കണ്ണിന് വരെ ഇഞ്ചക്ഷൻ; എട്ട് മാസമനുഭവിച്ച വേദന; ഗ്ലാസ് വെക്കുന്നതിന് കാരണമുണ്ട്; സമാന്ത
തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് ബോക്സ് ഓഫീസ് മൂല്യമുള്ള ചുരുക്കം നായികമാരിലൊരാളാണ് സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന സമാന്തയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. പൊതുവെ നായികമാർ അധിക കാലം വാഴാത്ത തെലുങ്ക് സിനിമാ മേഖലയിലാണ് സമാന്ത തന്റെ സ്ഥാനം ഉറപ്പിച്ചതെന്നും ശ്രദ്ധേയമാണ്. തുടക്ക കാലത്ത് സൂപ്പർ സ്റ്റാർ സിനിമകളിൽ വന്ന് പോവുന്ന നായിക നടി മാത്രമായിരുന്നു സമാന്ത.
എന്നാൽ പിന്നീട് വ്യത്യസ്തമായ വേഷങ്ങളിലൂടെ മികച്ച നടി എന്ന പേര് സമാന്ത സ്വന്തമാക്കി. സൂപ്പർ ഡീലക്സ്, ഓ ബേബി തുടങ്ങിയ സിനിമകളിലെ പ്രകടനം ഇതിന് കാരണമായി. കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് സിനിമാ അഭിനയം താൻ ഗൗരവത്തിലെടുത്തതെന്ന് സമാന്ത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധികൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനമുണ്ടാക്കിയ മാനസികാഘാതം മാറുന്നതിനിടെയാണ് മയോസിറ്റിസ് എന്ന അസുഖം സമാന്തയ്ക്ക് ബാധിച്ചത്.
പേശികളെ ബാധിക്കുന്ന ഈ ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണിത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ അസുഖത്തെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് സമാന്ത. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ മയോസിറ്റിസ് തന്നെ എന്നെ ബാധിച്ചു എന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സാമന്ത. അസുഖം തന്നെ മാനസികമായും ശാരീരികമായും തളർത്തിയ ഘട്ടത്തെക്കുറിച്ച് സമാന്ത തുറന്ന് പറഞ്ഞു.

എന്തുകൊണ്ടാണ് എനിക്കീ പ്രശ്നങ്ങൾ വരുന്നതെന്ന് ഞാൻ ചോദിച്ചിട്ടില്ല. കാരണം അങ്ങനെയെങ്കിൽ മറ്റ് നല്ല കാര്യങ്ങളും എനിക്ക് വന്നതെന്തെന്ന് ചോദിക്കേണ്ടി വരും. നമ്മുടെ മോശം സമയത്താണ് കുറേ കാര്യങ്ങൾ പഠിക്കുക. മുമ്പ് ഞാൻ എല്ലാത്തിലും പെർഫെക്ഷൻ നോക്കിയിരുന്നു. എന്നെ സ്വയം അംഗീകരിക്കാൻ തയ്യാറായില്ല. കാഴ്ചയിൽ നന്നാവാൻ ശ്രമിച്ച് കൊണ്ടിരുന്നു. പക്ഷെ ഈ അസുഖം വന്നപ്പോൾ അതൊന്നും എന്റെ നിയന്ത്രണത്തിലല്ലാതായി.
മരുന്നുകളുടെ സൈഡ് എഫക്ടുകൾ, ചില ദിവസങ്ങൾ തടിക്കും, ചിലപ്പോൾ സുഖമുണ്ടാവില്ല. എല്ലാ ദിവസവും കണ്ണിനുൾപ്പെടെർ ഇഞ്ചക്ഷനുകൾ. എല്ലാ ദിവസവും എനിക്കീ വേദനയിലൂടെ കടന്ന് പോവേണ്ടി വന്നു. എനിക്ക് ലൈറ്റ് സെൻസിറ്റീവാണ്. അതിനാലാണ് കണ്ണട ധരിക്കുന്നത്. സ്റ്റെെലിന് വേണ്ടിയല്ല. കടുത്ത മെെഗ്രേയ്ൻ ഉണ്ടായിരുന്നു. കണ്ണിന് വേദനയും. ഒരു അഭിനേതാവിനെ സംബന്ധിച്ച് നടക്കാവുന്ന മോശം കാര്യങ്ങളാണ് എനിക്കുണ്ടായത്.

കഴിഞ്ഞ എട്ട് മാസം എല്ലാ ദിവസവും എനിക്കുണ്ടായത്, സമാന്ത പറഞ്ഞു. ശാകുന്തളം, യശോദ എന്നീ സിനിമകൾക്കിടെയല്ല മയോസിറ്റിസ് ബാധിച്ചതെന്നും സമാന്ത വ്യക്തമാക്കി. ശകുന്തള-ദുഷ്യന്തൻ പ്രണയ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. സിനിമ റിലീസിനൊരുങ്ങുകയാണ്. മലയാളിയായ ദേവ് മോഹനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. ശാകുന്തളം, ഖുശി എന്നിവയാണ് സമാന്തയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ടുകൾ.
പ്രതിസന്ധികൾ മറകടന്ന് മുന്നോട്ട് പോവുന്ന സമാന്തയ്ക്ക് ആരാധകരുടെ വലിയ പിന്തുണയുണ്ട്. ഫാമിലി മാൻ എന്ന സീരീസിന് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തയാണ് സമാന്ത. രാജി എന്ന കഥാപാത്രത്തെയാണ് സീരീസിൽ സമാന്ത അവതരിപ്പിച്ചത്. ഇതിലെ സംഘട്ടന രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയായിരുന്നു ചെയ്തത്. ഇത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സമാന്തയ്ക്ക് പ്രതിസന്ധികൾ വന്നത്. എന്നാൽ കരിയറിനെ ഇത് ബാധിക്കാതിരിക്കാൻ നടി ശ്രദ്ധിച്ചു.


Click it and Unblock the Notifications