ഇൻഷൂറൻസിലൂടെ സ്ത്രീകൾ എഗ് ഫ്രീസ് ചെയ്യുക; അമ്മയായ ശേഷം ജോലിയിലുള്ള വെല്ലുവിളി; തുറന്ന് പറഞ്ഞ് ഉപാസന
താര പത്നി എന്നതിനപ്പുംറം പൊതുസമൂഹത്തിൽ തന്റേതായ സ്ഥാനമുള്ള വ്യക്തിയാണ് ഉപാസന കാമിനേനി. തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യയായ ഉപാസന അപ്പോൾ ഹോസ്പിറ്റൽസിന്റെ നേതൃനിരയിലുള്ള വ്യക്തിയുമാണ്. കഴിഞ്ഞ വർഷമാണ് ഉപാസനയ്ക്കും രാം ചരണിനും പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസന തീരുമാനിക്കുകയായിരുന്നു. അമ്മയാകാത്തതിനെക്കുറിച്ച് ചോദ്യങ്ങഴും അഭ്യൂഹങ്ങളും വന്നെങ്കിലും ഇതെല്ലാം അവഗണിച്ച് തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ ഉപാസനയ്ക്ക് കഴിഞ്ഞു.

മുപ്പതുകൾ പിന്നിട്ട ശേഷം അമ്മയായതിനാൽ ഉപാസന നേരത്തെ തന്നെ അണ്ഡ ശീതീകരണം (എഗ് ഫ്രീസിംഗ്) ചെയ്തിരുന്നു. ഇപ്പോഴിതാ അണ്ഡശീതീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉപാസന. ഇൻഷൂറൻസിലൂടെ സ്ത്രീകൾ അണ്ഡ ശീതീകരണം നടത്തണമെന്ന് ഉപാസന പറയുന്നു.
ഞാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം സ്ത്രീകൾ അവരുടെ എഗ് ഇൻഷുറൻസ് വഴി സംരക്ഷിക്കണം എന്നാണ്. കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാവുകയും സമ്പന്നരാവുകയും ചെയ്ത ശേഷം അമ്മയാകുന്നത് സ്ത്രീകളുടെയും രാജ്യത്തിന്റെയും പുരോഗതിക്ക് സഹായിക്കുമെന്നും ഉപാസന അഭിപ്രായപ്പെട്ടു.അമ്മയായ ശേഷം തനിക്ക് ജോലിയിൽ പ്രൊഡക്ടിവിറ്റി കുറഞ്ഞിട്ടുണ്ടെന്നും ഉപാസന തുറന്ന് പറഞ്ഞു.

അമ്മയായ ശേഷം മുമ്പത്തെ പോലെ പ്രൊഡക്ടീവ് ആവുകയെന്നത് വലിയ പോരാട്ടമാണ്. ഞാൻ പരാമവധി ശ്രമിക്കുന്നുണ്ട്. അതിൽ വിജയിക്കുമെന്ന് അറിയാം. ചിന്താഗതികൾ മാറേണ്ടതുണ്ട്. കോർപ്പറേറ്റ് ഇന്ത്യയിൽ സ്ത്രീകൾക്ക് ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
രാം ചരൺ സിനിമാ താരമായതിനാൽ വിവാഹ ജീവിതത്തിന്റെ തുടക്ക നാളുകളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും ഉപാസന തുറന്ന് പറഞ്ഞു. ഞാൻ വ്യത്യസ്തമായ ലോകത്ത് നിന്നാണ് വരുന്നത്. പക്ഷെ ഇപ്പോൾ രാം ചരണിന്റെ നിഴലായി നിൽക്കുന്നതിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന് വേണ്ടി അത്തരമൊരു വ്യക്തിയാകുന്നതിൽ ഒരുപാട് മനോഹാരിതയുണ്ടെന്ന് മനസിലാക്കുന്നെന്നും ഉപാസന വ്യക്തമാക്കി.
2012 ലാണ് ഉപാസനയും രാം ചരണും വിവാഹിതരായത്. ഉപാസനയെ പോലെ കരിയറിലെ തിരക്കുകളിലാണ് രാം ചരണും. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ വിജയത്തിന് ശേഷം രാം ചരണിന്റെ താരമൂല്യം കുതിച്ചുയർന്നിട്ടുണ്ട്. ഗെയിം ചേഞ്ചർ ആണ് രാം ചരണിന്റെ വരാനിരിക്കുന്ന സിനിമ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ രാം ചരണിനെക്കുറിച്ചും മകളെക്കുറിച്ചും ഉപാസന സംസാരിക്കുകയുണ്ടായി.
കുഞ്ഞ് അച്ഛനോടാണ് അടുപ്പം കാണിക്കുന്നതെന്നും അത് തനിക്ക് അസൂയ ഉണ്ടാക്കുന്നെന്നും ഉപാസന തമാശയായി പറഞ്ഞു. മകളുടെ കാര്യങ്ങളിൽ രാം ചരണും തുല്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. താൻ എവിടെയെങ്കിലും പോകുമ്പോൾ രാം ചരണാണ് കുഞ്ഞിനെ നോക്കാറെന്നും ഉപാസന പറഞ്ഞു. അതേസമയം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ വലിയ ശമ്പളം നൽകി ഒരു ആയയെ ദമ്പതികൾ ഏർപ്പാടാക്കിയിട്ടുണ്ട്.


Click it and Unblock the Notifications