നാഗ് എന്നോട് സംസാരിക്കാതായി; അതൊരിക്കലും മറക്കില്ലെന്ന് എപ്പോഴും പറയും; ഭർത്താവിനെക്കുറിച്ച് അമല
തെലുങ്ക് സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് നാഗാർജുനയും അമല അക്കിനേനിയും. 80 കളിലെ തിരക്ക് പിടിച്ച് നടിയായിരുന്ന അമല അക്കിനേനി വിവാഹശേഷം അഭിനയ രംഗത്ത് നിന്നും പിൻമാറി. വർഷങ്ങൾക്കിപ്പുറമാണ് അമല അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അമല. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് എന്നീ സിനിമകളാണ് മലയാള സിനിമാ രംഗത്ത് അമലയെ അടയാളപ്പെടുത്തിയത്. ഇന്നും ഈ സിനിമകളും അമല ചെയ്ത കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് അമല വിവാഹിതയായത് അന്ന് ചർച്ചയായിരുന്നു. നാഗാർജുനയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ട ശേഷമാണ് അമല ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. സിനിമാതാരമായി മാറുന്നതിന് മുമ്പാണ് നാഗാർജുന നടൻ വെങ്കിടേഷിന്റെ സഹോദരി ലക്ഷ്മി ദഗുബതിയെ വിവാഹം ചെയ്യുന്നത്. 1984 ലായിരുന്നു വിവാഹം. ഈ ബന്ധത്തിൽ ജനിച്ച മകനാണ് നാഗ ചൈതന്യ. എന്നാൽ 1990 ൽ ഇവർ വേർപിരിഞ്ഞു.
വിവാഹമോചനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ നാഗാർജുന അമലയെ വിവാഹം ചെയ്തു. ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച അമലയും നാഗാർജുനയും തുടക്കത്തിലേ നല്ല സുഹൃത്തുക്കളായിരുന്നു. യുഎസിലേക്കുള്ള ട്രിപ്പിനിടെയാണ് നാഗാർജുന അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. ഈ ബന്ധത്തിന് അമല സമ്മതിക്കുകയും ചെയ്തു. വിവാഹശേഷം രണ്ട് വർഷത്തിനുള്ളിൽ ഇരുവർക്കും അഖിൽ അക്കിനേനി എന്ന മകനും ജനിച്ചു.

നാഗ ചൈതന്യയും അഖിൽ അക്കിനേനിയും ഇന്ന് തെലുങ്കിൽ അറിയപ്പെടുന്ന താരങ്ങളാണ്. നാഗാർജുനയെക്കുറിച്ച് മുമ്പൊരിക്കൽ അമല അക്കിനേനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പത്ത് ദിവസത്തോളം ഭർത്താവ് തന്നോട് സംസാരിക്കാതെയിരുന്നതിനെക്കുറിച്ചാണ് അമല തുറന്ന് പറഞ്ഞത്. ഇതിന് കാരണമാണ് കൗതുകകരം. വളർത്തു നായകളോട് വളരെയധികം സ്നേഹമുള്ളയാളാണ് നാഗാർജുന.
തന്റെ പട്ടിക്കുഞ്ഞിന് പരിശീലനം നൽകാൻ വേണ്ടി ട്രെയ്നിംഗിന് അയച്ചതാണ് നാഗാർജുനയെ ചൊടിപ്പിച്ചത്. വീട്ടിനകത്ത് വളർത്തുന്ന പട്ടിക്ക് ട്രെയ്നിംഗ് വേണമെന്ന് കരുതിയാണ് അമല ഇങ്ങനെ ചെയ്തത്. എന്നാൽ ഇക്കാര്യം നാഗാർജുനയോട് പറഞ്ഞിരുന്നില്ല. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വന്ന നാഗാർജുന പട്ടിക്കുട്ടിയെ തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്.

നിന്നോടൊരിക്കലും ഇനി സംസാരിക്കില്ലെന്ന് പറഞ്ഞ് നാഗാർജുന തന്നോട് പിണങ്ങിയെന്ന് അമല ഓർത്തു. ഒരാഴ്ചയോളം ഞാൻ കാത്ത് നിന്നു. നാഗ് എന്നോട് സംസാരിച്ചില്ല. പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചെയ്തതാണ് ശരിയെന്നും നായയ്ക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും നാഗാർജുന മനസ്സിലാക്കി. അദ്ദേഹം എന്നോട് സംസാരിച്ച് തുടങ്ങി.
പക്ഷെ പട്ടിക്കുട്ടിയെ ഇത്ര നാൾ തന്നിൽ നിന്ന് അകറ്റി നിർത്തിയത് ഒരിക്കലും മറക്കില്ലെന്ന് നാഗാർജുന തന്നോട് എപ്പോഴും പറയാറുണ്ടെന്നും അമല അക്കിനേനി ചിരിയോടെ തുറന്ന് പറഞ്ഞു. നാഗാർജുനയെ പോലെ വളർത്ത് മൃഗങ്ങളോട് അമലയ്ക്കും വലിയ സ്നേഹമുണ്ട്. മൃഗസംരക്ഷണത്തിനായി സന്നദ്ധ സംഘടനകളുമായി ചേർന്ന് നടി പ്രവർത്തിക്കാറുണ്ട്.
കുടുംബത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകളെ അമല കാര്യമാക്കാറില്ല. മകൻ അഖിൽ അക്കിനേനിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങിയത്, ഭർത്താവിന്റെ ആദ്യ ബന്ധത്തിലെ മകൻ നാഗ ചൈതന്യ വിവാഹ മോചിതനായത് തുടങ്ങിയവ വലിയ ചർച്ചയായപ്പോഴും അമല ഇതേക്കുറിച്ചൊന്നും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഭർത്താവ് നാഗാർജുനയെയും നടി തബുവിനെയും ചേർത്ത് ഗോസിപ്പുകൾ വന്നപ്പോഴും അമല അക്കിനേനി ഇത് അവഗണിച്ചു. 55 കാരിയായ അമല സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications