭർത്താവിന്റെ കുടുംബാംഗങ്ങളുമായി സമാന്ത സൗഹൃദം നിലനിർത്തുന്നതിനെ ആരാധകർ അഭിനന്ദിക്കുന്നു.
പ്രി റിലീസ് ഇവന്റിന് സമാന്തയെ പോലൊരു താരം എത്തിയത് ജിഗ്രയ്ക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. ഇവന്റിൽ സമാന്തയ്ക്ക് ലഭിച്ച സ്വീകരണം നടിക്കുള്ള ടോളിവുഡിലുള്ള സ്ഥാനം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്.

ടോളിവുഡിലെ പ്രബല കുടുംബമാണ് നാഗ ചൈതന്യയുടേത്. അച്ഛന്റെ അക്കിനേനി കുടുംബവും അമ്മയുടെ ദഗുബതി കുടുബവും വർഷങ്ങളായി സിനിമാ രംഗത്തുള്ള പ്രബല സാന്നിധ്യങ്ങൾ. താര കുടുംബത്തിൽ നിന്നും പുറത്ത് വന്നിട്ടും ടോളിവുഡിലെ സൂപ്പർ നായികയായി സമാന്തയ്ക്ക് തുടരാൻ സാധിക്കുന്നു.
തെലുങ്കിലെ പ്രമുഖ സംവിധായകൻ ത്രിവിക്രം ഇവന്റിൽ സമാന്തയെ പ്രശംസിച്ച് സംസാരിച്ചു. രജിനികാന്ത് ഇന്ത്യയിലുടനീളം ആരാധകരുള്ള താരമാണ് സമാന്തയെന്ന് ത്രിവിക്രം പറഞ്ഞു. നടിക്കൊപ്പം മൂന്ന് സിനിമകൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സമാന്തയുടെ ആദ്യ തെലുങ്ക് ചിത്രം ഇറങ്ങിയ സമയത്ത് നടൻ അല്ലു അർജുൻ സമാന്തയുടെ ആരാധകനായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
മുൻ ഭർത്താവ് നാഗ ചൈതന്യയേക്കാൾ മുകളിലാണ് ഇന്ന് സമാന്തയ്ക്ക് ടോളിവുഡിലുള്ള സ്വീകാര്യതയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെയാണ് നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications











