വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയോ?; ഒരു നിമിഷം ആഗ്രഹിച്ച് പോയെന്ന് ആരാധകർ; സംഭവമിങ്ങനെ
സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവമാണ് നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വേർപിരിയൽ. ആരാധകരെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ഇത്. ടോളിവുഡിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏവരും സന്തോഷിച്ചതാണ്. പക്ഷെ നാല് വർഷം മാത്രമേ ഈ ബന്ധം നീണ്ടുനിന്നുള്ളൂ. അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. സമാന്തയ്ക്കാണ് ഡിവോഴ്സ് കുറേക്കൂടി വലിയ ആഘാതമായത്.
സിനിമാ തിരക്കുകൾ മാറ്റി വെച്ച് നാഗചൈതന്യക്കൊപ്പമുള്ള കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ ഒരുങ്ങുകയായിരുന്നു സമാന്ത. ജവാൻ ഉൾപ്പെടെയുള്ള സിനിമകളുടെ ഓഫർ നടി വേണ്ടെന്ന് വെച്ചതും ഇക്കാരണം കൊണ്ടാണ്. പക്ഷെ ബന്ധം തകർന്നു. എന്താണിതിന് കാരണമെന്ന് രണ്ട് പേരും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ സമാന്തയുടെയും നാഗചൈതന്യയുടെയും ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. സമാന്ത മുമ്പൊരിക്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹഫോട്ടോയാണിത്. വിവാഹമോചന സമയത്ത് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളെല്ലാം സമാന്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ പെട്ടെന്ന് ഈ ഫോട്ടോ മാത്രം കണ്ടതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഫോട്ടോ നടി അൺ ആർക്കെെവ് ചെയ്തതാണെന്ന് അഭ്യൂഹം പരന്നു. രണ്ട് പേരും വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ സൂചനയായാണ് ആരാധകർ ഇത് കണ്ടത്.
എന്നാൽ സംഭവത്തിന് പിന്നിലെ കഥ മറ്റൊന്നാണ്. സോഷ്യൽ മീഡിയയിൽ നിന്നും വിവാഹത്തിന്റെ എല്ലാ ഫോട്ടോകളും നീക്കിയെങ്കിലും ഈ ഫോട്ടോ മാത്രം സമാന്ത മാറ്റിയിരുന്നില്ല. ഈ ചിത്രം വീണ്ടും വൈറലാവുകയാണുണ്ടായത്. സത്യാവസ്ഥയറിഞ്ഞ ആരാധകർ നിരാശയിലായി. രണ്ട് പേരും വീണ്ടും ഒരുമിച്ചെന്ന് ഒരു നിമിഷത്തേക്കെങ്കിലും ചിന്തിച്ച് പോയെന്ന് ചിലർ കമന്റ് ചെയ്തു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് രണ്ട് പേർക്കും ഒരുമിച്ച് കൂടേയെന്നും ആരാധകർ ചോദിക്കുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും സധൈര്യം നേരിടുകയാണ് സമാന്ത. വിവാഹമോചനത്തിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് നടി നേരിട്ട വെല്ലുവിളി. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ ചികിത്സയിലാണ് താരം. കഴിഞ്ഞ് പോയ രണ്ട് വർഷങ്ങൾ തന്റെ ജീവിതത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തിയെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സമാന്ത തുറന്ന് പറയുകയുണ്ടായി. മയോസിറ്റിസിന്റെ ചികിത്സയ്ക്കായി സിനിമയിൽ നിന്നും ചെറിയ ഇടവേള താരം എടുത്തിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സമാന്തയ്ക്ക് ആശ്വാസമായി നാഗ ചൈതന്യ അരികിൽ ഉണ്ടാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. ടോളിവുഡ് അത്രമാത്രം ആഘോഷിച്ച താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും. എന്നാൽ രണ്ട് പേരും ജീവിതത്തിൽ രണ്ട് ദിശകളിലേക്ക് നീങ്ങിയിട്ട് ഏറെ നാളായി. നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. താരങ്ങൾ ഇതിന്റെ പരോക്ഷ സൂചനകളും നൽകുന്നുണ്ട്.
മറുവശത്ത് വിവാഹ മോചനത്തിന് ശേഷം സമാന്ത കരിയറിന് ശ്രദ്ധ നൽകി. ഖുശിയാണ് സമാന്തയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി മുന്നേറുകയാണ്. സിതാഡെൽ എന്ന സീരീസ് നടിയുടേതായി പുറത്തിറങ്ങാനുണ്ട്.
വരുൺ ധവാനാണ് നായകൻ. ചികിത്സ കാരണം പുതിയ പ്രൊജക്ടുകളിൽ താരം ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഇടവേളയെടുത്താലും മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഇന്ന് സമാന്തയ്ക്ക് സിനിമാ ലോകത്തുണ്ട്. സമാന്ത പൂർണ ആരോഗ്യവതിയായി തിരിച്ച് വരാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications