ഏത് താരമായാലും നിബന്ധനകൾ; സായ് പല്ലവിയോട് നോ പറഞ്ഞ് വിജയ്; അന്നത്തെ പ്രതികാരമോയെന്ന് ചോദ്യങ്ങൾ
തെലുങ്ക് സിനിമാ ലോകത്ത് നായക നിരയിൽ പുതുതരംഗം സൃഷ്ടിക്കാൻ വിജയ് ദേവരകൊണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രബല കുടുംബത്തിൽ നിന്നുള്ള താരപുത്രൻമാർ വാഴുന്ന ടോളിവുഡിൽ വലിയ സ്വാധീവമാെന്നുമില്ലാതെ തന്റേതായ സ്ഥാനം കണ്ടെത്താൻ വിജയ് ദേവരകൊണ്ടയ്ക്ക് കഴിഞ്ഞു. അർജുൻ റെഡ്ഡി എന്ന സിനിമയാണ് നടന് കരിയറിൽ വഴിത്തിരിവാകുന്നത്. ഒന്നിലേറെ ഭാഷകളിലേക്ക് അർജുൻ റെഡ്ഡി റീമേക്ക് ചെയ്യപ്പെട്ടെങ്കിലും പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് വിജയ് ദേവരകൊണ്ടയുടെ പ്രകടനമാണ്.
കരിയറിൽ പെട്ടെന്നുണ്ടായ താരത്തിളക്കം പലപ്പോഴും അബദ്ധങ്ങളിലേക്കും വിജയ്നെ നയിച്ചു. പൊതുവേദികളിൽ വെച്ച് നടത്തിയ ചില പരാമർശങ്ങൾ, സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ പിഴവ് തുടങ്ങിയവയെല്ലാം വിജയ് ദേവരകൊണ്ടയെ ബാധിച്ചിട്ടുണ്ട്. ലൈഗർ എന്ന പാൻ ഇന്ത്യൻ ചിത്രം പരാജയപ്പെട്ടത്ത് വിജയ് ദേവരകൊണ്ടയെ ഏറെ ബാധിച്ചു. പിന്നീട് പുറത്തിറങ്ങിയ ഖുശിയുടെ വിജയമാണ് നടന് ആശ്വാസമായത്. ഫാമിലി സ്റ്റാർ ആണ് വിജയുടെ പുതിയ ചിത്രം. മൃണാൽ താക്കൂറാണ് ചിത്രത്തിൽ നായികയാകുന്നത്.

ഫാമിലി സ്റ്റാറിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് സായ് പല്ലവിയെയാണെന്നാണ് റിപ്പോർട്ടുകൾ. ഹോംലി ഗേൾ ഇമേജുള്ള സായ് പല്ലവിക്ക് അനുയോജ്യമായ കഥാപാത്രമായിരുന്നു ഇത്. എന്നാൽ നായകൻ വിജയ് ദേവരകൊണ്ട എതിർപ്പ് പറഞ്ഞതോടെ ഈ തീരുമാനം മാറ്റി. റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ മടിക്കുന്ന നടിയാണ് സായ് പല്ലവി.
എന്നാൽ വിജയ് ദേവരകൊണ്ടയുടെ സിനിമകളിൽ റൊമാന്റിക് സീനുകൾ പ്രധാനമാണ്. സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മൾ നടിയെ വേണ്ടെന്ന് തീരുമാനിക്കുന്നതാണെന്ന് വിജയ് ദേവരകൊണ്ട അണിയറ പ്രവർത്തകരോട് പറഞ്ഞെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്. നേരത്തെ ഡിയർ കംറേഡ് എന്ന വിജയ് ദേവരകൊണ്ട ചിത്രം സായ് പല്ലവി നിരസിക്കുകയാണുണ്ടായത്.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു കാരണം. തെലുങ്കിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള ഒന്നിലേറെ സിനിമകൾ സായ് പല്ലവി നിരസിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്നു. നായകന്റെ താരമൂല്യം, മാർക്കറ്റ് വാല്യുവിനെ ബാധിക്കുമോ തുടങ്ങിയ ഘടകങ്ങളൊന്നും സായ് പല്ലവി ഒരു സിനിമ നിരസിക്കുമ്പോൾ നോക്കാറില്ല.
പരസ്യങ്ങൾക്ക് പോലും നടി മുഖം കൊടുക്കാറില്ല. മുമ്പൊരിക്കൽ ഫെയർ നെസ് ക്രീമിന്റെ പരസ്യം സായ് പല്ലവി നിരസിച്ചത് വാർത്തയായിരുന്നു. കോടികളുടെ ഓഫറാണ് സായ് പല്ലവി വേണ്ടെന്ന് വെച്ചത്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാനും സായ് പല്ലവി ഇന്ന് തയ്യാറല്ല. ശ്യാം സിങ് റെഡ്ഡി, വിരാടപർവം, ഗാർഗി എന്നീ സിനിമകളിലാണ് സായ് പല്ലവിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
മൂന്ന് സിനിമകളിലും മികച്ച പ്രകടനം നടി കാഴ്ച വെച്ചു. ഗാർഗിയാണ് ഇതിലേറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്കാണ് ശ്രദ്ധ കൊടുത്തത്. മലയാളത്തിൽ ഏറെ നാളുകളായി സായ് പല്ലവിയെ കാണാറില്ല.


Click it and Unblock the Notifications











