'അമ്മയുടെ രണ്ടാം വിവാഹത്തിനുശേഷവും ഞങ്ങളുടെ അച്ഛൻ വീട്ടിൽ വരും, അമ്മയുടെ സന്തോഷമാണ് വലുത്'; സുനിതയുടെ മകൻ!
തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന ഗായികമാരിൽ ഒരാളാണ് സുനിത. വിവിധ വിഭാഗങ്ങളിലായി ഒമ്പത് നന്ദി അവാർഡുകളും രണ്ട് ഫിലിം ഫെയർ അവാർഡുകളും മറ്റ് നിരവധി പുരസ്കാരങ്ങളും സുനിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 15 വയസുള്ളപ്പോൾ ലൈറ്റ് മ്യൂസിക് വിഭാഗത്തിൽ ആകാശവാണിയുടെ ദേശീയ അവാർഡും സുനിതയ്ത്ത് ലഭിച്ചിരുന്നു. 2002 മുതൽ 2006 വരെയും 2010 മുതൽ 2012 വരെയും തുടർച്ചയായി നന്ദി അവാർഡുകൾ നേടിയിട്ടുമുണ്ട് സുനിത.
ആന്ധപ്രദേശിലെ വിജയവാഡയിലാണ് സുനിത ജനിച്ച് വളർന്നത്. ആറാമത്തെ വയസിൽ പെമ്മരാജു സൂര്യ റാവുവിൽ നിന്ന് കർണാടിക് സംഗീതത്തിലും കലാഗ കൃഷ്ണ മോഹനിൽ നിന്ന് ലളിത ഗാനത്തിലും പരിശീലനം നേടിയിരുന്നു സുനിത.

വളരെ ചെറുപ്പത്തിൽ തന്നെ ആകാശവാണി അവതരിപ്പിക്കുന്ന പരിപാടികളിൽ ഉൾപ്പെടെ നിരവധി കച്ചേരികളിൽ പങ്കെടുക്കാനും അവതരിപ്പിക്കാനും സുനിതയ്ക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. തുടർന്നാണ് സിനിമ പിന്നണിയിലേക്ക് സുനിത എത്തിയത്. സുനിതയുടെ മകൻ ആകാശ് അടുത്തിടെയാണ് നായകനായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്.
ആകാശ് നായകനായ സർക്കാരു നൗക്രി ജനുവരി 1 ന് പുറത്തിറങ്ങിയിരുന്നു. സിനിമയ്ക്ക് പോസിറ്റീവ് റിപ്പോർട്ടുകളാണ് ഏറെയും ലഭിക്കുന്നത്. സർക്കാരു നൗക്രി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ്. ആകാശിന്റെ പ്രകടനത്തിനെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.
അടുത്തിടെ സിനിമയുടെ പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കവെ ആകാശ് അമ്മ സുനിതയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വൈറലാകുകയാണ് ഇപ്പോൾ. സിനിമാ ഇൻഡസ്ട്രിയിൽ ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ സ്ത്രീകളാണ് കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നതെന്നുമാണ് ആകാശ് പറഞ്ഞത്.
'സിനിമാ ഇൻഡസ്ട്രിയിലെ സമ്മർദ്ദം സഹിച്ചാണ് അമ്മ ജോലി ചെയ്തിരുന്നത്. എന്നിട്ടും എന്നെയും എന്റെ സഹോദരിയേയും മുത്തശ്ശിയേയും മുത്തശ്ശനേയും അമ്മ നന്നായി പരിപാലിച്ചു. ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. അമ്മയുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ടും അച്ഛൻ വീട്ടിൽ വരാറുണ്ട്. എന്റെ അച്ഛൻ അമ്മയുടെ രണ്ടാം ഭർത്താവ് രാമകൃഷ്ണയുമായി സൗഹൃദത്തിലാണ്.'

'രണ്ടാം വിവാഹത്തെക്കുറിച്ച് അമ്മയ്ക്ക് ഭയമായിരുന്നു. കുട്ടികൾ എങ്ങനെ മനസിലാക്കും ഇതൊക്കെ എന്ന ആശങ്ക. രാമകൃഷ്ണനെ ഇഷ്ടമാണോയെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അമ്മയ്ക്ക് വളരെക്കാലമായി വൈകാരിക പിന്തുണ ലഭിക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സന്തോഷമായിരുന്നു ഞങ്ങൾക്ക് പ്രധാനം', എന്നാണ് ആകാശ് പറഞ്ഞത്.
ആകാശിനെ കൂടാതെ ഒരു മകൾ കൂടി സുനിതയ്ക്കുണ്ട്. 42 കാരിയായ സുനിത 2021 ജനുവരിയിലാണ് രണ്ടാം വിവാഹം കഴിച്ചത്. മീഡിയ ഹെഡ്ഡാണ് രാമകൃഷ്ണ. സുനിതയുടെ രണ്ടാം വിവാഹത്തിനെതിരെ നിരവധി വിമർശനങ്ങൾ ആ സമയത്ത് ഉയർന്നിരുന്നു. വിവാഹിതരാകാൻ പ്രായമുള്ള കുട്ടികളുള്ളപ്പോൾ വിവാഹം കഴിച്ചാൽ എങ്ങനെ ശരിയാകും എന്നാണ് ഗായികയെ വിമർശിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
19-ാം വയസിലായിരുന്നു കിരൺ കുമാർ ഗോപരാജുമായുള്ള സുനിതയുടെ വിവാഹം. മക്കൾ പിറന്നശേഷം സാമ്പത്തിക കാരണങ്ങളാൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും വേർപിരിയുകയും ചെയ്യുകയായിരുന്നു. രണ്ടാം വിവാഹത്തോടെ സുനിതയുടെ ജീവിതം കൂടുതൽ മനോഹരമായി.


Click it and Unblock the Notifications