പ്രശാന്തുമായി വഴക്കിട്ടു, എന്തിന് ഈ സിനിമ ചെയ്തെന്ന് അപ്പോൾ തോന്നി; സലാറിനെക്കുറിച്ച് ശ്രിയ റെഡ്ഡി
പുതിയ ചിത്രം സലാറിൽ ശക്തമായ കഥാപാത്രമാണ് നടി ശ്രിയ റെഡ്ഡിക്ക് ലഭിച്ചിരിക്കുന്നത്. മാസ് സീനുകളിൽ തിളങ്ങുന്ന ശ്രിയ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ശ്രിയ. ഇപ്പോഴിതാ സലാറിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശ്രിയ റെഡ്ഡി. പ്രശാന്തിന്റെ വിഷൻ വളരെ ക്ലിയർ ആണ്. അദ്ദേഹം എന്ത് വേണമെന്ന് സ്വയം അറിയാം. നമ്മൾ അത് ചെയ്താൽ മാത്രം മതിയെന്ന് ശ്രിയ റെഡ്ഡി പറയുന്നു.
അങ്ങനെ നോക്കുമ്പോൾ സിംപിൾ ആണ്. പക്ഷെ ഈ പ്രോസസ് കഠിനമാണ്. വായ അധികം തുറന്ന് ഡയലോഗ് പറയാൻ പറ്റില്ല. എനിക്ക് മാത്രമല്ല, സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും അങ്ങനെയാണെന്നും ശ്രിയ റെഡ്ഡി ചൂണ്ടിക്കാട്ടി. പ്രഭാസ് വളരെ സ്വീറ്റാണ്. ഈ ലോകത്ത് അദ്ദേഹം ഇങ്ങനെയിരിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. കാരണം അത്രയും സ്വീറ്റാണ്. ഞങ്ങൾക്ക് ഒരു സീൻ മാത്രമേ ഒരുമിച്ചുള്ളൂ. ഒരുപാട് ഇന്റരാക്ഷൻ ഇല്ല.

ആദ്യം പ്രഭാസിനെ കണ്ടപ്പോൾ നിങ്ങളുടെ സ്ക്രീൻ ടെെമിന്റെ പത്ത് മിനുട്ട് എനിക്ക് വേണമെന്ന് പറഞ്ഞു. നിങ്ങളാണ് ഹീറോ. എല്ലാവരും നിങ്ങളെയാണ് നോക്കുക. പത്ത് മിനുട്ട് സ്ക്രീൻ ടൈം എനിക്ക് തരുന്നത് നിങ്ങളെ ബാധിക്കില്ലെന്നും പറഞ്ഞു. അദ്ദേഹം നടനെന്ന നിലയിൽ വളരെ സെക്യൂർ ആണ്. സ്ക്രീനിൽ ട്രാൻസ്ഫോം ചെയ്യുന്നത് അത്ഭുതരമാണ്. വളരെ കുറച്ച് പേർക്കേ അത് സാധിക്കൂയെന്നും ശ്രിയ റെഡ്ഡി അഭിപ്രായപ്പെട്ടു.
സിനിമയുടെ ആദ്യ പകുതി ലാഗ് ആണെന്ന വിമർശനത്തോടും ശ്രിയ റെഡ്ഡി പ്രതികരിച്ചു. വലിയൊരു കഥയാണ്. ഓരോ കഥാപാത്രങ്ങളുടെയും കണക്ഷനും പശ്ചാത്തലും വിശദീകരിക്കണം. ഇല്ലെങ്കിൽ പ്രേക്ഷകർക്ക് മനസിലാകാൻ ബുദ്ധിമുട്ടാണ്. സലാറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകും. ബാഹുബലിയുടെ ആദ്യ ഭാഗം നിരവധി പേർക്ക് മനസിലായിരുന്നില്ല. രണ്ടാം ഭാഗം വന്നപ്പോൾ എളുപ്പമായി. അത് തന്നെയാണ് കെജിഎഫിനും സംഭവിച്ചതെന്നും ശ്രിയ റെഡ്ഡി വ്യക്തമാക്കി.

സലാറിലെ ഇന്റർവെൽ സമയത്തെ സീനിൽ അഭിനയിച്ചതിന്റെ അനുഭവവും ശ്രിയ റെഡ്ഡി പങ്കുവെച്ചു. ആ സീനിന്റെ ക്രെഡിറ്റ് പ്രശാന്തിനാണ്. അന്ന് പ്രശാന്തുമായി ഞാൻ ഒരുപാട് വഴക്കിട്ടു. സീനെടുക്കുന്ന രണ്ട് മൂന്ന് മണിക്കൂർ എന്റെ പല്ല് കടിച്ച് പിടിക്കണം. എനിക്ക് പറ്റുന്നില്ല, തലവേദനയെടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ചെയ്തേ പറ്റൂയെന്ന് പ്രശാന്ത്. ഞാൻ വഴക്കിട്ടു, എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിയിരുന്നെന്നും ശ്രിയ റെഡ്ഡി ചൂണ്ടിക്കാട്ടി.
ആ സീൻ വിജയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും പ്രശാന്തിനാണെന്നും ശ്രിയ റെഡ്ഡി വ്യക്തമാക്കി. ഒരു കഥാപാത്രത്തിലേക്കിറങ്ങിച്ചെല്ലാൻ രണ്ട് മൂന്ന് ദിവസം എടുക്കും. പെട്ടെന്ന് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞാൽ പറ്റില്ല. കഥാപാത്രത്തിൽ നിന്നും ഇറങ്ങാനും രണ്ട് ദിവസമെടുക്കും. കഥാപാത്രമായി മാറാതെ സ്ക്രീനിൽ ഒന്നും യാഥാർത്ഥ്യമായി തോന്നില്ലെന്നും ശ്രിയ റെഡ്ഡി ചൂണ്ടിക്കാട്ടി.
നായികയായി മാത്രം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. സലാറിൽ ലീഡ് ഹീറോയിൻ എന്നൊന്നും ഇല്ല. തിമിര് എന്ന സിനിമയിൽ ഞാനല്ല നായിക. വർഷങ്ങൾക്കപ്പുറവും ആ കഥാപാത്രം ചർച്ചയാകുന്നു. നായികയാൻ എനിക്ക് താൽപര്യമില്ല. അത് വളരെ ബോറിംഗ് ആണെന്നും ശ്രിയ റെഡ്ഡി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











