മുൻ കാമുകനും ഭർത്താവുമെല്ലാം മറ്റൊരു ജീവിതം നയിക്കുന്നു; അസൂയ തോന്നുന്നുണ്ടോ; സമാന്തയുടെ മറുപടി
ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നടി സമാന്ത കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികൾ വന്നപ്പോഴും ഇവയെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് കഴിഞ്ഞു. സ്വകാര്യ ജീവിതത്തിലും കരിയറിലും ഏറെ സന്തോഷങ്ങളുമായി മുന്നോട്ട് പോയ സമാന്തയ്ക്ക് പിന്നീട് അപ്രതീക്ഷിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നു. വിവാഹ ജീവിതം തകർന്നതായിരുന്നു ആദ്യത്തേക്ക്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് സമാന്തയും നടൻ നാഗ ചൈതന്യയും. 2017 ലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 2021 ഓടെ വിവാഹബന്ധം പിരിഞ്ഞു. മാനസികമായി ഇത് സമാന്തയെ ഏറെ ബാധിച്ചിരുന്നു. വിവാഹ ജീവിതത്തിനായി തന്റെ നൂറ് ശതമാനവും നൽകിയിരുന്നെന്നാണ് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്. വേർപിരിയലിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സമാന്തയെ ബാധിച്ചു. ഇതിനിടെ നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ വിവാഹവും നടന്നു. സമാന്ത ജീവിതത്തിലെ ഏറ്റവും കഠിനകരമായ കാലഘട്ടത്തിലൂടെ കടന്ന് പോകവെയാണ് നാഗ ചൈതന്യ രണ്ടാമത് വിവാഹം ചെയ്തത്. നടിയുടെ ആരാധകർക്ക് ഇത് ഉൾക്കൊള്ളാനായില്ല. കുറ്റപ്പെടുത്തലുകളാണ് നാഗ ചൈതന്യക്കും ശോഭിതയ്ക്കും വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ നേരിട്ടത്.
ഇപ്പോഴിതാ മുൻ പങ്കാളികളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് പുതിയ അഭിമുഖത്തിൽ സമാന്ത. എക്സുകൾ മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകുന്നതിൽ അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സമാന്ത മറുപടി നൽകി. ഞാൻ പൂർണമായും അകന്ന് നിൽക്കുന്ന സ്വഭാവം അസൂയയാണ്. അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകാൻ ഞാൻ അനുവദിക്കുന്നില്ല. എല്ലാ തിന്മകളുടെയും മൂല കാരണം അസൂയയാണെന്ന് ഞാൻ കരുതുന്നു. മറ്റൊന്നും കുഴപ്പമല്ല. പക്ഷെ അസൂയ പോലെ അനാരോഗ്യകരമായ ഒന്നിന് തന്റെയുള്ളിൽ ഇടമില്ലെന്നും സമാന്ത വ്യക്തമാക്കി.

നാഗ ചൈതന്യയുമായി അടുക്കുന്നതിന് മുമ്പ് നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു സമാന്ത. സിദ്ധാർത്ഥും ഇന്ന് നടി അദിതി റാവുവിനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്. ആക്ടറായിരിക്കുമ്പോൾ തോന്നുന്ന ഇൻസെക്യൂരിറ്റികളെക്കുറിച്ചും സമാന്ത സംസാരിച്ചു. പകുതി സമയവും സ്യൂട്ട്കേസുമായാണ് ജീവിതം. ഒരു ഹോട്ടൽ റൂമിൽ നിന്നും അടുത്ത ഹോട്ടൽ റൂമിലേക്ക്. അത് വളരെ ഒറ്റപ്പെടൽ തോന്നിപ്പിക്കും. ഈ ജോലി നമ്മുടെ ഏറ്റവും മോശം ഇൻസെക്യൂരിറ്റികളെ വളർത്തുമെന്നും സമാന്ത പറയുന്നു.
സിതാഡെൽ ഹണി ബണ്ണി എന്ന സീരീസിലാണ് സമാന്തയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വരുൺ ധവാനായിരുന്നു നായകൻ. തിരക്ക് പിടിച്ച് സമാന്ത ഇന്ന് പ്രൊജക്ടുകൾ ചെയ്യുന്നില്ല. ശ്രദ്ധാപൂർവമാണ് സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യുന്നത്. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് സമാന്തയെ മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിക്കുന്നത്. ചില ഓഫറുകൾ നടി വേണ്ടെന്ന് വെച്ചു. എന്നാൽ സിതാഡെൽ ചെയ്യാൻ തയ്യാറായി. സമാന്തയുടെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് നാഗ ചൈതന്യയും കരിയറിലെ തിരക്കുകളിലാണ്.


Click it and Unblock the Notifications