സിനിമ കണ്ട് ആളുകൾ എന്നെ കളിയാക്കി, എനിക്കും അതിഷ്ടപ്പെട്ടിരുന്നില്ല; തുറന്ന് പറഞ്ഞ് സംഗീത
മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ സംഗീത അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും സജീവമാണ്.
തെന്നിന്ത്യൻ സിനിമളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് സംഗീത കൃഷ്. സമ്മർ ഇൻ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും സുപിരിചിതയാണ്. ഖദം, പിതാമഗൻ, ഉയിർ, ധനം തുടങ്ങിയവയാണ് സംഗീതയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.
അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ വളരെ കുറവെ നടിക്ക് ലഭിച്ചിട്ടുള്ളൂ. 90 കളുടെ തുടക്കത്തിലാണ് സംഗീത അഭിനയ രംഗത്തേക്ക് കടക്കുന്നത്. വെങ്കട്ട് പ്രഭുവിന്റെ പൂഞ്ചോലെെ എന്ന സിനിമയായിരുന്നു ആദ്യം. എന്നാൽ ഈ സിനിമ റിലീസായില്ല.

മലയാളം സിനിമ ഗംഗോത്രിയായിരുന്നു നടിയുടെ റിലീസ് ചെയ്ത ആദ്യ സിനിമ. 1997 ലാണ് ഈ സിനിമ റിലീസാവുന്നത്. പിന്നീട് സമ്മർ ഇൻ ബത്ലഹേം, ഏഴുപുന്ന തരകൻ, ദീപസ്തഭം മഹാശ്ചര്യം, ശ്രദ്ധ തുടങ്ങിയ മലയാള സിനിമകളിൽ സംഗീത അഭിനയിച്ചു.
മലയാളത്തിൽ ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായിരുന്നെങ്കിലും സംഗീതയ്ക്ക് ലഭിച്ച റോളുകൾക്ക് പ്രാധാന്യം കുറവായിരുന്നു. സമ്മർ ഇൻ ബത്ലഹേം, ശ്രദ്ധ തുടങ്ങിയ സിനിമകളിൽ നടിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 90 കളിൽ വന്ന മറ്റെല്ലാ നടിമാരെയും പോലെ സംഗീതയുടെ കരിയറിലും പിന്നീട് താഴ്ചകൾ സംഭവിച്ചു,

ഇപ്പോൾ സിനിമകളിൽ വീണ്ടും നടി സാന്നിധ്യമറിയിക്കുന്നുണ്ട്. ഒരു തെലുങ്ക് ചാനലിന് സംഗീത നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഖദം എന്ന സിനിമയിൽ ചെയ്ത കഥാപാത്രത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. 2002 ലാണ് സിനിമ പുറത്തിറങ്ങിയത്.
ഈ സിനിമയിൽ തന്റെ കഥാപാത്രത്തിനിട്ട മേക്കപ്പ് തനിക്കിഷ്ടപ്പെട്ടിരുന്നില്ലെന്നാണ് നടി പറയുന്നത്. മേക്കപ്പ് ചെയ്തപ്പോൾ ആ കഥാപാത്രത്തിൽ എന്നെ കാണുന്നില്ലായിരുന്നു. എനിക്ക് വല്ലാതായി. അന്ന പൂർണ സ്റ്റുഡിയോയിലാണ് ആ സീൻ ഷൂട്ട് ചെയ്തത്.

ഷൂട്ടിന് ശേഷം യൂണിറ്റ് മുഴുവനും വന്ന് നിങ്ങൾ നന്നായി ചെയ്തെന്ന് പറഞ്ഞു. എന്നാൽ സിനിമ തിയറ്ററിലിറങ്ങിയപ്പോൾ ഏതാണീ ഹീറോയിൻ എന്നാണ് ആളുകൾ ചോദിച്ചത്. താൻ വളരെയധികം പരിഹസിക്കപ്പെട്ടെന്നും നടി ഓർത്തു. കൃഷ്ണ വംശി എന്നായിരുന്നു നടിയുടെ കഥാപാത്രത്തിന്റെ പേര്.

പിന്നണി ഗായകൻ കൃഷിനെയാണ് സംഗീത വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുമുണ്ട്. 2010 ൽ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതായിരുന്നു സംഗീത. പത്ത് വർഷത്തോളം ഈ ഇടവേള നീണ്ടു നിന്നു.
പിന്നീട് മഹേഷ് ബാബുവിന്റെ സരിലേരു നീക്കവരു എന്ന തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയ തിരിച്ച് വരവ് നടത്താൻ സംഗീതയ്ക്ക് കഴിഞ്ഞു.

സിനിമകളിൽ ഇടവേള വന്ന സമയത്ത് ടെലിവിഷൻ ഷോകളിൽ താരം സാന്നിധ്യമറിയിച്ചിരുന്നു. വിജയ് ടിവിയിലെ ജോഡി നമ്പർ വൺ എന്ന ഷോയിൽ നടി ജഡ്‍ജായെത്തി. ഷോ വൻ ഹിറ്റായിരുന്നു.
കളേഴ്സ് തമിഴിൽ എങ്ക വീട്ട് മാപ്പിളെെ എന്ന ഷോയിൽ സംഗീത അവതാരകയായി. സീ തെലുഗിലെ ബിന്ദാസ് ഗെയിം ഷോയിലും കുറച്ച് എപ്പിസോഡുകളിൽ സംഗീതയായിരുന്നു അവതാരക. 90 കളിൽ സിനിമകളിൽ തിളങ്ങിയ മിക്ക നടിമാരും പിന്നീട് ടെലിവിഷൻ ഷോകളിലൂടെയാണ് സാന്നിധ്യമറിയിച്ചത്. ചിലർ സീരിയലുകളിലും മുഖം കാണിച്ചു.


Click it and Unblock the Notifications











