വിവാഹം പ്രശ്നമാകും, ജാതകം ഒട്ടും ശരിയല്ല; കരിയറിലും പറഞ്ഞത് പോലെ നടന്നെന്ന് ജോത്സ്യൻ വേണു സ്വാമി
തെലുങ്ക് സിനിമാ ലോകത്ത് നിന്നും പാൻ ഇന്ത്യൻ തലത്തിലേക്ക് പ്രശസ്തിയുയർന്ന നടനാണ് പ്രഭാസ്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെ മാറി മറിഞ്ഞത് പ്രഭാസിന്റെ കരിയർ ഗ്രാഫാണ്. അതുവരെ ടോളിവുഡിൽ മാത്രം അറിയപ്പെട്ടിരുന്ന താരമാണ് പ്രഭാസ്. എന്നാൽ ബാഹുബലി ആഗോള തലത്തിൽ ഹിറ്റായതോടെ പ്രഭാസിന്റെ താരമൂല്യം കുതിച്ചുയർന്നു. അതേസമയം നടന് ഗുണങ്ങളോടൊപ്പം ദോഷവും ഈ സിനിമ കൊണ്ടുണ്ടായിട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രതീക്ഷകളുടെ അമിത ഭാരം നടന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിച്ചു.
ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ടു. ആദിപുരുഷിന്റെ പരാജയം വലിയ തോതിൽ ചർച്ചയായി. ഒടുവിൽ പുറത്തിറങ്ങിയ സലാറാണ് കുറച്ചെങ്കിലും ആശ്വാസം നൽകിയത്. സലാർ വിജയിച്ചെങ്കിലും സിനിമ കണ്ടവർ പൂർണ തൃപ്തരല്ല. പ്രതീക്ഷയ്ക്കാെപ്പം ഉയർന്നില്ലെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. കരിയറിൽ ശക്തമായൊരു തിരിച്ച് വരവ് പ്രഭാസിനുണ്ടാകണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ജോത്സ്യൻ വേണുസ്വാമി. പ്രഭാസിന്റെ കാര്യത്തിൽ താൻ പ്രവചിച്ചത് പോലെയാണ് സംഭവിക്കുന്നതെന്ന് വേണു സ്വാമി പറയുന്നു. പ്രഭാസിന്റെ വരും സിനിമകൾ പരാജയപ്പെടുമെന്നും നടന്റെ കരിയറിൽ വീഴ്ച സംഭവിക്കുമെന്നും വേണു സ്വാമി പറഞ്ഞിരുന്നു. ഇത് അത് പോലെ തന്നെ സംഭവിച്ചെന്നാണ് വേണു സ്വാമി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ആദിപുരുഷ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞു. അ് സംഭവിച്ചു. സലാർ ആരാധകർ അല്ലാതെ ആരും കാണില്ലെന്ന് പറഞ്ഞു. അവസാനം അത് തന്നെ സംഭവിച്ചു. പ്രഭാസിന്റെ ജാതകം ഒട്ടും ശരിയല്ലെന്നും വേണു സ്വാമി ആവർത്തിച്ചു. പരാമർശം നടന്റെ ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ വേണു സ്വാമി പ്രഭാസിനെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്.

പ്രഭാസിന് വിവാഹയോഗം ഇല്ലെന്നും വിവാഹം ചെയ്താൽ നടന് അന്തരിച്ച നടൻ ഉദയ് കിരണിന്റെ അവസ്ഥ വരുമെന്നും വേണു സ്വാമി പ്രവചിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് ഒരു കാസത്ത് സെൻസേഷനായിരുന്ന നടനാണ് ഉദയ് കിരൺ. എന്നാൽ പിന്നീട് കരിയറിൽ തിരിച്ചടി നേരിടുകയും ഉദയ് കിരൺ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകൾ സുഷ്മിതയുമായി ഉദയ് കിരണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
എന്നാൽ ഈ വിവാഹത്തിൽ നിന്ന് നടൻ പിന്മാറി. ഇതിന് ശേഷമാണ് ഉദയ് കിരണിന് കരിയറിൽ വീഴ്ച സംഭവിച്ചത്. 43 കാരനായ പ്രഭാസ് വിവാഹം ചെയ്യാത്തതിന് കാരണം ഉദയ് കിരണിന്റെ അവസ്ഥ വരുമെന്ന ആശങ്കയാണോ എന്ന ചോദ്യം ആരാധകർക്കുണ്ട്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം വേണു സ്വാമിയുടെ പ്രവചനങ്ങളെ പ്രഭാസോ കുടുംബമോ കാര്യമാക്കുന്നില്ല. നേരത്തെ പ്രഭാസിന്റെ ബന്ധു ശ്യാമള ദേവി ഇത്തരം പ്രവചനങ്ങൾക്കെതിരെ സംസാരിച്ചിട്ടുമുണ്ട്.
ഇത്തരം അഭ്യൂഹങ്ങൾ കുടുംബത്തെ വിഷമിപ്പിക്കുന്നുണ്ട്. പ്രഭാസിന്റെ ജാതകം അവന്റെ അമ്മ ശിവ കുമാരിയുടെ കൈയിലുണ്ട്. ഇത്തരം പ്രവചനങ്ങളും ഗോസിപ്പുകളും നിർത്തേണ്ടതുണ്ടെന്നും ശിവ കുമാരി വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രഭാസ് ഒഴിഞ്ഞ് മാറാറാണ് പതിവ്. ഗോസിപ്പുകളോടും നടൻ പ്രതികരിക്കാറില്ല.


Click it and Unblock the Notifications