എല്ലാം പുരുഷൻമാരും അങ്ങനെയല്ല; അമ്മമാർക്ക് സന്തോഷ വാർത്തയുമായി ഉപാസന; അഭിനന്ദിച്ച് ആരാധകർ
ആരാധകർക്ക് പ്രിയപ്പെട്ട ദമ്പതികളാണ് രാം ചരണും ഉപാസന കാമിനേനിയും. രാം ചരൺ സിനിമാ ലോകത്തെ സൂപ്പർസ്റ്റാറാണെങ്കിൽ ഉപാസന അപ്പോളോ ഫൗണ്ടേഷന്റെ വൈസ് ചെയ്ർപേഴ്സണാണ്. കരിയറിന് രണ്ട് പേരും ഒരുപോലെ പ്രാധാന്യം നൽകുന്നു. 2012 ൽ വിവാഹിതരായ ശേഷം പെട്ടെന്ന് കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതും കരിയറിലെ തിരക്കുകൾ കാരണമാണ്. ബന്ധുക്കളുടെ വരെ ചോദ്യങ്ങളുണ്ടായിട്ടും തനിക്ക് ഉചിതമെന്ന് തോന്നുന്ന സമയത്ത് മാത്രമേ അമ്മയാകാൻ താൽപര്യമുള്ളൂയെന്ന് ഉപാസന വ്യക്തമാക്കി.
കാത്തിരിപ്പുകൾക്കൊടുവിൽ ഉപാസനയ്ക്കും രാം ചരണിനും പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ക്ലിൻ ക്ലാര കൊനിഡേല എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 34ാം വയസ്സിലാണ് ഉപാസന അമ്മയായത്. അമ്മയാകാൻ മാനസികമായി തയ്യാറെടുത്തതിനാൽ തന്നെ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ചും ഒപ്പം കരിയർ മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ചും ഉപാസനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.

ഇപ്പോഴിതാ മാതൃകാപരമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഉപാസന കാമിനേനി. ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്ന അമ്മമാർക്കായുള്ള സഹായ പദ്ധതിയാണ് ഉപാസന പ്രഖ്യാപിച്ചത്. ഇത് പ്രകാരം അപ്പോളോ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ സിംഗിൾ മദർ ആയ സ്ത്രീകളുടെ കുട്ടികൾക്ക് ഓരോ ആഴ്ചയിലും സൗജന്യ ചികിത്സ ലഭിക്കും. സിംഗിൾ മദേഴ്സിന് ഗർഭകാലത്ത് അപ്പോളോ ചിൽഡ്രൺസ് ഹോസ്പിറ്റലിന്റെ സഹായവും ലഭിക്കും.
തന്റെ ഗർഭകാലത്ത് ഭർത്താവ് രാം ചരണിന്റെ പിന്തുണയും സഹായവും ഉണ്ടായിരുന്നു. എന്നാൽ എല്ലാ പുരുഷൻമാരും തങ്ങളുടെ ഭാര്യമാരെ ഇത്തരത്തിൽ പിന്തുണക്കില്ല. ഭർത്താവിന്റെ സഹായമില്ലാതെ ഒരു കുഞ്ഞിനെ വളർത്തുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്ന് ഉപാസന ചൂണ്ടിക്കാട്ടി. താൻ അമ്മയായതിനെക്കുറിച്ചും ഉപാസന സംസാരിച്ചു. ഗർഭകാലം തന്നെ സംബന്ധിച്ച് മറക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ഉപാസന തന്റെ കുടുംബത്തെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്.

കുഞ്ഞ് ജനിച്ച ശേഷം ഉപാസന പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് കൂടിയാണിത്. മകൾ പിറന്ന് 48 ദിവസം പിന്നിട്ട ശേഷമാണ് ഉപാസന തന്റെ ആശുപത്രിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. താരപത്നിയുടെ തീരുമാനത്തെ നിരവധി പേർ അഭിനന്ദിച്ചു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നത്. അമ്മയാവാൻ സ്ത്രീകൾക്ക് വരുന്ന സമ്മർദ്ദത്തെക്കുറിച്ച് മുമ്പൊരിക്കൽ ഉപാസന സംസാരിച്ചിട്ടുണ്ട്.
വിവാഹവും അമ്മയാകലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്ന് ഉപാസന അന്ന് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മാതൃദിനത്തിലും തന്റെ നിലപാട് ഉപാസന വ്യക്തമാക്കി. സമൂഹത്തിന്റെ പ്രതീക്ഷകൾ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല താൻ അമ്മയാകാൻ തീരുമാനിച്ചത്. വിവാഹബന്ധത്തിന് ശക്തി പകരാനോ പാരമ്പര്യം നിലനിർത്താനോ അല്ല അമ്മയാകുന്നത്. എന്റെ കുഞ്ഞിന് അളവറ്റ സ്നേഹവും കരുതലും നൽകാൻ മാനസികമായി തയ്യാറെടുത്ത ശേഷമാണ് കുഞ്ഞിന് ജന്മം നൽകാൻ ഞാൻ തീരുമാനിച്ചതെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
രാം ചരണിന് കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് നടന്റെ പിതാവ് ചിരഞ്ജീവി. മരുമകൾ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ ചിരഞ്ജീവി ആഹ്ലാദത്തിലാണ്. മകളെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം വളർത്താനാണ് രാം ചരണിന്റെയും ഉപാസനയുടെയും തീരുമാനം.
ഇക്കാര്യം നേരത്തെ ഉപാസന വ്യക്തമാക്കിയിട്ടുണ്ട്. താനും രാം ചരണും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം ലഭിച്ച് വളർന്നവരാണ്. ആ സ്നേഹം കുഞ്ഞിനും ലഭിക്കണമെന്നാണ് ഉപാസന ഗർഭിണിയായിരിക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കുഞ്ഞിന് വേണ്ടി മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടവർ കെെ കൊണ്ട് നിർമ്മിച്ച തൊട്ടിലും ഉപാസന ഒരുക്കി.


Click it and Unblock the Notifications











