'കേരളത്തിൽ എന്ന സ്നേഹിക്കുന്നവരുണ്ടോ? മലയാള സിനിമകൾക്ക് മികച്ച നിലവാരം'; തെലുങ്ക് താരം ചിരഞ്ജീവി!
കൊനിഡെല ശിവശങ്കര വരപ്രസാദ് എന്ന പേരിനേക്കാൾ മലയാളിക്ക് സുപരിചിതം മെഗാ സ്റ്റാർ ചിരഞ്ജീവി എന്ന പേരാണ്. 1955 ഓഗസ്റ്റ് 22ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിസാ ജില്ലയിലാണ് ചിരഞ്ജീവി ജനിച്ചത്. ബിരുദം നേടിയ ശേഷം 1977ൽ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെ വെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്. 1978ൽ പുനാദി രല്ലു എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ചിരഞ്ജീവി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ.വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.
തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ 60ഓളം സിനിമയിൽ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ.കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായത്. പിന്നീട് 1987ൽ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. 1988ൽ പുറത്തിറങ്ങിയ കെ.എസ് രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിന് ശേഷമാണ് മെഗാസ്റ്റാർ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്. അതേവർഷം തന്നെ പുറത്തിറങ്ങിയ കെ.ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നർഗീസ് ദത്ത് പുരസ്കാരവും ലഭിച്ചു.

ബോളിവുഡ് ചലച്ചിത്ര മേഖലയിലും ഏറെ ശ്രദ്ധേയനാണ് ചിരഞ്ജീവി. ഇദ്ദേഹം ബോളിവുഡ് ചലച്ചിത്ര മേഖലയിൽ എത്തുന്നത് 1990ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ പ്രതിബന്ത് എന്ന സിനിമയിലൂടെയാണ് ആദ്യമായി ബോളിവുഡ് ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചത്. ഈ സിനിമയിൽ ജൂഹി ചൗളയ്ക്കൊപ്പമാണ് ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് തെലുങ്ക് സിനിമകൾകൊപ്പം ബോളിവുഡ് ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയായിരുന്നു. 1992ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ ആജ് കാ ഗുണ്ട രാജ് എന്ന സിനിമയിൽ മീനാക്ഷി ശേഷാദ്രിക്കൊപ്പം ചിരഞ്ജീവി അഭിനയിക്കുകയും ഈ സിനിമയ്ക്ക് വൻ വിജയം ലഭിക്കുകയും ചെയ്തിരുന്നു. ഈ സിനിമ ഇദ്ദേഹം തന്നെ അഭിനയിച്ച തെലുങ്ക് ചലച്ചിത്രമായ ഗാംഗ് ലീഡർ എന്ന ചലച്ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ഇന്ന് തെലുങ്ക് സിനിമയിലെ കിരീടം വെക്കാത്ത രാജാവാണ് ചിരഞ്ജീവി.

കഴിഞ്ഞ ദിവസം ചിരഞ്ജീവി കുടുംബസമേതം ഗുരുവായൂരപ്പനെ സന്ദർശിക്കാൻ എത്തിയപ്പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് മലയാളത്തിൽ ആരാധകരുണ്ടോ എന്നാണ് ചിരഞ്ജീവി മാധ്യമങ്ങളോട് ചോദിച്ചത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി ശബരിമല ദർശനം കഴിഞ്ഞാണ് ചിരഞ്ജീവി ഗുരുവായൂരിൽ എത്തിയത്. ഒപ്പം നിന്ന് ചിത്രമെടുക്കാനുള്ള ആരാധകർക്കൊപ്പം അദ്ദേഹം കുറച്ച് സമയം ചെലവഴിച്ചു. മന്ത്രിയായിരിക്കുമ്പോൾ ക്ഷേത്രദർശനത്തിന് എത്തിയിരുന്നുവെന്നും രണ്ടാം തവണയാണ് ഗുരുവായൂരിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ കെ.സുരേഖ, സുഹൃത്തുക്കളായ സുരേഷ് ചക്കാപ്പള്ളി, മധുമതി, ഗോപീകൃഷ്ണ പാടിബന്ദ എന്നിവരാണ് ചിരഞ്ജീവിക്ക് ഒപ്പമുണ്ടായിരുന്നത്.

മലയാള സിനിമയിൽ അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ ചിരഞ്ജീവി പറഞ്ഞതിങ്ങനെ 'ഈ ചോദ്യം തന്നെ എന്തിനെന്ന് മനസിലാകുന്നില്ല. ഏറ്റവും യുക്തിഭദ്രമായ കഥകളാണ് മലയാളത്തിൽ സിനിമകൾ ആവുന്നത്. മലയാളത്തിൽ അഭിനയിക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കുന്നത് എന്തിനാണ്. രാം ചരണിനും അല്ലു അർജുനും കേരളത്തിൽ ആരാധകരുണ്ടെന്ന് അറിയാം മലയാളികൾ ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്നേഹിക്കുന്നവരാണല്ലോ. കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം മാതൃകാപരമാണ്. തീർഥാടന കേന്ദ്രങ്ങൾക്ക് കേരളം പണ്ട് മുതൽക്കേ പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിൽ എനിക്കും ആരാധകരുണ്ടോ? സന്തോഷം. എല്ലാ ആരാധകർക്കും എല്ലാ മലയാളികൾക്കും സമൃദ്ധി ആശംസിക്കുന്നു. എല്ലാ നന്മകളും സംഭവിക്കട്ടെ. രാഷ്ട്രീയം തൽക്കാലം സംസാരിക്കാനില്ല' ചിരഞ്ജീവി പറയുന്നു.


Click it and Unblock the Notifications