ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം വേണ്ടെന്ന് വെച്ചു, ഒടുവിൽ ആത്മഹത്യ ചെയ്ത ഉദയ്; നടന് സംഭവിച്ചത്
തെലുങ്ക് സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത നടനാണ് ഉദയ് കിരൺ. ടോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഉദയ് കിരണിന്റെ വളർച്ചയെ കണ്ടത്. ഭാവിയിലെ സൂപ്പർതാരമായി ഉദയ് കിരൺ കിരൺ മാറുമെന്ന് ഏവർക്കും ഉറപ്പായിരുന്നു. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളാണ് ഉദയ് കിരണിന്റെ ജീവിതത്തിൽ നടന്നത്. ഒടുക്കം 20114 ൽ തന്റെ അപാർട്മെന്റിൽ തൂങ്ങി മരിക്കുകയായിരുന്നു നടൻ. ഉദയ് കിരണിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
വിജയവാഡയിൽ ജനിച്ച് വളർന്ന ഉദയ് കിരണിന് സിനിമാ ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മോഡലിംഗിലാണ് ഉദയ് കിരൺ തുടക്കം കുറിക്കുന്നത്. തെലുങ്ക് സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ ഉദയ് കിരണിന് ഭാഗ്യം തെളിഞ്ഞു. തുടരെ ഇദ്ദേഹത്തിന്റെ മൂന്ന് സിനിമകൾ ഹിറ്റായി. മൂന്നും പ്രണയ കഥകളായിരുന്നു. ഇതോടെ റൊമാന്റിക് ഹീറോയായി 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ഉദയ് കിരൺ സെൻസേഷൻ സൃഷ്ടിച്ചു. ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച് ഉദയ് കിരൺ മുന്നോട്ട് പോയി.

കുടുംബ വാഴ്ച കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമാ ലോകത്താണ് ഉദയ് കിരൺ തരംഗമായതെന്നത് ശ്രദ്ധേയമാണ്. എന്നാൽ അപ്രതീക്ഷിതമായ വീഴ്ച ഉദയ് കിരണിന് സംഭവിച്ചു. വ്യക്തി ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ ഇതിന് കാരണമാണ്. ഒരു ജേർണലിസ്റ്റുമായി പ്രണയത്തിലായിരുന്നു ഉദയ് കിരൺ. എന്നാൽ ഈ പ്രണയബന്ധം മുന്നോട്ട് പോയില്ല. ഇതിൽ ഏറെ വിഷമിച്ച ഉദയ് കിരണിനെ പ്രമുഖ താരം ചിരഞ്ജീവി ആശ്വസിപ്പിച്ചു. ഉദയ് കിരണിനെ അടുത്തറിയാവുന്ന ചിരഞ്ജീവി പിന്നീട് തന്റെ മകൾ സുഷ്മിതയുമായി ഉദയ് കിരണിന്റെ വിവാഹ നിശ്ചയം ഉറപ്പിക്കുകയും ചെയ്തു.
ഇതേക്കുറിച്ച് ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ചിരഞ്ജീവി ഗാരുവാണ് സഹോദരന് മുന്നിൽ ഇങ്ങനെയൊരു പ്രൊപ്പോസൽ വെച്ചത്. എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷം തങ്ങൾ തമ്മിൽ ചേരില്ലെന്ന് ഉദയ് കിരൺ മനസിലാക്കി. വിവാഹം വേണ്ടെന്ന് വെച്ചത് സഹോദരന്റെ തീരുമാനമായിരുന്നെന്നും 2017 ൽ നൽകിയ അഭിമുഖത്തിൽ ഉദയ് കിരണിന്റെ സഹോദരി വെളിപ്പെടുത്തി. ചിരഞ്ജീവി നല്ല വ്യക്തിയാണെന്നും സഹോദരി അന്ന് വ്യക്തമാക്കി.

2012 ലാണ് ഉദയ് കിരൺ വിവാഹിതാനാകുന്നത്. വിശിഷ്ട എന്നാണ് ഭാര്യയുടെ പേര്. ഇതിനിടെ കരിയറിൽ വലിയ തകർച്ച ഉദയ് കിരണിന് വന്നിരുന്നു. മുൻനിര നായക സ്ഥാനം ഉദയ് കിരണിന് നഷ്ടപ്പെട്ടു. 2014 ലാണ് ഉദയ് കിരൺ ഹെദരാബാദിൽ സ്വന്തം അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ചത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംശയാസ്പദമായ മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പിന്നീട് പുറത്ത് വന്ന വവര പ്രകാരം സാമ്പത്തിക പ്രതിസന്ധികൾ ഉദയ് കിരണിനെ ബാധിച്ചിരുന്നു. ഒരു വർഷത്തോളമായി ഇക്കാരണത്താൽ നടൻ ഡിപ്രഷനിലുമായിരുന്നു. മരിക്കുന്ന സമയത്ത് നടന് കരിയറിൽ പഴയ താരത്തിളക്കം ഉണ്ടായിരുന്നില്ല. തെലുങ്ക് സിനിമാ ലാേകം അടക്കി വാഴുന്ന നാല് സിനിമാ കുടുംബങ്ങൾ ഉദയ് കിരണിന്റെ കരിയറിനെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം അക്കാലത്ത് വന്നിരുന്നു.
എന്നാൽ പിന്നീട് ഇവ കെട്ടടങ്ങി. 2021 ൽ നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തപ്പോഴും സമാന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം മൂലം സുശാന്തിന് അവസരങ്ങൾ നഷ്ടപ്പെട്ടെന്നാണ് വന്ന ആരോപണം. വിഷാദരോഗം ബാധിച്ച നടൻ മാനസികമായി തകർന്നിരുന്നു.


Click it and Unblock the Notifications











