എല്ലാ മരുമകളെയും പോലെ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്; കുഞ്ഞിന് പേരിട്ട ചടങ്ങ് മറക്കാൻ പറ്റില്ലെന്ന് ഉപാസന കാമിനേനി
സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹജീവിതത്തിലേക്ക് കടന്ന് പത്ത് വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കരിയറിലെ തിരക്കുകൾ കാരണമാണ് ഉപാസന കുഞ്ഞ് പിന്നീട് മതിയെന്ന് തീരുമാനിച്ചത്. അപ്പോളോ ഹോസ്പിറ്റൽസിന്റെ നേതൃസ്ഥാനം വഹിക്കുന്നവരിലൊരാളാണ് ഉപാസന കാമിനേനി.
കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനമെടുത്തപ്പോൾ നേരിടേണ്ട വന്ന ചോദ്യങ്ങളെക്കുറിച്ച് ഉപാസന തുറന്ന് സംസാരിച്ചിട്ടുണ്ട്. അമ്മയാവാൻ വേണ്ടി സ്ത്രീകൾ നേരിടേണ്ടി വരുന്ന സമ്മർദ്ദവും ഉപാസന ചൂണ്ടിക്കാട്ടി. ഗർഭിണിയായ ശേഷം മാതൃദിനത്തിൽ ഉപാസന പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

സമൂഹത്തിന്റെ പ്രതീക്ഷകൾക്കാപ്പമെത്താനോ ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താനോ പാരമ്പര്യം നിലനിർത്താൻ വേണ്ടിയോ അല്ല താൻ ഗർഭിണിയായതെന്ന് ഉപാസന വ്യക്തമാക്കി. പുതിയ അഭിമുഖത്തിൽ തന്റെ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുകയാണ് ഉപാസന കാമിനേനി. കുഞ്ഞ് അച്ഛൻ രാം ചരണിനോടാണ് അടുപ്പം കാണിക്കുന്നതെന്നും ഇത് തനിക്ക് അസൂയ ഉണ്ടാക്കാറുണ്ടെന്നും ഉപാസന പറയുന്നു.
അമ്മ എനിക്ക് ഇടണമെന്ന് ആഗ്രഹിച്ച പേരാണ് ക്ലിൻ കാര. അമ്രബാദ് ടൈഗർ റിസോർട്ടിലെ ട്രെെബൽ വിഭാഗമാണ് കുഞ്ഞിന് പരമ്പരാഗത ചടങ്ങിൽ പേരിട്ടത്. അതെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. എനിക്ക് തിരക്കുള്ളപ്പോൾ കുഞ്ഞിനെ രാം ചരണാണ് നോക്കാറ്. ഉത്തരവാദിത്വങ്ങൾ രണ്ട് പേരും പങ്കിടാറാണ് പതിവെന്നും ഉപാസന വ്യക്തമാക്കി. വിവാഹ ജീവിതത്തിലേക്ക് കടന്ന സമയത്തെക്കുറിച്ചും ഉപാസന സംസാരിച്ചു.

എനിക്ക് മാത്രമല്ല, വിവാഹിതയാകുന്ന എല്ലാ പെൺകുട്ടികൾക്കും അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും. പുതിയൊരു മകളെ വീട്ടിലേക്ക് കൊണ്ട് വരുന്ന കുടുംബവും അഡജസ്റ്റ് ചെയ്യും. ഞാനും അതിലൂടെ കടന്ന് പോയിട്ടുണ്ട്. ഞങ്ങൾക്ക് പരസ്പരം ബഹുമാനമുണ്ടെന്നും ഉപാസന വ്യക്തമാക്കി.രാം ചരൺ നല്ല കേൾവിക്കാരനാണെന്നും താനാണ് അധികം സംസാരിക്കാറെന്നും ഉപാസന വ്യക്തമാക്കി. 2012 ലാണ് ഉപാസനയും രാം ചരണവും വിവാഹിതരായത്.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് ഉപാസന തുറന്ന് സംസാരിക്കുകയുണ്ടായി. രാം ചരൺ സിനിമാ താരമായതിനാൽ എല്ലാ പെൺകുട്ടികളെയും പോലെ ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ട്. രാം ചരൺ അടുത്ത സുഹൃത്ത് കൂടിയായതിനാൽ ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കാനായി. ഇത് തന്റെ ജോലിയാണെന്ന് പറഞ്ഞ് മനസിലാക്കിയെന്നും പിന്നീട് തനിക്ക് ഇത്തരം തോന്നലുകൾ ഉണ്ടായിട്ടില്ലെന്നും ഉപാസന വ്യക്തമാക്കി.
അടുത്തിടെ കുഞ്ഞിനെ നോക്കാൻ ദമ്പതികൾ ആയയെ വെച്ച വാർത്തയും പുറത്ത് വന്നിരുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കരിയറിലെ തിരക്കുകളിൽ നിന്നും രണ്ട് പേരും മാറി നിന്നു. എന്നാൽ വീണ്ടും തിരക്കുകളിലേക്ക് കടന്ന സാഹചര്യത്തിലാണ് ആയയെ വെച്ചതെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്.
കരീന കപൂറിന്റെ മകന്റെ ആയയായിരുന്ന സാവിത്രിയാണ് ഉപാസനയുടെ കുഞ്ഞിന്റെ ആയയെന്നാണ് വിവരം. ഇതേക്കുറിച്ച് ഉപാസനയോ രാം ചരണോ പ്രതികരിച്ചിട്ടില്ല. ഗെയിം ചേഞ്ചർ എന്ന സിനിമയാണ് രാം ചരണിന്റേതായി പുറത്തിറങ്ങാനുള്ളത്. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ഗെയിം ചേഞ്ചറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications