കുടുംബം തകർത്തവൾ എന്ന് വിളിക്കുന്നതിലും നല്ലത്; സാവിത്രിയെക്കുറിച്ച് വിജയ് പറഞ്ഞത്; അന്നുണ്ടായ വിവാദം
ടോളിവുഡിലെ യൂത്ത് ഐക്കണാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് മാറിമറിഞ്ഞ വിജയ് ദേവരകൊണ്ട വളരെ പെട്ടെന്നാണ് സെൻസേഷനായി മാറിയത്. തെന്നിന്ത്യയിലൊന്നാകെ വിജയ് ദേവരകൊണ്ട ആരാധകവൃന്ദം സൃഷ്ടിച്ചു. എന്നാൽ പ്രശസ്തിക്കൊപ്പം തന്നെ നടനെ തേടി വന്നതാണ് വിവാദങ്ങളും. വിജയ് ദേവരകൊണ്ട എന്ത് ചെയ്താലും വിവാദമാകുന്ന സാഹചര്യവും ഒരുഘട്ടത്തിൽ ഉണ്ടായി.
ഒരു പരിധിവരെ അർജുൻ റെഡ്ഡി എന്ന സിനിമയുണ്ടാക്കിയ പ്രതിച്ഛായയും ഇതിന് കാരണമാണ്. സ്ത്രീവിരുദ്ധ സീനുകളുടെ പേരിൽ വ്യാപക വിമർശനം കേട്ട സിനിമയാണ് അർജുൻ റെഡ്ഡി. സിനിമയെ പിന്തുണച്ച് വിജയ് ദേവരകൊണ്ട സംസാരിച്ചതോടെ നടനെതിരെയും കുറ്റപ്പെടുത്തലുകൾ വന്നു. തന്നെ സ്ത്രീ വിരുദ്ധനായ വ്യക്തിയായാണ് പലരും കാണുന്നതെന്ന് മുമ്പൊരിക്കൽ വിജയ് ദേവരകൊണ്ട തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു വിവാദത്തിൽ വിജയ് ദേവരകൊണ്ട അകപ്പെട്ടിരുന്നു. അന്തരിച്ച പഴയ കാല നടി സാവിത്രിയെ നടൻ ആക്ഷേപിച്ചു എന്നായിരുന്നു വിമർശനം. സാവിത്രിയുടെ ബയോപിക്കായ മഹാനടിയിൽ ഒരുവേഷം വിജയ് ദേവരകൊണ്ടയും ചെയ്തിട്ടുണ്ട്. സാവിത്രിയുടെ കാർ കലക്ഷനെക്കുറിച്ചുള്ള ഒരു കുറിപ്പ് സിനിമയുടെ റിലീസിന് പിന്നാലെ നടൻ പങ്കുവെച്ചു. നടിയെ പ്രശംസിക്കാനാണ് വിജയ് ദേവരകൊണ്ട ഉദ്ദേശിച്ചതെങ്കിലും പോസ്റ്റിനൊപ്പം നടനെഴുതിയ ക്യാപ്ഷൻ 'വാട്ട് എ കൂൾ ചിക്' എന്നായിരുന്നു.
പിന്നാലെ സിനിമാലോകം ബഹുമാന്യം സ്ഥാനം നൽകിയ സാവിത്രിയെ വിജയ് ദേവരകൊണ്ട അവഹേളിച്ചു എന്ന വിമർശനം സോഷ്യൽ മീഡിയയിൽ വന്നു. സ്ത്രീവിരുദ്ധമായ വാക്ക് പിൻവലിച്ച് നടൻ മാപ്പ് പറയണമെന്നും ആവശ്യം വന്നു. എന്നാൽ താൻ പറഞ്ഞ കാര്യത്തിൽ വിജയ് ദേവരകൊണ്ട ഉറച്ച് നിന്നു.

സാവിത്രിയെ അവഹേളിക്കാനല്ല താനുദ്ദേശിച്ചതെന്നും കുടുംബം തകർത്തവൾ, മദ്യപാനി എന്ന് വിളിക്കുന്നതിന് പകരം താൻ കൂൾ ചിക് എന്ന് വിശേഷിപ്പിച്ചത് കേട്ടാൽ സാക്ഷാൽ സാവിത്രി സന്തോഷിക്കുമെന്നും വിജയ് ദേവരകൊണ്ട മറുപടി നൽകി. വിജയ് ദേവരകൊണ്ടയുടെ മറുപടി അന്ന് ആരാധകരുടെ കൈയടി നേടി. 2018 ലാണ് മഹാനടി റിലീസ് ചെയ്തത്. കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്തത്.
തെന്നിന്ത്യയിലെ പ്രഗൽഭയായ നടിയായ സാവിത്രിയെ ഇന്നും ആരാധനയോടെയാണ് സിനിമാ ലോകം കാണുന്നത്. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകത്ത് സാവിത്രി ഇന്നും മഹാനടിയായി വാഴ്ത്തപ്പെടുന്നു. ആഘോഷിക്കപ്പെട്ട നടിയാണെങ്കിലും ജീവിതത്തിൽ പല പ്രതിസന്ധികളും സാവിത്രിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ജെമിനി ഗണേശനുമായുള്ള വിവാഹത്തിന് ശേഷമാണ് നടിക്ക് ജീവിതത്തിൽ താളം തെറ്റിയത്.
ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായാണ് സാവിത്രി നടന്റെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. രണ്ട് മക്കളും താരദമ്പതികൾക്ക് ജനിച്ചു. കുറച്ച് വർഷങ്ങൾക്കുള്ളിൽ സാവിത്രിയും ജെമിനി ഗണേശനും തമ്മിൽ അകന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങൾക്കിടെ സാവിത്രിയുടെ ജീവിതം താളം തെറ്റി. നടി മദ്യത്തിന് അടിമപ്പെട്ടു. കരിയറിലെ താരത്തിളക്കവും സാവിത്രിക്ക് നഷ്‌ടമായി. മദ്യപാനം മൂലം ആരോഗ്യം മോശമായ സാവിത്രിക്ക് അവസാന കാലത്ത് സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടു.
സാവിത്രിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മഹാനടിയിൽ കാണിക്കുന്നുണ്ട്. സിനിമയിൽ സാവിത്രിയായി മികച്ച പ്രകടനമാണ് കീർത്തി സുരേഷ് കാഴ്ച വെച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷ് സ്വന്തമാക്കി.


Click it and Unblock the Notifications