എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയില്ല; ഒടുവിൽ വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി സമാന്ത
തെന്നിന്ത്യൻ താര സുന്ദരി സമാന്തയ്ക്ക് കരിയറിലെ കുതിച്ച് ചാട്ടത്തിനിടെ ജീവിതത്തിൽ നേരിടേണ്ടി വന്നത് അപ്രതീക്ഷിത വെല്ലുവിളികളാണ്. പ്രണയിച്ച് വിവാഹം ചെയ്ത നാഗ ചൈതന്യയുമായി പിരിയേണ്ടി വന്നത്, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് തുടങ്ങി പല പ്രതിബന്ധങ്ങൾ സമാന്ത അഭിമുഖീകരിച്ചു. മാനസികമായി തകർന്ന് പോയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കാൻ നടിക്ക് സാധിച്ചു. മയോസിറ്റിസിന്റെ ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി മാറി നിൽക്കുകയാണ് നടി.
അതേസമയം ഷോകളിലും മറ്റും സാന്നിധ്യം അറിയിക്കാറുണ്ട്. 2021 ലാണ് സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നത്. വിവാഹമോചനം ഇന്നും ചർച്ചയാകാറുണ്ട്. പിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. പല അഭ്യൂഹങ്ങളും ഇതേക്കുറിച്ച് വന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് സമാന്ത പറഞ്ഞ കാര്യം ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു നടി.

ജീവിതത്തിൽ പഠിച്ച വലിയൊരു പാഠവും ഇപ്പോൾ ആലോചിച്ച് ചിരിക്കുന്ന പിഴവും എന്തെന്ന ചോദ്യത്തിന് നടി മറുപടി നൽകി. ഏറ്റവും വലിയ തെറ്റ് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാൻ പറ്റാഞ്ഞതാണ്. അവ ആ സമയത്ത് എനിക്കുള്ള പങ്കാളിയാൽ സ്വാധീനിക്കപ്പെട്ടിരുന്നു. ഏറ്റവും മോശം സാഹചര്യത്തിലും വിലയേറിയ പാഠം പഠിക്കാനാണ്ടുണ്ടെന്നാണ് താൻ മനസിലാക്കിയതെന്നും സമാന്ത വ്യക്തമാക്കി.
വിവാഹമോചനത്തിന് ശേഷം സമാന്തയോ നാഗ ചൈതന്യയോ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. സമാന്ത തന്റെ മികച്ച ഓൺ സ്ക്രീൻ ജോഡിയാണെന്ന് ഡിവോഴ്സിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ നാഗ ചൈതന്യ തുറന്ന് പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ സമാന്തയുടെ കരിയറിലുണ്ടായ തിരക്കും വളർച്ചയും വിവാഹബന്ധത്തെ ബാധിച്ചിട്ടുണ്ട്.

ഫാമിലി മാൻ എന്ന സീരീസ് ഉൾപ്പെടെ തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയായിരുന്നു സമാന്ത. മറുവശത്ത് നാഗ ചൈതന്യയ്ക്ക് തുടരെ പരാജയ സിനിമകളായിരുന്നു. സിനിമകളുടെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങിയതായിരുന്നു സമാന്ത. എന്നാൽ ഇതിനിടെയാണ് അസ്വാരസ്യങ്ങൾ കൂടിയത്. യെ മായ ചെസവ എന്ന സിനിമയിലാണ് സമാന്തയും നാഗ ചൈതന്യയും ആദ്യമായി അഭിനയിക്കുന്നത്.
അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ടോളിവുഡിലെ പ്രബല കുടുംബത്തിലെ അംഗമാണ് നാഗ ചൈതന്യ. സൂപ്പർതാരം നാഗാർജുനയുടെ മകൻ. വിവാഹബന്ധം പിരിയുന്ന സമയത്ത് നടിക്ക് വലിയ തുക നാഗാർജുന ജീവനാംശമായി വാഗ്ദാനം ചെയ്തതാണ്. എന്നാൽ നടി ഇത് വേണ്ടെന്ന് വെച്ചു.
കരിയറിലെ തിരക്കുകളിലേക്ക് കടന്ന സമാന്ത പിന്നീട് സിനിമകളിൽ പൂർണ ശ്രദ്ധ നൽകി. മറുവശത്ത് നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു. ഇരുവരും ഡേറ്റിംഗിലാണെന്ന് കുറച്ച് നാളുകൾക്ക് മുമ്പാണ് വാർത്തകൾ വന്നത്. സമാന്തയും നാഗ ചൈതന്യയും രണ്ട് വഴിക്ക് പിരിഞ്ഞതിൽ ആരാധകർക്കും നിരാശയുണ്ട്. ടോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്ന ഇവർ ജീവിതത്തിലും സന്തോഷിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്.


Click it and Unblock the Notifications