'സ്ത്രീകളെ കളിയാക്കുന്നതും കരയിപ്പിക്കുന്നതും നിരന്തരമായി'; അല്ലു അർജുന് മുമ്പിൽ ഭാര്യ സ്നേഹ വെച്ച കണ്ടീഷൻ!
മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് അല്ലു അർജുൻ. തെലുങ്ക് സിനിമയെ മലയാളി പ്രേക്ഷകരിലേക്ക് അടുപ്പിച്ചതിൽ അല്ലുവിനോളം പങ്ക് മറ്റാർക്കും ഇല്ലെന്ന് നിസംശയം പറയാം. അല്ലു അർജുൻ സിനിമകൾ യുവ തലമുറയെ ആകർഷിക്കുന്നതിന് പ്രധാന കാരണം നടൻ്റെ ചടുലമായ ഡാൻസ് നമ്പറുകളും തീ പാറുന്ന സംഘട്ടന രംഗങ്ങളുമാണ്. ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതയും യുവജനങ്ങളുടെ പ്രിയ താരമാക്കി അല്ലുവിനെ മാറ്റി. ആര്യയും ഹാപ്പിയുമൊക്കെ ഒരു കാലത്ത് മലയാളികൾക്കിടയിൽ തരംഗമായിരുന്നു.
അല്ലു അർജുൻ സിനിമകളാണ് മൊഴിമാറ്റി എത്തി കേരളത്തിൽ ആദ്യം ഏറ്റവും കൂടുതൽ സൃഷ്ടിച്ചത്. പുഷ്പയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. നടന്റെ സിനിമയായ പുഷ്പ 2വിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അല്ലുവിനെ പോലെ തന്നെ അല്ലുവിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. മകൾ ഇതിനോടകം ബാലതാരമായി സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അല്ലു അർജുന്റേത് പ്രണയ വിവാഹമായിരുന്നു. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. തെലുങ്ക് സിനിമാപ്രേമികൾ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും.
വരൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് താരം വിവാഹിതനായത്. അതുകൊണ്ട് വരൻ സിനിമയിലെ ഹെയർസ്റ്റൈൽ തന്നെയായിരുന്നു വിവാഹ ദിവസവും അല്ലുവിന്. ഒരു നൈറ്റ് പാർട്ടിയിൽ വെച്ചാണ് അല്ലു അർജുൻ ആദ്യമായി ഭാര്യ സ്നേഹ റെഡ്ഡിയെ കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ അല്ലുവിന്റെ മനസിൽ സ്നേഹയുടക്കി.
സ്നേഹയുടെ പെരുമാറ്റവും സംസാര രീതിയുമാണ് ആദ്യ കാഴ്ചയിൽ തന്നെ സ്നേഹയോട് അല്ലുവിന് പ്രണയം തോന്നാൻ കാരണമായത്. പിന്നീട് പലപ്പോഴായി സ്നേഹയെ കാണാനുള്ള ശ്രമങ്ങൾ അല്ലു അർജുൻ നടത്തി. അവസാനം രണ്ടും കൽപ്പിച്ച് അല്ലു അർജുൻ സ്നേഹയോട് പ്രണയം വെളിപ്പെടുത്തിയെങ്കിലും അനുകൂലമായ മറുപടി ഉണ്ടായില്ല.
മറുപടി പറയാതെ സ്നേഹ ഒഴിഞ്ഞ് മാറുകയായിരുന്നു. അല്ലുവിന്റെ സിനിമാ ബാഗ്രൗണ്ടാണ് യെസ് പറയുന്നതിൽ നിന്നും സ്നേഹയെ തടഞ്ഞിരുന്നത്. മറ്റൊരു കാരണം അല്ലു അർജുന്റെ ഒരു സ്വഭാവമായിരുന്നു. പലപ്പോഴായി അല്ലു അർജുനെ കാണാനുള്ള അവസരം ലഭിച്ചിട്ടുള്ളതിനാൽ സ്വഭാവം സ്നേഹ മനസിലാക്കി വെച്ചിരുന്നു. അല്ലുവിന്റെ പരിചയത്തിലും സൗഹൃദ വലയത്തിലും നിരവധി സ്ത്രീകളുണ്ട്.

അവരിൽ ഭൂരിഭാഗം പേരെയും അല്ലു ഒരു ഹോബിയുടെ ഭാഗമായി കളിയാക്കുകയും പ്രാങ്ക് ചെയ്ത് കരയിപ്പിക്കുകയും ചെയ്യുമായിരുന്നത്രെ. അല്ലുവിന്റെ ആ സ്വഭാവം സ്നേഹയ്ക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ അല്ലു അർജുന്റെ പ്രപ്പോസൽ വന്നശേഷം ഒരു കണ്ടീഷൻ സ്നേഹ പറഞ്ഞു. അത് അല്ലു അനുസരിച്ച ശേഷമാണ് സ്നേഹ സമ്മതം പറഞ്ഞത്.
സ്ത്രീകളെ കളിയാക്കുന്നതും കമന്റടിക്കുന്നതും പ്രാങ്ക് ചെയ്യുന്നതും അവസാനിപ്പിക്കണമെന്നതായിരുന്നു സ്നേഹ വെച്ച കണ്ടീഷൻ. സ്നേഹയുടെ നിബന്ധന കേട്ട് മറുത്തൊന്നും ആലോചിക്കാതെ അല്ലു അർജുൻ ആ ശീലം ഉപേക്ഷിച്ചത്രെ. വിവാഹം കഴിഞ്ഞ് പതിമൂന്ന് വർഷം പിന്നിട്ടെങ്കിലും രണ്ട് കുഞ്ഞുങ്ങളെ മാതാപിതാക്കളായിയെങ്കിലും സ്നേഹയും അല്ലുവും ഇന്നും തങ്ങൾക്കുള്ളിലെ പ്രണയം നശിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. വിവാഹശേഷം അല്ലു എവിടെ പോയാലും സ്നേഹയും മക്കളും ഒപ്പമുണ്ടാകും.
പുഷ്പരാജായി വരെ സ്ക്രീനിൽ അല്ലു തിളങ്ങിയെങ്കിലും അന്നും ഇന്നും അല്ലു അർജുനെ ബണ്ണിയെന്നാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ വിളിക്കുന്നത്. അല്ലു അർജുൻ മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും സഹോദരൻ അല്ലു സിരീഷ് മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന മലയാള സിനിമയിലാണ് അല്ലു സിരീഷ് അഭിനയിച്ചിട്ടുള്ളത്. അടുത്തിടെ പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു അർജുന് ലഭിച്ചിരുന്നു.


Click it and Unblock the Notifications