400 കോടി ബഡ്ജറ്റില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം! ആര്‍ആര്‍ആര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 400 കോടി ബഡ്ജറ്റിലാണ് ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് എസ് എസ് രാജമൗലി ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.
പിതാവ് കെവി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇത്തവണയും രൗജമൗലി ചിത്രത്തിന് വേണ്ടി കഥ ഏഴുതിയിരിക്കുന്നത്. സംവിധായകന്‍ തിരക്കഥയെഴുതിയ ചിത്രത്തിന് സായ് മാധവ് ബുറയും മധന്‍ കര്‍ക്കിയും സംഭാഷണങ്ങള്‍ ഏഴുതിയിരിക്കുന്നു. ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. കെകെ സെന്തില്‍ കുമാര്‍ (ഛായാഗ്രഹണം), ശ്രീകര്‍ പ്രസാദ് (എഡിറ്റര്‍), എംഎം കീരവാണി (സംഗീതം) , സാബു സിറിള്‍ (പ്രൊഡക്ഷന്‍ ഡിസൈനര്‍), ശ്രീനിവാസ് മോഹന്‍ (വിഎഫ്ക്‌സ് സുപ്രവൈസര്‍) , രമ രാജമൗലി (വസ്ത്രാലങ്കാരം) എന്നിവര്‍ ഇത്തവണയും ഒരുമിക്കുന്നു.


Click it and Unblock the Notifications











