'സായ് പല്ലവിയും ഒപ്പം സമാന്തയും'; താരത്തെ കുറിച്ച് നാഗചൈതന്യ
തെന്നിന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനം. നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് കരിയർ തിരക്കുകളിലാണ് ഇരുവരുമിപ്പോൾ. 2017 ലാണ് സാമന്ത-നാഗ ചൈതന്യ വിവാഹം നടന്നത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ടോളിവുഡിലെ ജനപ്രിയ ദമ്പതികളായിരുന്ന ഇരുവരും ഒരുപിടി സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നു.
യെമായചെസവെ മനം, ഓട്ടോനഗർ സൂര്യ, മജിലി തുടങ്ങിയവയാണ് സമാന്തയും നാഗചൈതന്യയും ഒരുമിച്ചഭിനയിച്ച സിനിമകൾ. ഒരുമിച്ചഭിനയിച്ച സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധ നേടിയിരുന്നു. നാഗചൈതന്യയുടെ ഹിറ്റ് നായികമാരിലൊരാൾ കൂടിയായിരുന്നു സമാന്ത. 2021 ൽ ഇരുവരും വേർപിരിഞ്ഞത് ആരാധകരിൽ കടുത്ത നിരാശയായിരുന്നു ഉണ്ടാക്കിയത്.

ഇപ്പോൾ സമാന്തയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്റെ പുതിയ ചിത്രമായ താങ്ക് യൂവിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രിയെന്ന് സ്വയം തോന്നുന്ന നായിക നടിയാരാണെന്നു ചോദ്യം. സായ് പല്ലവി, സമാന്ത എന്നീ പേരുകളാണ് നാഗചൈതന്യ പറഞ്ഞത്.

'എനിക്ക് ഒരാളെ പറയാനാവില്ല. ലൗ സ്റ്റോറിയിൽ ഞാൻ സായ് പല്ലവിക്കൊപ്പം അഭിനയിച്ചു. ഞങ്ങൾ തമ്മിൽ നല്ല ഓൺ സ്ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നു. ഒപ്പം സാമും (സമാന്ത). ഓൺസ്ക്രീനിൽ ഞങ്ങളൊരുമിച്ചുള്ള നിരവധി ലൗ സ്റ്റോറികളുണ്ട്,' നാഗചൈതന്യ പറഞ്ഞു. നേരത്തെയും സിനിമകളിൽ സമാന്തയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് നാഗചൈതന്യ സംസാരിച്ചിരുന്നു.
കഴിഞ്ഞ വർഷം തന്റെ ബംഗരാജു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് മികച്ച കെമിസ്ട്രി തോന്നിയ നായികയെ പറ്റി ചോദ്യം വന്നത്. അന്ന് സമാന്തയുടെ പേര് മാത്രമായിരുന്നു നാഗചൈതന്യ പറഞ്ഞത്.
അതേസമയത്ത് മറുവശത്ത് സമാന്തയും കഴിഞ്ഞ ദിവസം നാഗചൈതന്യയെക്കുറിച്ച് സംസാരിച്ചിരുന്നു. കോഫി വിത്ത് കരണിലായിരുന്നു സമാന്തയുടെ പരാമർശം. വിവാഹ മോചനത്തിന് ശേഷം നാഗചൈതന്യയുമായി സൗഹൃദ മനോഭാവത്തിലല്ലെന്നാണ് സമാന്ത പറഞ്ഞത്. ഞങ്ങളിരുവരും ഒരു റൂമിലാണെങ്കിൽ മൂർച്ചയുള്ള വസ്തുക്കൾ എടുത്തു മാറ്റേണ്ടി വരുമെന്നും സമാന്ത തമാശരൂപേണ പറഞ്ഞിരുന്നു.

നാഗചൈതന്യയുടെ താങ്ക് യു എന്ന സിനിമയാണ് പുതിയതായി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു. മുമ്പ് ഞാൻ കടപാടും സ്നേഹവും പ്രകടിപ്പിക്കാൻ മടിയുള്ളയാളായിരുന്നു. എന്നാലിപ്പോൾ തുറന്നു സംസാരിക്കുന്ന ആളാണെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും കുറേ കൂടി അടുത്തെന്നും നാഗചൈതന്യ പറഞ്ഞിരുന്നു.
Recommended Video

'ആവശ്യമുള്ളിടങ്ങളിൽ നമ്മൾ നന്ദി എന്ന വാക്ക് ഉപയോഗിക്കുന്നില്ല. ചിലപ്പോൾ ജാള്യത കൊണ്ടോ മറ്റോ ആയിരിക്കാം. നമ്മൾ നമ്മുടെ മാതാപിതാക്കളോട് നന്ദി പറയണോ എന്ന് രണ്ട് തവണ ആലോചിക്കും. എനിക്ക് പെട്ടന്ന് അച്ഛനോട് നന്ദി പറയാൻ തോന്നിയാലും ബഹുമാനം കൊണ്ട് ഞാനത് പറയില്ല'
'സ്നേഹിക്കുന്നവരുമായുള്ള അകലം കുറയ്ക്കാൻ ഈ സിനിമ എന്നെ പഠിപ്പിച്ചു. നമ്മൾ നമ്മളെ തന്നെ പ്രകടിപ്പിക്കണം. ഈ സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കാൻ പോവുന്നത് അതായിരിക്കും. ഞാൻ കുറച്ചു വാക്കുകൾ മാത്രം സംസാരിക്കുന്നയാളാണ്. എന്റെ എല്ലാ തോന്നലുകളും പ്രകടിപ്പിക്കില്ല. പക്ഷെ ഇപ്പോൾ ഞാൻ കൂടുതലായി തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടുതൽ അടുത്തു,' നാഗചൈതന്യ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications