വെല്ലുവിളികൾ ഏറ്റെടുത്താലേ അർത്ഥവത്തായ മാറ്റങ്ങളുണ്ടാകൂ; കോടികൾ മുടക്കി സമാന്ത
തെന്നിന്ത്യൻ സിനിമാ രംഗത്ത് താര പദവി നേടാൻ കഴിഞ്ഞ സമാന്ത ഇന്ന് ബോളിവുഡ് പ്രൊജക്ടുകളിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഫാമിലി മാൻ, സിതാഡെൽ തുടങ്ങിയ വലിയ പ്രൊജക്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞ സമാന്തയ്ക്ക് ഇന്ന് ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ട്. മുമ്പ് ചെയ്തത് പോലെയുള്ള നായികാ വേഷങ്ങൾ സമാന്ത ഇന്ന് ആഗ്രഹിക്കുന്നില്ല. ആക്ഷൻ റോളുകളോടാണ് നടിക്ക് താൽപര്യം. വരാനിരിക്കുന്ന രക്ത് ബ്രഹ്നാണ്ട്: ദ ബ്ലഡി കിംഗ്ഡം എന്ന സീരീസിലും ആക്ഷൻ റോൾ ആണ് സമാന്ത ചെയ്യുന്നതെന്നാണ് വിവരം.
തെന്നിന്ത്യൻ നായിക നടിമാരിൽ ഇന്ന് താരമൂല്യത്തിൽ മുൻനിരയിൽ സമാന്തയുണ്ട്. എന്നാൽ തെലുങ്കിലും തമിഴിലും നടി പ്രൊജക്ടുകൾ ചെയ്തിട്ട് ഏറെക്കാലമായി. അഭിനയിക്കുന്നില്ലെങ്കിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് നിർമാതാവായി സാന്നിധ്യമറിയിക്കുകയാണ് സമാന്ത. നടി ആദ്യമായി നിർമ്മിച്ച തെലുങ്ക് ചിത്രം ശുഭം റിലീസിന് ഒരുങ്ങുകയാണ്. ഹർഷിത് റെഡ്ഡി, ശ്രിയ കൊന്തം, ചരൺ പേരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. പ്രവീൺ കന്ത്രെഗുലയാണ് സംവിധായകൻ.

നിർമാതാവായുള്ള തന്റെ ചുവട് വെപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സമാന്തയിപ്പോൾ. നല്ല മാറ്റങ്ങൾക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ടെന്ന് സമാന്ത പറയുന്നു. ഐഎഎൻഎസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വെല്ലുവിളികൾ ഏറ്റെടുക്കാതെ അർത്ഥവത്തായ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. റിസ്കുകൾ എടുക്കുന്നതിന് ഞാനൊരിക്കലും മടിച്ചിട്ടില്ല. പലപ്പോഴും അത് ഫലം കണ്ടിട്ടുമുണ്ട്.
15 വർഷത്തെ ആക്ടറെന്ന നിലയിലുള്ള പാഠങ്ങളിലൂടെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കഥകളെക്കുറിച്ച് ഉറപ്പുണ്ടായിരിക്കാനും അവയെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കരുതുന്നു. പ്രൊഡ്യൂസറായത് ഫിലിം മേക്കിംഗിൽ തന്റെ അറിവ് കൂട്ടിയെന്നും സമാന്ത പറയുന്നു. അഭിനയത്തിനപ്പുറം ഫിലിം മേക്കിംഗിന്റെ എല്ലാ തലത്തിലുമുള്ള പ്രോസസിൽ ഇടപെടാൻ സാധിക്കുന്നു.

ഓരോ ഘട്ടം കഴിയുമ്പോഴും കൂടുതൽ പഠിക്കാനും മനസിലാക്കാനുമുണ്ടെന്ന് തോന്നുന്നെന്നും സമാന്ത വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം 65 കോടി രൂപയാണ് ശുഭം സിനിമയുടെ ബഡ്ജറ്റ്. കരിയറിനൊപ്പം സമാന്തയുടെ വ്യക്തി ജീവിതവും വലിയ തോതിൽ ചർച്ചയായതാണ്. വിവാഹ മോചനം, മയോസിറ്റിസ് ബാധിച്ച് ആരോഗ്യം മോശമായ നാളുകൾ എന്നിവയെല്ലാം ആരാധകരെയും വിഷമിപ്പിച്ചു.
പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് സമാന്തയിപ്പോൾ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ അവസാനം റിലീസ് ചെയ്ത തെലുങ്ക് സിനിമകൾ. യശോദയിൽ സമാന്തയാണ് ലീഡ് റോൾ ചെയ്തത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന വേഷം ചെയ്തു. ശാകുന്തളത്തിൽ ദേവ് മോഹനായിരുന്നു നായകൻ. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമാണ് ഖുശിയിൽ സമാന്ത അഭിനയിച്ചത്. സിതെഡെലിൽ ബോളിവുഡ് നടൻ വരുൺ ധവാനായിരുന്നു നായകൻ. സമാന്തയുടെ തെന്നിന്ത്യൻ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
നടൻ നാഗ ചെെതന്യയാണ് സമാന്തയുടെ മുൻ ഭർത്താവ്. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ പരസ്പരം ആലോചിച്ച് പിരിയുകയായിരുന്നെന്നാണ് താരങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നാഗ ചെെതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. ഇരുവരുടെയും വിവാഹ സമയത്ത് സമാന്തയായിരുന്നു സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം. സംവിധായകൻ രാജ് നിഡിമൊരുവുമായി സമാന്തയിപ്പോൾ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











