ഭർത്താവിന്റെ സിനിമയിലെ നായികയെ ഇഷ്ടപ്പെട്ടില്ല; അന്ന് യഥാർത്ഥത്തിൽ നടന്നത്; പവൻ കല്യാണിന്റെ മുൻ ഭാര്യ
തെലുങ്ക് സിനിമാലോകത്തെ സൂപ്പർസ്റ്റാറും രാഷ്ട്രീയത്തിലെ പ്രബല സാന്നിധ്യവുമായ പവൻ കല്യാണിന്റെ വ്യക്തി ജീവിതം മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. അടുത്തിടെയാണ് മൂന്നാം ഭാര്യ അന്ന ലെസ്നവയുമായി പവൻ വിവാഹമോചനത്തിനൊരുങ്ങുന്നെന്ന വാർത്ത പ്രചരിച്ചത്. അഭ്യൂഹങ്ങൾ ശക്തിപ്പെട്ടെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ ഗോസിപ്പ് കെട്ടടങ്ങി. റഷ്യക്കാരിയാണ് അന്ന. പൊതുവെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കാനാണ് താരപത്നിക്കിഷ്ടം.
പവൻ കല്യാണിന്റെ ജീവിതം വലിയ തോതിൽ ചർച്ചയായത് രണ്ടാം ഭാര്യ രേണു ദേശായിയുമായുള്ള വിവാഹമോചന സമയത്താണ്. ടോളിവുഡിൽ രേണു-പവൻ വിവാഹം ഒരു കാലത്ത് സംസാര വിഷയമായിരുന്നു. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് അഭിനയ രംഗത്ത് സജീവമായിരുന്ന രേണു ദേശായിയുമായി പവൻ കല്യാൺ അടുക്കുന്നത്. ആദ്യ ഭാര്യ ബന്ധം ഉപേക്ഷിക്കാൻ കാരണം ഇതാണെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആദ്യ ഭാര്യക്ക് ജീവനാംശമായി വലിയ തുക പവൻ കല്യാൺ നൽകുകയുമുണ്ടായി.

രേണു ദേശായിയുമായി ലിവിംഗ് ടുഗെദറിൽ ആയിരുന്ന പവൻ കല്യാൺ പിന്നീട് നടിയെ വിവാഹം ചെയ്തു. എന്നാൽ 2012 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്. ഒരുമിച്ച് ജീവിക്കുന്ന കാലത്ത് പവനിന്റെ ചില സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി രേണു ദേശായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്തുണ്ടായ ഒരു വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് രേണു ദേശായ്.
2005 ലാണ് പവൻ കല്യാൺ നായകനായ 'ബാലു' എന്ന സിനിമ റിലീസ് ചെയ്യുന്നത്. നേഹ ഒബ്റോയ്, ശ്രിയ ശരൺ എന്നിവരായിരുന്നു നായികമാർ. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി രേണു ദേശായിയും പ്രവർത്തിച്ചിട്ടുണ്ട്. നേഹ ഒബ്റോയിയെ രേണുവിന് ഇഷ്‌ടപ്പെട്ടില്ലെന്ന് അന്ന് ഗോസിപ്പുകൾ വന്നിരുന്നു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെണെന്നാണ് രേണു ഇപ്പോൾ തുറന്ന് പറയുന്നത്.

സിനിമയുടെ സംവിധായകൻ കരുണാകരനും ഞാനും സുഹൃത്തുക്കളായിരുന്നു. സിനിമയിലെ നായികയെക്കുറിച്ച് കരുണാകരൻ എന്നോട് സംസാരിച്ചു. നായിക ഐശ്വര്യ റായിയെ പോലെയുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ഫോട്ടോ കണ്ട ഞാൻ നായിക നന്നായിട്ടുണ്ട്, പക്ഷെ ഐശ്വര്യ റായുടെ അത്ര വരില്ലെന്ന് പറഞ്ഞു. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. നായികയെക്കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ പുറത്ത് വന്ന വാർത്ത മറ്റൊരു തരത്തിലായിരുന്നു. തനിക്ക് നായിക നടിയെ ഇഷ്ടപ്പെട്ടില്ലെന്നാണ് പ്രചരിച്ച ഗോസിപ്പുകളെന്നും രേണു ദേശായ് ചൂണ്ടിക്കാട്ടി.
കുറച്ച് കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന രേണു ദേശായ് ടൈഗർ നരസിംഹ റാവു എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. വിവാഹമോചനത്തിന് ശേഷം മക്കൾ രേണുവിനൊപ്പമാണുള്ള്. അകിര, ആര്യ എന്നിവരാണ് രേണുവിന്റെയും പവൻ കല്യാണിന്റെയും മക്കൾ. മക്കളെക്കുറിച്ചും രേണു കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. മക്കൾക്ക് വേണ്ടി എന്ത് പ്രതിസന്ധിയും നേരിടാൻ താൻ തയ്യാറാണ്.
മകനെയും മകളെയും ഒരുപോലെയാണ് സ്നേഹിക്കുന്നത്. കാരണം തന്റെ കുട്ടിക്കാലത്ത് വീട്ടിൽ പെൺകുട്ടിയെന്ന വേർതിരിവ് നേരിട്ടിരുന്നു. അച്ഛനും അമ്മയും ആൺ കുഞ്ഞിനെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഞാൻ ജനിച്ചപ്പോൾ അവർ നിരാശരായി. പിന്നീട് ജനിച്ച അനുജനെ സനേഹിക്കുകയും തന്നെ അവഗണിക്കുകയും ചെയ്തെന്ന് രേണു ദേശായി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications