'പ്രഭാസിന്റെ വീഴ്ച തുടങ്ങി'; പറഞ്ഞതിൽ ഉറച്ച് നിന്ന് ജ്യോത്സ്യൻ; ആരോഗ്യ പ്രശ്നമുണ്ടെന്നത് സത്യമെന്നും വാദം
സലാർ എന്ന സിനിമയിലൂടെ നഷ്ടപ്പെട്ട് തുടങ്ങിയ താരമൂല്യം തിരിച്ച് പിടിച്ചിരിക്കുകയാണ് നടൻ പ്രഭാസ്. തുടരെ വന്ന പരാജയങ്ങൾ കാരണം നടന്റെ ആരാധകർ കടുത്ത നിരാശയിലായിരുന്നു. ബാഹുബലിക്ക് ശേഷം അത്രത്തോളം വലിയൊരു സിനിമ പ്രഭാസിന് ലഭിച്ചിരുന്നില്ല. വൻ ഹൈപ്പിൽ വന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ആദിപുരുഷിന്റെ പരാജയത്തോടെ പ്രഭാസ് എന്ന താരത്തിന്റെ പതനം തീർച്ചയായെന്ന് പലരും കരുതി. എന്നാൽ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും മറുപടിയായി മാറിയിരിക്കുകയാണ് സലാറിന്റെ വിജയം.
സിനിമയെക്കുറിച്ച് പല വിധ അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും പ്രഭാസിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം സലാറിലുണ്ട്. സലാറിന്റെ വിജയം വിനയായിരിക്കുന്നത് ടോളിവുഡ് താരങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന ജ്യോത്സ്യൻ വേണുസ്വാമിക്കാണ്. പ്രഭാസിന് ഇനി തിരിച്ച് വരവില്ലെന്നും നടന്റെ കരിയറിലെ വീഴ്ച തുടങ്ങിയെന്നും നേരത്തെ ഇദ്ദേഹം പ്രവചനം നടത്തിയിരുന്നു. ഇപ്പോൾ സലാർ പ്രഭാസിന്റെ താരമൂല്യം തിരിച്ച് നൽകിയപ്പോൾ സ്വാമിയുടെ വാദങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

എന്നാൽ തന്റെ വാദത്തിൽ നിന്ന് പിൻമാറാൻ വേണു സ്വാമി തയ്യാറായിട്ടില്ല. പ്രഭാസിനെക്കുറിച്ചുള്ള തന്റെ പ്രവചനം ശരിയാണെന്ന് ഇദ്ദേഹം പറയുന്നു. സൂപ്പർസ്റ്റാറെന്നാൽ റിലീസ് ചെയ്യുന്ന 90 ശതമാനം സിനിമകളും ഹിറ്റാകുന്നവരാണ്. നാല് സിനിമകൾ റിലീസ് ചെയ്ത് ഒരു സിനിമ മാത്രം ഹിറ്റാകുന്നത് വലിയ കാര്യമല്ലെന്ന് സ്വാമി വേണു വാദിക്കുന്നു.
പ്രഭാസിന്റെ കാര്യത്തിൽ മറ്റ് ചില പ്രവചനങ്ങളും താൻ നടത്തിയിട്ടുണ്ട്. പ്രഭാസിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അടുത്തിടെ സർജറി ചെയ്തെന്നും ഞാൻ പറഞ്ഞിരുന്നു. അത് സത്യമാണ്. ഇതുകൊാണ്ടാണ് സലാറിന്റെ പ്രൊമോഷൻ പരിപാടികൾ കൃത്യമായി നടക്കാഞ്ഞതെന്നും സ്വാമി പറഞ്ഞു. സലാറിന്റെ പ്രൊമോഷനുകളിൽ പ്രഭാസ് സജീവമായിരുന്നില്ല.

പ്രഭാസിന്റെ വിവാഹക്കാര്യത്തിലും സ്വാമി വേണു പ്രവചനം നടത്തിയിരുന്നു. പ്രഭാസിന് വിവാഹിതനാകാൻ സാധ്യതയില്ലെന്നും വിവാഹം ചെയ്താൽ പ്രശ്നങ്ങൾ തുടങ്ങുമെന്നുമാണ് സ്വാമി വേണു പറഞ്ഞത്. ഈ പ്രവചനം കൂടി തെറ്റിയാൽ സ്വാണി വേണുവിന്റെ സാഹചര്യം കൂടുതൽ മോശമാകും. ടോളിവുഡിലെ പല പ്രമുഖരെക്കുറിച്ചും ഇദ്ദേഹം പ്രവചനം നടത്താറുണ്ട്. പല പരാമർശങ്ങളും ചർച്ചയാകാറുമുണ്ട്.
44 കാരനായ പ്രഭാസ് ഇപ്പോഴും അവിവാഹിതനാണ്. നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് നാളുകളായി തുടരുന്ന ഗോസിപ്പാണ്. രണ്ട് പേരും ഇക്കാര്യം നിഷേധിച്ചെങ്കിലും ഗോസിപ്പുകൾ കെട്ടടങ്ങിയില്ല. അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക മുമ്പൊരിക്കൽ പറഞ്ഞത്.
അനുഷ്കയും അവിവാഹിതയായി തുടരുന്നതാണ് ഗോസിപ്പുകൾക്ക് ആക്കം കൂടാൻ കാരണം. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി അറിയപ്പെട്ടിരുന്നത്. ബാഹുബലിക്ക് ശേഷം ഇരുവരും ഒരു സിനിമയിലും ഒന്നിച്ചെത്തിയിട്ടില്ല. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ കണ്ടിട്ടുള്ളൂ.
മറുവശത്ത് പ്രഭാസ് തുടരെ സിനിമകൾ ചെയ്തെങ്കിലും ഇവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. സലാറിന്റെ വിജയം നടന് കരിയറിൽ പുതുജീവൻ നൽകിയിട്ടുണ്ട്. ഇത് നിലനിർത്തുകയെന്നതാണ് നടന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കൽകി 2898 ആണ് പ്രഭാസിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. ദീപിക പദുകോൺ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നു. സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications