ഭാര്യയെ ഞാൻ വിവാഹം ചെയ്തോട്ടെ; ജയസുധയുടെ ഭർത്താവിനോട് ആ നടൻ തുറന്ന് ചോദിച്ചു; പ്രതികരിച്ചതിങ്ങനെ
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ ജനപ്രീതി നേടിയ ജയസുധയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. ഗ്ലാമർ നായിക എന്നതിനപ്പുറം ജയസുധയുടെ അഭിനയത്തെ ഏവരും പ്രശംസിച്ചു. കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയായിരുന്നു അക്കാലത്ത് ജയസുധ. ഇന്നും പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാാനം ജയസുധയ്ക്കുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി ഖ്യാതികൾ ജയസുധയ്ക്ക് ലഭിച്ചു.
ആന്ധ്ര സർക്കാരിൽ നിന്നും ഒമ്പത് തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ജയസുധയ്ക്ക് ലഭിച്ചത്. രാഷ്ട്രീയത്തിലേക്ക് കടന്നപ്പോഴും ജയസുധയെ പ്രേക്ഷകർ സ്വീകരിച്ചു. തമിഴ്നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ജയസുധ ജനിച്ചത്.സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന നടി വൈകാതെ അഭിനയ രംഗത്തേക്ക് എത്തി. അന്തരിച്ച നടിയും സംവിധായികയുമായ വിജയനിർമല ജയസുധയുടെ ബന്ധുവാണ്.

ജയസുധയുടെ വ്യക്തി ജീവിതം ഒരു ഘട്ടത്തിൽ ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്. കകർലപുഡി രാജേന്ദ്രപ്രസാദ് എന്നാണ് ആദ്യ ഭർത്താവിന്റെ പേര്. 1982 ൽ വിവാഹിതരായ ഇരുവരും പിന്നീട് വേർപിരിഞ്ഞു. നടൻ ജിതേന്ദ്രയുടെ കസിനായ നിതിൻ കപൂറിനെയാണ് പിന്നീട് ജയസുധ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. 2017 ൽ നിതിൻ കപൂർ മരിച്ചു.
ജയസുധയെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും നടൻ ജെഡി ചക്രവർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജയസുധയുടെ കടുത്ത ആരാധകനാണ് താനെന്ന് ജെഡി ചക്രവർത്തി പറയുന്നു. ജയസുധയുമായി നല്ല സൗഹൃദവും ജെഡി ചക്രവർത്തിക്കുണ്ട്. ജയസുധയോടുള്ള തന്റെ ആരാധന ഒരിക്കൽ നടിയുടെ ഭർത്താവിനോട് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ജെഡി ചക്രവർത്തി പറയുന്നു.

അദ്ദേഹത്തോട് ജയസുധയെ വിവാഹം ചെയ്തോട്ടെയെന്ന് താൻ തുറന്ന് ചോദിച്ചു. ആറടി പൊക്കമുള്ളയാളാണ്. ഒരടി കിട്ടിയാൽ മൂന്ന് മാസത്തേക്ക് എഴുന്നേൽക്കില്ല. എന്നിട്ടും താൻ അദ്ദേഹത്തോട് ഇത് ചോദിക്കാനുള്ള ധൈര്യം കാണിച്ചു. എന്നാൽ ജയസുധയുടെ ഭർത്താവ് ഇത് തമാശയായാണ് എടുത്തത്.
മെയ് 17 ന് വിവാഹം ചെയ്തോ എന്ന് അദ്ദേഹം പറഞ്ഞു. എന്താണിങ്ങനെ പറഞ്ഞതെന്ന് ജെഡി ചക്രവർത്തി ചിന്തിച്ചു. ഇതിനുത്തരവും നിതിൻ കപൂർ പറഞ്ഞു. മെയ് പതിനേഴിനാണ് തന്റെയും ജയസുധയുടെയും വിവാഹം നടന്നത്. അതേ തിയതിയിൽ വിവാഹം ചെയ്താൽ ഭർത്താവ് മാത്രം മാറിയാൽ മതിയല്ലോയെന്ന് നിതിൻ കപൂർ തമാശയോടെ പറഞ്ഞെന്നും ജെഡി ചക്രവർത്തി ഓർത്തു.
മലയാളത്തിൽ ഒമ്പതോളം സിനിമകളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് നടി അഭിനയിച്ച അവസാന മലയാള സിനിമ. തെലുങ്കിൽ നടി ഇന്നും സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന തെലുങ്ക് ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ജയസുധ ചെയ്തത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്.


Click it and Unblock the Notifications











