'അമ്മയുടെ വാക്കുകൾ വേദനിപ്പിച്ചു, ഇനിയൊരു വിവാഹമില്ല, ആ നടൻ കാരണം അഭിനയം നിർത്താൻ തീരുമാനിച്ചു'; നടി പ്രഗതി!
കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച് മരിക്കുന്ന നിരവധി സ്ത്രീകളുള്ള നാടാണ് നമ്മുടേത്. ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവരെ മാത്രം ചുറ്റിപറ്റി ജീവിക്കുന്നതിനാൽ സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും മറന്നുപോകും.
എന്നാൽ രണ്ട് മക്കളുടെ അമ്മയായിരുന്നിട്ടും നാൽപ്പത്തിയേഴാം വയസിലും ജീവിതം മക്കൾക്കൊപ്പം ആഘോഷമാക്കുന്ന നടിയാണ് പ്രഗതി മഹാവദി. സോഷ്യൽമീഡിയയിൽ വൈറലാണ് പ്രഗതിയുടെ വർക്കൗട്ട് വീഡിയോകളും ഡാൻസും റാംപ് വാക്കുമെല്ലാം. തൊണ്ണൂറുകൾ മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാഗമാണ് താരം.
തുടക്കകാലത്ത് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തെലുങ്ക് സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്ന തിരക്കിലാണ് താരം. അമ്മ, അമ്മായിയമ്മ കഥാപാത്രങ്ങളാണ് പ്രഗതിക്ക് ഏറെയും ലഭിക്കുന്നത്.
സിനിമയിൽ പ്രായം കൂടിയ കഥാപാത്രങ്ങളാണ് ചെയ്യുന്നതെങ്കിലും നടി യഥാർഥ ജീവിതത്തിൽ ഇരുപതുകാരിയെ പോലെയാണ്. ഗ്ലാമറസ് ലുക്കിലുള്ള പ്രഗതിയുടെ ഫോട്ടോകൾ തരംഗമാണ്. സിനിമയിലേക്ക് എത്തിയ ആദ്യകാലങ്ങളിൽ താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പ്രഗതി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

വെറുതെ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയല്ലേ...? എന്ന അമ്മയുടെ ചോദ്യത്തിൽ നിന്നാണ് പ്രഗതിയുടെ ജീവിതം മാറാൻ തുടങ്ങിയത്. അമ്മയുടെ വാക്കുകൾ നടിയെ വേദനിപ്പിച്ചു. പണം സമ്പാദിക്കുന്നതിനായി ഒരു പിസ കടയിലും എസ്ടിഡി ബൂത്തിലും ജോലി ചെയ്യാൻ ആരംഭിച്ചു. അതിനുശേഷം പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് മോഡലിങ്ങിലേക്ക് കടന്നു.
മോഡലിങിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി അഭിനയിക്കാൻ പ്രഗതിക്ക് ഓഫറുകൾ ലഭിച്ചു. പക്ഷെ നായികയായി അഭിനയിക്കാൻ അധികകാലം അവസരം ലഭിച്ചില്ല. ഒരിക്കൽ നായക നടനും നിർമ്മാതാവുമായ ഒരാൾ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചതായി പ്രഗതി വെളിപ്പെടുത്തിയിരുന്നു. അയാൾ കാരണം സിനിമ ഇൻഡസ്ട്രി വിടാൻ പോലും ഒരു ഘട്ടത്തിൽ നടി തീരുമാനിച്ചിരുന്നു.
ഏത് നടനാണ് മോശമായി പെരുമാറിയതെന്ന് നടി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഇരുപതാം വയസിലായിരുന്നു പ്രഗതിയുടെ വിവാഹം. പിന്നീട് ഭർത്താവുമായി ഒത്തുപോകാൻ കഴിയാതെയായതോടെ ബന്ധം വേർപെടുത്തി. ഭാവിയിൽ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും പ്രഗതി പറയുന്നു.
നടിയെന്ന നിലയിൽ തനിക്ക് ഇപ്പോൾ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും അതിൽ താൻ തൃപ്തയാണെന്നും നടി പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയായിട്ടും സൗന്ദര്യവും ആകാര വടിവും നിലനിർത്താൻ വേണ്ടതെല്ലാം പ്രഗതി ചെയ്യുന്നുണ്ട്. ജിമ്മിൽ നിന്നുള്ള കഠിനമായ വർക്കൗട്ട് വീഡിയോകൾ നടി പങ്കുവെക്കുമ്പോൾ ആരാധകരും അത്ഭുതപ്പെടാറുണ്ട്.

വർക്കൗട്ടും യോഗയും കഴിഞ്ഞാൽ സുഹൃത്തുക്കൾക്കും മക്കൾക്കും ഒപ്പമുള്ള യാത്രകളാണ് പ്രഗതിയുടെ വിനോദം. നൃത്തത്തിലും പ്രാവീണ്യമുണ്ട് താരത്തിന്. കീർത്തനം, മഴമേഘ പ്രാവുകൾ എന്നിവയാണ് പ്രഗതി അഭിനയിച്ച മലയാള സിനിമകൾ.
1998-2000 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ സൂപ്പർ ഹിറ്റായി സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന സീരിയലിലും പ്രഗതി ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും പ്രഗതി സജീവമാണ്. ബഗീരയാണ് തമിഴിൽ പ്രഗതി അവസാനമായി ചെയ്ത സിനിമ.


Click it and Unblock the Notifications











