അന്ന് ലക്ഷത്തിൽ നിന്നും കോടികളിലേക്ക്; ഇന്ന് വീണ്ടും ഇരട്ടിച്ചു; സമാന്തയുടെ പ്രതിഫലം ചർച്ചയാകുന്നു
തെന്നിന്ത്യൻ സിനിമാ ലോകത്തെ നായികമാരെക്കുറിച്ചുള്ള പ്രതിച്ഛായ മാറ്റി മറിക്കാൻ കഴിഞ്ഞ നടിയാണ് സമാന്ത. ഫാഷൻ ഐക്കൺ കൂടിയായ സമാന്തയുടെ സ്ക്രിപ്റ്റ് സെലക്ഷൻ വ്യത്യസ്തമാണ്. തുടക്കകാലത്ത് സൂപ്പർസ്റ്റാർ സിനിമകളിലെ നായിക മാത്രമായിരുന്നെങ്കിൽ ഇന്ന് സമാന്ത ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ള നടിയാണ്. കരിയർ പ്ലാനിംഗ് കൃത്യമായി ചെയ്തതാണ് സമാന്തയെ തുണച്ചതെന്ന് പ്രേക്ഷകർ പറയുന്നു.
സൂപ്പർസ്റ്റാറുകളുടെ നായികയായി സിനിമാ ലോകത്ത് ശ്രദ്ധ നേടിയ. സമാന്ത പിന്നീട് ഈ ജനപ്രീതി നിലനിർത്തിക്കൊണ്ട് കരിയറിന്റെ ട്രാക്ക് മാറ്റി. ഫാമിലി മാൻ, സൂപ്പർ ഡീലക്സ്, ഓ ബേബി തുടങ്ങിയ പ്രൊജക്ടുകളിലൂടെ തന്റെ അഭിനയ മികവ് സമാന്ത പുറത്തെടുത്തു. ഫാമിലിമാൻ എന്ന സീരീസിന്റെ വിജയത്തിന് ശേഷം സമാന്തയുടെ ജനപ്രീതി പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്നു.

സമാന്തയുടെ പ്രതിഫലമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. അണിയറയിൽ ഒരുങ്ങുന്ന സിതാഡെൽ എന്ന സീരീസിനായി 10 കോടി രൂപയാണ് സമാന്ത വാങ്ങുന്ന പ്രതിഫലം. കഴിഞ്ഞ കുറച്ച് വർഷങ്ങൾ പരിശോധിച്ചാൽ സമാന്തയുടെ പ്രതിഫലത്തിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് തുടക്ക കാലം മുതൽ നല്ല അവസരങ്ങൾ സമാന്തയെ തേടി വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 75 ലക്ഷം രൂപയാണ് ഒരു സിനിമയ്ക്ക് സമാന്ത വാങ്ങിയ പ്രതിഫലം. കത്തി, മെർസർ തുടങ്ങിയ സിനിമകൾ സമാന്തയെ തമിഴകത്തെ സെൻസേഷനായി മാറ്റി.
2017 ന് ശേഷം സമാന്തയുടെ പ്രതിഫലം കുത്തനെ ഉയരാൻ തുടങ്ങി. മൂന്ന് കോടി രൂപയായാണ് പ്രതിഫലം ഉയർന്നത്. ഇതേ ഗ്രാഫിൽ മുന്നോട്ട് പോകവെയാണ് ഫാമിലിമാൻ രണ്ടാം സീസണിൽ നടി തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്നത്. ഇതോടൊപ്പം പുഷ്പ എന്ന തെലുങ്ക് ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാനും നടി തയ്യാറായി. മിനുട്ടുകൾ മാത്രമുള്ള ഡാൻസ് നമ്പറിനായി അഞ്ച് കോടി രൂപയാണ് സമാന്തം വാങ്ങിയ പ്രതിഫലം. മൂന്ന് കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ് സിതാഡെൽ സീരീസിന് മുമ്പ് സമാന്ത വാങ്ങിയിരുന്ന പ്രതിഫലം.

സിതാഡെലിലൂടെ ഇത് പത്ത് കോടിയിലേക്ക് ഉയർന്നിരിക്കുകയാണ്. അതേസമയം സിനിമകളുടെ ബഡ്ജറ്റും മറ്റും നോക്കി വിട്ടു വീഴ്ചകൾക്കും സമാന്ത തയ്യാറാകാറുണ്ട്. പ്രതിഫലത്തിന്റെയോ മറ്റോ പേരിൽ ഇതുവരെയും സമാന്തയ്ക്കെതിരെ പരാതികളൊന്നും വന്നിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് അരികിൽ സമാന്ത എത്തിയിട്ടുണ്ട്. ഷാരൂഖ് ചിത്രം ജവാനിൽ അഭിനയിക്കാൻ പത്ത് കോടി രൂപയാണ് നയൻതാര വാങ്ങിയ പ്രതിഫലം.
ഖുശിയാണ് സമാന്തയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. വിജയ് ദേവരകൊണ്ട നായകനായ ചിത്രം മികച്ച വിജയം നേടി. സിതാഡെലിന് ശേഷം സമാന്തയുടെ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ബാധിച്ച മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ കാരണം കുറച്ച് നാളത്തേക്ക് സിനിമകളുടെ തിരക്ക് കുറയ്ക്കാനാണ് താരത്തിന്റെ തീരുമാനം.
സിനിമയ്ക്കപ്പുറം ബിസിനസ് രംഗത്തും സമാന്ത സാന്നിധ്യം അറിയിക്കുന്നുണ്ട്. സാകി എന്ന വുമൺ ക്ലോത്തിംഗ് ബ്രാൻഡിന്റെ സഹ ഉടമയാണ് സമാന്ത. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം അടുത്തിടെ പങ്കുവെച്ച തന്റെ വിദേശയാത്രയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications