പിരിഞ്ഞപ്പോൾ ഏറെ വേദനിച്ചു, പകരം വീട്ടിയതല്ല ഞാൻ; ജീവിതം കീഴ്മേൽ മറിഞ്ഞ എട്ട് മാസങ്ങൾ...; സമാന്ത
ജീവിതത്തിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിച്ച വ്യക്തിയാണ് നടി സമാന്ത. വിവാഹമോചനത്തിന് പിന്നാലെയാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയ ബാധിക്കുന്നത്. ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ചും മയോസിറ്റിസ് ബാധിച്ചതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. എല്ലാം പ്രശ്നങ്ങളെയും നേരിട്ട് തനിക്കിവിടെ വരെ എത്താനായെന്നും പഴയ സമാന്തയല്ല താൻ ഇന്നെന്നും നടി വ്യക്തമാക്കി.
വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ തന്നെക്കുറിച്ച് തെറ്റായ പല പ്രചരണങ്ങളും നടന്നെന്ന് സമാന്ത പറയുന്നു. അവയൊന്നും സത്യമായിരുന്നില്ല. തുടക്കത്തിൽ അവ ബാധിച്ചെങ്കിലും പിന്നീട് താനിത് കാര്യമാക്കിയില്ലെന്ന് സമാന്ത പറയുന്നു. പുരുഷൻമാരുടെ കാര്യം എനിക്കറിയില്ല. ഞാൻ പുരുഷനല്ല. ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്ന് പോകുമ്പോൾ ഒരുപാട് അധിക്ഷേപം വരും. സെക്കന്റ് ഹാന്റ്, ഉപയോഗിക്കപ്പെട്ടത്, ജീവിതം നശിപ്പിച്ചു എന്നിങ്ങനെ ഒരുപാട് കമന്റുകൾ വന്നു.

പരാജയമെന്ന് തോന്നിക്കുന്ന ഒരു മൂലയിലേക്ക് ഒതുക്കാൻ നോക്കും. അത് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് സമാന്ത പറയുന്നു. വിവാഹ വസ്ത്രത്തിൽ മാറ്റങ്ങൾ വരുത്തി വീണ്ടും ഉപയോഗിച്ചതിനെക്കുറിച്ചും സമാന്ത സംസാരിച്ചു. വേർപിരിയുമ്പോൾ കടുത്ത വേദന തോന്നി. പിന്നീട് അത് ഉൾക്കൊണ്ടു. ഞാൻ വിവാഹമോചിതയാണ് കാര്യങ്ങൾ ഫെയറി ടെയിൽ പോലെയല്ല എന്ന് സ്വയം ഉൾക്കൊണ്ടു. എന്നാൽ അതിനർത്ഥം ഒരു മൂലയിലിരുന്ന് കരയണം എന്നോ വീണ്ടും ജീവിക്കാനുള്ള ധൈര്യം കാണിക്കരുതെന്നോ അല്ല.
ഞാൻ പ്രതികാരമായല്ല അത് ചെയ്തത്. ഇങ്ങനെ സംഭവിച്ചു. എന്നാൽ അതിനർത്ഥം എന്റെ ജീവിതം അവസാനിച്ചു എന്നല്ല. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ഒരുപാട് വളർന്നു. മികച്ച വർക്കുകൾ ചെയ്യുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നോക്കുകയാണ് താനിപ്പോഴെന്നും സമാന്ത വ്യക്തമാക്കി. മയോസിറ്റിസ് സ്ഥിരീകരിച്ച നാളുകളെക്കുറിച്ചും സമാന്ത സംസാരിച്ചു.

കോഫി വിത്ത് കരൺ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ഹൈദരബാദിലേക്ക് തിരിച്ച് പോകുകയായിരുന്നു. ബിസിനസ് പാർട്ണർ ഹിമാങ്ക് ഒപ്പമുണ്ട്. അതിന് മുമ്പുള്ള എട്ട് മാസം വളരെ കഠിനമായിരുന്നു. വേർപിരിയലിന് ശേഷം എന്റെ ലോകം കീഴ്മേൽ മറിഞ്ഞു. എനിക്കിപ്പോൾ ശാന്തത തോന്നുന്നു, വീണ്ടും വർക്ക് ചെയ്യാൻ താൻ തയ്യാറാണെന്ന് ഹിമാങ്കിനോട് പറഞ്ഞു.
അടുത്ത ദിവസം ഖുശി സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എനിക്ക് കടുത്ത ക്ഷീണം തോന്നി. ശരീരത്തിന്റെ പ്രവർത്തനം നിലച്ചത് പോലെ. എന്താണെന്ന് മനസിലാക്കാൻ സമയമെടുത്തു. വളരെ ഡാർക്കായ ഒരു ഘട്ടത്തിലേക്ക് ഞാൻ പോയി. താൻ വിശ്വസിക്കുന്ന ലിംഗഭൈരവി ദേവിയാണ് തനിക്ക് ആ ഘട്ടത്തിൽ പ്രത്യാശ നൽകിയതെന്നും സമാന്ത തുറന്ന് പറഞ്ഞു.
ദിവസവും ദേവിക്ക് മുന്നിൽ ധ്യാനമിരുന്നു. ചിലപ്പോൾ രണ്ട് മണിക്കൂറോളം ധ്യാനം ചെയ്തു. ഓരോ ദിവസം കഴിയുമ്പോഴും മനസിൽ പ്രത്യാശ വന്നു. മനക്കരുത്തിന് എന്റെയുള്ളിലേക്ക് നോക്കി. പുറത്ത് നിന്നും തേടിയില്ല. എപ്പോൾ ഇത് വിട്ടുമാറുമെന്ന് ഡോക്ടർമാരോട് തുടരെ ചോദിക്കാതായി.
എന്തുകാെണ്ടിത് സംഭവിക്കുന്നു എന്ന് അമ്മയോട് ചോദിക്കാതായി. ഓരോ അഞ്ച് മിനുട്ടിലും സുഹൃത്തുക്കളെ വിളിച്ച് എനിക്ക് പേടി തോന്നുന്നു എന്ന് പറയാതായി. മുമ്പ് ഇതാണ് ഞാൻ ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ മനസ് ശാന്തമായതോടെ തന്റെ ഉൾക്കരുത്ത് കണ്ടെത്താനായെന്നും സമാന്ത വ്യക്തമാക്കി.


Click it and Unblock the Notifications