പാർട്ടിയിൽ ഒരു ഗ്ലാസ് വൈൻ പോലും മുഴുവൻ കഴിക്കില്ല; ഞാൻ ഞെട്ടി; സൗഹൃദം പങ്കിട്ട് സമാന്തയും വിജയും
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ കരിയർ ഗ്രാഫ് മാറി മാറിഞ്ഞ താരമാണ് വിജയ് ദേവരകൊണ്ട. കുടുംബ വാഴ്ച നടമാടുന്ന ടോളിവുഡിൽ കാര്യമായ പിൻബലമില്ലാതെ വിജയ് ദേവരകൊണ്ടയ്ക്ക് ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. ഇന്ന് തെലുങ്കിലെ യൂത്ത് ഐക്കൺ ആണ് താരം. പെട്ടെന്നുള്ള നടന്റെ കുതിച്ചുയരൽ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. അർജുൻ റെഡ്ഡിക്ക് പിന്നീട് പല ഭാഷകളിൽ റീമേക്കുകൾ വന്നെങ്കിലും ഏറ്റവും കൂടുതൽ പ്രശംസ പി
ടിച്ച് പറ്റിയത് വിജയ് ദേവരകൊണ്ടയുടെ പെർഫോമൻസാണ്.
എന്നാൽ ഈ സിനിമ കൊണ്ട് നടന് ചില ദോഷങ്ങളും വന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധതയുടെ പേരിൽ ഏറെ വിമർശനം കേട്ട സിനിമയാണ് അർജുൻ റെഡ്ഡി. വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ സിനിമയുടെ കഥയെ പിന്തുണച്ച് പല വേദികളിൽ വിജയ് ദേവരകൊണ്ട സംസാരിച്ചു. അർജുൻ റെഡ്ഡിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ പൊതുവേദികളിൽ പറഞ്ഞു. ഇതോടെ ടോക്സിക് മാൻ എന്ന പ്രതിഛായ വിജയ് ദേവരകൊണ്ടയ്ക്ക് വന്നു.

എന്നാൽ വിജയ് ദേവരകൊണ്ടയുടെ സ്വഭാവം തീർത്തും വ്യത്യസ്തമാണെന്നാണ് നടി സമാന്ത പറയുന്നത്. ഇരുവരും ഖുശി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷനിൽ സംസാരിക്കുകയിരുന്നു നടി. ഒരു ദുശ്ശീലവും വിജയ് ദേവരകൊണ്ടയ്ക്ക് ഇല്ലെന്ന് മനസ്സിലായപ്പോൾ താൻ ഞെട്ടിപ്പോയെന്ന് സമാന്ത പറയുന്നു.
ഒരു പാർട്ടിയിലാണെങ്കിൽ പോലും ഒരു ഗ്ലാസ് വൈൻ കെെയിലെടുത്ത് പങ്കെടുക്കും. ആ വൈൻ പോലും മുഴുവൻ കുടിക്കില്ല. നാളെ ജിമ്മിൽ പോകണം, ബോഡി ഇങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നടൻ വളരെ കൃത്യത പാലിക്കുമെന്നും സമാന്ത വ്യക്തമാക്കി. ഖുശിയുടെ ഷൂട്ടിംഗിനിടെ അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് സമാന്തയും വിജയ് ദേവരകൊണ്ടയും.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പങ്കാളിയെക്കുറിച്ച് വിജയ് ദേവരകൊണ്ടയ്ക്കുള്ള സങ്കൽപ്പങ്ങളെക്കുറിച്ചും സമാന്ത സംസാരിച്ചു. കുടുംബവുമായി ചേർന്ന് പോകുന്ന പെൺകുട്ടിയെയാണ് നടന് ഇഷ്ടപ്പെടുകയെന്ന് സമാന്ത വ്യക്തമാക്കി.
അടുത്തിടെ സമാന്തയ്ക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നു. ജൂലൈ മാസത്തിലാണ് നടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അറിഞ്ഞത്. അന്ന് ഞാൻ മറ്റൊരു സിനിമയുടെ പ്രൊമോഷനിലായിരുന്നു. അസുഖത്തെക്കുറിച്ച് സംസാരിക്കാൻ സമാന്ത തയ്യാറായിരുന്നില്ല. പരസ്യമായി ഇക്കാര്യം പറയേണ്ടെന്ന് താനും അഭിപ്രായപ്പെട്ടു.
പക്ഷെ ഒരു ഘട്ടമെത്തിയപ്പോൾ ഇതേക്കുറിച്ച് തുറന്ന് പറയേണ്ടതുണ്ടെന്ന് സമാന്തയ്ക്ക് തോന്നി. ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും നടി നിർത്തി. അസുഖം കടുത്തു. സമാന്ത ഒരുപാട് വെല്ലുവിളികളെ ഇതിനകം അഭിമുഖീകരിച്ചെന്നും വിജയ് ദേവരകൊണ്ട ചൂണ്ടിക്കാട്ടി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത്.
കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കിയ ശേഷം ഇടവേളയിലേക്ക് കടന്നിരിക്കുകയാണ് സമാന്ത. അതേസമയം ഖുശിയുടെ പ്രൊമോഷൻ പരിപാടികൾക്ക് താരം എത്തിയിട്ടുണ്ട്. സെപ്റ്റംബറിലാണ് ഖുശി റിലീസ് ചെയ്യുന്നത്. വിജയ് ദേവരകൊണ്ടയും സമാന്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഖുശി. രണ്ട് പേരെ സംബന്ധിച്ചും ഖുശിയുടെ വിജയം കരിയറിൽ അനിവാര്യമാണ്.
സമാന്തയുടെ ഒടുവിൽ റിലീസ് ചെയ്ത ശാകുന്തളം എന്ന സിനിമ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. വിജയ് ദേവരകൊണ്ടയുടെ ലൈഗർ എന്ന സിനിമയും ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ഖുശിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് താരങ്ങൾ.


Click it and Unblock the Notifications