അനുഷ്ക ഷെട്ടിയെ മരുമകളാക്കാൻ ആഗ്രഹിച്ച് നിർമാതാവ്; വിവാഹാലോചനയ്ക്ക് നടി നൽകിയ മറുപടി
തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നായികയാണ് അനുഷ്ക ഷെട്ടി. കർണാടകക്കാരിയായ അനുഷ്കയ്ക്ക് തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് വളരെ പെട്ടെന്ന് ശ്രദ്ധ നേടാനായി. വശ്യമായ സൗന്ദര്യമാണ് അനുഷ്ക ഷെട്ടിയെ തുടക്ക കാലത്ത് പ്രശസ്തയാക്കിയത്. നിരവധി സിനിമകളിൽ അതീവ ഗ്ലാമറസായി അനുഷ്ക അഭിനയിച്ചു. സൂപ്പർസ്റ്റാറുകളുടെ നായികയായി കുറച്ച് കാലം അനുഷ്ക കരിയറിൽ നിലനിൽക്കുമെന്ന് മാത്രമാണ് അക്കാലത്ത് പ്രേക്ഷകർ കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. അരുന്ധതി എന്ന സിനിമയുടെ വിജയത്തോടെ അനുഷ്കയുടെ കരിയർ ഗ്രാഫ് മാറി.
സൂപ്പർഹിറ്റായ സിനിമ അനുഷ്കയ്ക്ക് അതുവരെയുണ്ടായിരുന്ന ഇമേജുകൾ പൊളിച്ചെഴുതാൻ സഹായിച്ചു. സിനിമയിലെ പ്രധാന കഥാപാത്രം അനുഷ്കയായിരുന്നു. മികച്ച പ്രകടനം അനുഷ്ക അരുന്ധതിയിൽ കാഴ്ച വെച്ചു. പിന്നീട് തെലുങ്ക് സിനിമാ ലോകത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം താരത്തിന് ലഭിച്ചു. ബാഹുബലി എന്ന സിനിമ റിലീസ് ചെയ്തതോടെ അനുഷ്കയുടെ താരമൂല്യം വീണ്ടും ഉയരുകയും ചെയ്തു.
എന്നാൽ ബാഹുബലിക്ക് ശേഷം അനുഷ്കയെ അധികം സിനിമകളിൽ കണ്ടിട്ടില്ല. എന്താണ് അനുഷ്കയുടെ കരിയറിന് സംഭവിച്ചതെന്നതിൽ പല വാദങ്ങളും ഉണ്ട്. നടി കൂടുതൽ സെലക്ടീവ് ആയെന്നാണ് ചിലർ പറയുന്നത്. അതേസമയം വണ്ണം കൂടിയത് മൂലം അനുഷ്കയുടെ മാർക്കറ്റ് ഇടിഞ്ഞതാണെന്നും വാദമുണ്ട്. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോടൊന്നും അനുഷ്ക ഷെട്ടി പ്രതികരിച്ചിട്ടില്ല. ഏറെനാളുകൾക്ക് ശേഷം അനുഷ്ക വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ്. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്.

കരിയറിനപ്പുറം അനുഷ്കയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. 41 കാരിയായ അനുഷ്ക ഇപ്പോഴും അവിവാഹിതയാണ്. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും താരങ്ങൾ ഇത് നിഷേധിക്കുകയാണുണ്ടായത്. പ്രായം 40 കഴിഞ്ഞിട്ടും അനുഷ്ക വിവാഹത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്.
തെലുങ്ക് സിനിമാ ലോകത്ത് നിന്നും നടിക്ക് വിവാഹ ആലോചനകൾ വന്നിരുന്നു. എന്നാൽ അനുഷ്ക ഇവ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സിനിമാ നിർമാതാവായ രാഘവേന്ദ്ര റാവുവാണ് തന്റെ മകൻ പ്രകാശ് കോവലമുടിക്ക് വേണ്ടി അനുഷ്കയെ വിവാഹമാലോചിച്ചത്. എന്നാൽ ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് അനുഷ്ക വ്യക്തമാക്കി. അനുഷ്കയുടെ സൈസ് സീറോ എന്ന സിനിമ നിർമ്മിച്ചത് രാഘവേന്ദ്ര റാവുവാണ്.

വിവാഹജീവിതത്തിലേക്ക് കടക്കാൻ അനുഷ്ക താൽപര്യപ്പെടുന്നില്ലേ എന്നും സിനിമാ ലോകത്ത് ചോദ്യമുണ്ട്. അനുഷ്കയ്ക്കൊപ്പം സിനിമാ രംഗത്ത് തിളങ്ങിയ പല നടിമാരും വിവാഹജീവിതത്തിലേക്ക് കടന്നു. ശ്രിയ ശരൺ, നയൻതാര, കാജൽ അഗർവാൾ, ഹൻസിക തുടങ്ങിയ നടിമാർ ഇന്ന് വിവാഹിതരാണ്. ഇവരിൽ പലർക്കും കുട്ടികളും പിറന്നു.
പ്രഭാസുമായി അനുഷ്ക ഷെട്ടി വിവാഹത്തിനൊരുങ്ങുന്നെന്ന ഗോസിപ്പുകൾ പല വട്ടം ഉയർന്നിരുന്നു. ഇരുവരും ഒന്നിക്കാൻ ആരാധകരും ഏറെ ആഗ്രഹിച്ചു. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ താരങ്ങളുടെ കെമിസ്ട്രി ഏറെ ജനശ്രദ്ധ നേടി. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്നാണ് അനുഷ്കയും പ്രഭാസും ആവർത്തിച്ചത്. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമില്ല.
43 കാരനായ പ്രഭാസും അവിവാഹിതനായി തുടരുകയാണ്. അനുഷ്കയ്ക്ക് പുറമെ കൃതി സനോൻ ഉൾപ്പെടെയുള്ള നടിമാർക്കൊപ്പം ചേർത്തും പ്രഭാസിന്റെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ചു. എന്നാൽ ഇത്തരം പ്രചരണങ്ങളെയെല്ലാം പ്രഭാസ് നിഷേധിക്കുകയാണുണ്ടായത്. ആദിപുരുഷ് ആണ് പ്രഭാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications