ഇന്ന് നായികയാകാൻ ക്യൂ; പക്ഷെ അല്ലു അർജുന്റെ അന്നത്തെ നായികമാർക്ക് സംഭവിച്ചത്; നടിമാരുടെ ഇന്നത്തെ ജീവിതം
തെലുങ്ക് സിനിമാ ലോകത്ത് ഇന്ന് അല്ലു അർജുനുള്ള താരമൂല്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം അല്ലുവിന് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുണ്ട്. അതേസമയം പാൻ ഇന്ത്യൻ താരമാകുന്നതിന് മുമ്പേ അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനാണ്. മല്ലു അർജുൻ എന്ന് മലയാളി ആരാധകർ നടനെ സ്നേഹത്തോടെ വിളിച്ചിട്ടുണ്ട്. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഒരു കാലത്ത് തരംഗമായിരുന്നു.
ആര്യ എന്ന സിനിമയാണ് ഇക്കൂട്ടത്തിൽ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ വന്ന കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം കേരളത്തിൽ വൻ ഹിറ്റായി. മലയാളികളിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലു അർജുൻ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. കൂടുതലും റൊമാന്റിക് സിനിമകൾ ചെയ്ത കാലത്താണ് അല്ലു അർജുൻ കേരളത്തിൽ ജനപ്രീതി നേടുന്നത്.

അക്കാലത്ത് അല്ലു അർജുൻ സിനിമകളിലെ നായികമാരും ശ്രദ്ധിക്കപ്പെട്ടു. നായികമാർക്ക് വലിയ പ്രാധാന്യമുള്ള സിനിമകളാണ് ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയവയെല്ലാം. ഈ സിനിമകളിലൂടെ അല്ലു അർജുൻ താര പദവിയിലേക്ക് വന്നെങ്കിലും നടിമാർക്ക് ഇതായിരുന്നില്ല സാഹചര്യം. ഇവരാരും തന്നെ സിനിമാ രംഗത്ത് പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല. നടി അനു മെഹ്തയാണ് ആര്യയിൽ നായികയായത്. നടി ലൈം ലൈറ്റ് വിട്ടിട്ട് വർഷങ്ങൾ ഏറെയായി. അനു മെഹ്ത ഇന്നെവിടെയാണെന്ന് പോലും ആരാധകർക്ക് അറിയില്ല.
ബണ്ണി എന്ന ചിത്രത്തിൽ നായികയായെത്തിയ ഗൗരി മുജ്ജലിനും കരിയറിൽസമാന സാഹചര്യമായിരുന്നു. ഡൽഹിക്കാരിയായ ഗൗരിയുടെ ആദ്യ ചിത്രമാണ് ബണ്ണി. ആദ്യ ചിത്രം വൻ ഹിറ്റായെങ്കിലും പിന്നീട് നടിക്ക് വലിയ അവസരങ്ങൾ ലഭിച്ചില്ല. തമിഴിലും തെലുങ്കിലും കന്നഡയിലും ഗൗരി സിനിമകൾ ചെയ്തു. മലയാളത്തിൽ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

2011 ന് ശേഷം നടി സിനിമാ ലോകം വിട്ടു. അല്ലു അർജുൻ നായകനായെത്തിയ ആദ്യ ചിത്രമാണ് 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി. അതിദി അഗർവാളാണ് ചിത്രത്തിൽ നായികയായെത്തിയത്. ഈ നടിയും സിനിമാ ലോകത്ത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയാണ് അതിദി അഗർവാളിപ്പോൾ.
അല്ലു അർജുന്റെ മറ്റൊരു ഹിറ്റ് ചിത്രമായ കൃഷ്ണയിൽ നായികായെത്തിയത് നടി ഷീല കൗർ ആണ്. മലയാളത്തിൽ മായാബസാർ, മേക്കപ്പ്മാൻ എന്നീ സിനിമകളിൽ ഷീല കൗർ അഭിനയിച്ചിട്ടുണ്ട്. അനുരാധ മെഹ്ത, ഗൗരി മുജ്ജൽ എന്നീ നടിമാരുമായി താരതമ്യം ചെയ്യുമ്പോൾ കരിയറിൽ ഷീല കുറേക്കൂടി സജീവമായിരുന്നു.
2006 ൽ പുറത്തിറങ്ങിയ സീതകൊക ചിലുക എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഷീല കൗർ നായികയായി തുടക്കം കുറിച്ചത്. പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടി വന്നു. 2018 ൽ പുറത്തിറങ്ങിയ ഹൈപർ എന്ന കന്നഡ സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിന് മുമ്പേ തന്നെ കരിയറിൽ വലിയ ഇടവേളകൾ ഷീല കൗറിന് വന്നിരുന്നു. 2020 ൽ നടി ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയെ വിവാഹം ചെയ്തു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.


Click it and Unblock the Notifications