വിവാഹമോചനങ്ങൾ തുടർക്കഥയാകുന്നതിനിടെ മറ്റൊരു പ്രതിസന്ധി; താരകുടുംബത്തിന് സംഭവിക്കുന്നതെന്ത്?
തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് അക്കിനേനി കുടുംബം. അറുപതുകളിലും എഴുപതുകളിലും സൂപ്പർതാരമായി നിലനിന്ന നടൻ അക്കിനേനി നാഗേശ്വര റാവുവിന്റെ പിൻതലമുറയാണ് അക്കിനേനി കുടുംബം എന്ന പേരിൽ സിനിമാ ലോകത്ത് അറിയപ്പെടുന്നത്. നാഗേശ്വര റാവുവിന്റെ മകനാണ് സൂപ്പർതാരം നാഗാർജുന. പിതാവിന്റെ പാത പിന്തുടർന്ന് വിജയം കൈവരിക്കാൻ നാഗാർജുനയ്ക്ക് കഴിഞ്ഞു. 90 കളിൽ നാഗാർജുനയുടെ സിനിമകൾ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചു. തമിഴ്, ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ നാഗാർജുന ചെയ്തു.
പിൽക്കാലത്ത് നാഗാർജുനയുടെ മക്കളായ നാഗചൈതന്യയും അഖിൽ അക്കിനേനിയും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. നാഗ ചൈതന്യ ഇതിനകം സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടി. അഖിൽ അക്കിനേനി താരമായി വളരുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നാഗാർജുനയ്ക്കും മക്കൾക്കും കരിയറിലുണ്ടായ വീഴ്ച സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

നാഗ ചൈതന്യയുടെ ഒടുവിൽ പുറത്തിറങ്ങിയ കസ്റ്റഡി എന്ന സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. അതിന് മുമ്പിറങ്ങിയ താങ്ക് യൂ എന്ന സിനിമയും പരാജയപ്പെട്ടു. അഖിൽ അക്കിനേനിയുടെ ഏജന്റ് എന്ന സിനിമ പൂർണ പരാജയമായിരുന്നു.. ഭംഗരജു എന്ന സിനിമയ്ക്ക് ശേഷം നാഗാർജനയ്ക്കും ഹിറ്റുകൾ ഇല്ല. എന്താണ് താരകുടുംബത്തിന് സംഭവിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം ഗോസിപ്പ് കോളങ്ങളിൽ അക്കിനേനി കുടുംബം ഇടയ്ക്കിടെ വിഷയമാകുന്നുണ്ട്. വിവാഹമോചനത്തിന് പിന്നാലെ വന്ന ഗോസിപ്പുകൾ നാഗ ചൈതന്യയെ വിട്ട് പോയിട്ടില്ല. മറുവശത്ത് 2016 ൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം അഖിൽ മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. അക്കിനേനി കുടുംബത്തിന്റെ ഇന്നലെകൾ പരിശോധിച്ചാൽ വിവാഹമോചനം ഇവരെ സംബന്ധിച്ച് പുതിയ കാര്യമല്ല.
നാഗാർജുനയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ലക്ഷ്മി ദഗുബതിയായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പിറന്ന മകനാണ് നാഗ ചൈതന്യ. 1990 ലാണ് നാഗാർജുനയും ലക്ഷ്മി ദഗുബതിയും പിരിഞ്ഞത്. 1992 ൽ നടി അമലയെ നാഗാർജുന വിവാഹം ചെയ്തു. അമലയിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് അഖിൽ അക്കിനേനി.

2016 ൽ അഖിൽ അക്കിനേനി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയത് വലിയ വാർത്തയായിരുന്നു. ഡിസൈനർ ശ്രിയ ഭൂപാലിനെയാണ് അഖിൽ വിവാഹം കഴിക്കാനിരുന്നത്. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് രണ്ട് പേരും തീരുമാനിച്ചു. 22ാം വയസിലാണ് അഖിൽ അക്കിനേനി വിവാഹത്തിന് തയ്യാറാകുന്നത്. അന്ന് ശ്രിയക്ക് പ്രായം 26 ആണ്. പരസ്പരം പ്രണയത്തിലായ ഇവർ പെട്ടെന്ന് വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. എന്നാൽ വിവാഹനിശ്ചയത്തിന് ശേഷം രണ്ട് പേർക്കുമിടയിൽ പ്രശ്നങ്ങളായി.
നാഗാർജുനയുടെ സഹോദരിയുടെ മക്കളും ആദ്യ വിവാഹബന്ധം വേർപെടുത്തിയവരാണ്. സമാന്ത-നാഗചൈതന്യ വിവാഹ മോചനമാണ് അക്കിനേനി കുടുംബത്തിൽ ഒടുവിലുണ്ടായ വേർപിരിയൽ. 2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. എന്നാൽ 2021 ൽ ഇവർ പിരിഞ്ഞു. വേർപിരിയലിന് കാരണമെന്തെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നു. ഗോസിപ്പുകൾ വകവെക്കാതെ കരിയറിന്റെ തിരക്കുകളാണ് താരങ്ങൾ.
അക്കിനേനി കുടുംബം തെലുങ്കിൽ വീണ്ടും ശക്തമായ സാന്നിധ്യം ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തെലുങ്ക് സിനിമാ രംഗത്ത് നിരവധി താരകുടുംബങ്ങൾ പ്രബല സാന്നിധ്യമാണ്. ചിരഞ്ജീവിയുടെ കുടുബം ഇതിന് ഉദാഹരണമാണ്. ഇദ്ദേഹത്തിന്റെ മകൻ രാം ചരണും സഹോദരിയുടെ മകൻ അല്ലു അർജുനപം ഇന്ന് സൂപ്പർസ്റ്റാറുകളാണ്.


Click it and Unblock the Notifications