ഒരുമിച്ച് ജീവിക്കുന്നു, പക്ഷെ വിവാഹമില്ല; പിആർ വർക്കിന് പ്രണയം ഉപയോഗിക്കുന്നെന്ന വിമർശനത്തിനിടെ പുതിയ വിവരം
തെന്നിന്ത്യൻ സിനിമാ രംഗത്തെ ഹിറ്റ് താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. കരിയറിൽ ഏകദേശം ഒരേ കാലഘത്തട്ടത്തിൽ താരത്തിളക്കം ലഭിച്ച ഇരുവരും ഗീതാ ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇക്കാര്യം ഇരുവരും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രണയത്തിലാണെന്നതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. താരങ്ങളുടെ സഹപ്രവർത്തകരിൽ ചിലരും ഇക്കാര്യം പറയാതെ പറഞ്ഞു.
രശ്മിക മന്ദാന കരിയറിലെ ഏറ്റവും തിരക്ക് പിടിച്ച സമയത്താണ് ഇന്നുള്ളത്. നാഷണൽ ക്രഷ് ആയി അറിയപ്പെട്ട രശ്മിക പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാറാണ് പതിവ്. റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് പറഞ്ഞ് ആരാധകരെ നിരാശപ്പെടുത്താനില്ലെന്നാണ് വിജയ് ദേവരകൊണ്ടയുടെ വാദം. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ലിവിംഗ് ടുഗെദറിലാണ്.

ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിലും ഒരുമിച്ച് പൊതുവിടങ്ങളിലെത്താനോ യാത്രകളിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കാനോ താരങ്ങൾ തയ്യാറല്ല. എങ്കിലും വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ബന്ധം സിനിമാ ലോകത്ത് പരസ്യമായ രഹസ്യമാണ്. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ ഇരുവരെക്കുറിച്ചും പങ്കുവെച്ച ചില വിവരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
രശ്മികയും വിജയ് ദേവരകൊണ്ടയും വിവാഹിതാരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വാർത്ത തെറ്റാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. രണ്ട് പേരും സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ്. ഇതുവരെയും ബന്ധത്തെക്കുറിച്ച് അവർ പരസ്യമായി സംസാരിച്ചിട്ടില്ലെന്നും താരങ്ങളുടെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

അവർ ഒരുമിച്ച് കഴിയുകയാണ്. സന്തുഷ്ടരും ബന്ധം മുന്നോട്ട് എങ്ങനെയാണ് മുന്നോട്ട് പോകുന്നു എന്നതിൽ സംതൃപ്തരുമാണ്. ഇപ്പോൾ വിവാഹനിശ്ചയം നടത്തേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് തോന്നുന്നില്ല. മാത്രവുമല്ല, അവരുടെ വർക്കിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. അടുത്തൊന്നും ഇരുവരും വിവാഹത്തിലേക്ക് കടക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
അതേ സമയം വിജയ് ദേവരകൊണ്ടയും രശ്മികയും ഗോസിപ്പുകൾ പിആർ വർക്കിനായി ഉപയോഗിക്കുകയാണെന്ന ആരോപണം ഉണ്ട്.
പ്രണയം പരസ്യമായ രഹസ്യമായി തുടരുന്നത് രണ്ട് പേരുടെയും ആരാധകരിൽ കൗതുകമുണ്ടാക്കുന്നു. ഈ കൗതുകമുണ്ടാക്കുന്ന വാർത്താ പ്രാധാന്യം പിആർ വർക്കിനായി ഉപയോഗിക്കുന്നെന്നാണ് വിമർശനം. രണ്ട് പേരുടെയും സിനിമകളുടെ റിലീസിനോടനുബന്ധിച്ച് പ്രണയ ഗോസിപ്പുകൾ ചർച്ചയാകുന്നത് പതിവാണ്.
കന്നഡ താരം രക്ഷിത് ഷെട്ടിയായിരുന്നു രശ്മികയുടെ മുൻ കാമുകൻ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞതാണ്. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് രണ്ട് പേരും തീരുമാനിച്ചു. രശ്മികയ്ക്ക് സിനിമകളിൽ തിരക്കേറിയതാണ് ബന്ധത്തെ ബാധിച്ചതെന്നാണ് സൂചന. കന്നഡ സിനിമകളിൽ തുടക്കം കുറിച്ച രശ്മിക പിന്നീട് തെലുങ്ക് സിനിമകളിലെ താരമായി. ഇന്ന് തെന്നിന്ത്യ കടന്ന് ബോളിവുഡിലും നടിക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ അനിമൽ എന്ന ചിത്രം മികച്ച വിജയം നേടി.
മറുവശത്ത് വിജയ് ദേവരകൊണ്ടയും കരിയറിലെ തിരക്കുകളിലാണ്. ഖുശിയാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സമാന്ത നായികയായെത്തിയ ചിത്രം മികച്ച വിജയം നേടി. ഖുശിക്ക് മുമ്പിറങ്ങിയ ലൈഗർ എന്ന സിനിമ ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനാൽ തന്നെ ഖുശിയുടെ വിജയം നടന് ആശ്വാസമായി. ഇരുവരുടെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











