നാഗാർജുനയും ആദ്യ ഭാര്യയും വേർപിരിയാൻ കാരണം; പിതാവിന്റെ വാക്കുകൾക്കിടെ ചർച്ചയായി താരകുടുംബം
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരങ്ങളിലൊരാളാണ് നാഗാർജുന. അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നാഗാർജുന തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടന്റെ രണ്ട് മക്കളും ഇന്ന് സിനിമാ രംഗത്ത് സജീവമാണ്. നാഗ ചൈതന്യ, അഖിൽ അക്കിനേനി എന്നിവരാണ് നാഗാർജുനയുടെ മക്കൾ. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് നാഗ ചൈതന്യ.
ഈ ബന്ധം പിരിഞ്ഞ ശേഷം നടി അമലയെ താരം വിവാഹം ചെയ്തു. ഇവർക്ക് ജനിച്ച മകനാണ് അഖിൽ അക്കിനേനി. മക്കൾ രണ്ട് പേരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ നാഗാർജുനയ്ക്കുണ്ട്. 1984 ലാണ് നാഗാർജുന ലക്ഷ്മി ദഗുബതിയെ വിവാഹം ചെയ്യുന്നത്. രണ്ട് വർഷത്തിനുള്ള നാഗ ചൈതന്യ പിറന്നു. എന്നാൽ 1990ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്.

തെലുങ്ക് സിനിമാ ലോകത്തെ പ്രബലനായ ഡോ. രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി ദഗുബതി. ലക്ഷ്മിയും നാഗാർജുനയും എന്തിനാണ് വേർപിരിഞ്ഞതെന്ന് സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ അന്ന് വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് രണ്ട് പേരും പ്രതികരിച്ചില്ല.
ഇപ്പോഴിതാ നാഗാർജുനയുടെ പിതാവ് അക്കിനേനി നാഗേശ്വര റാവു മുമ്പൊരിക്കൽ മകനെക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മകന്റെ വിവാഹമോചനത്തെക്കുറിച്ച് പരാമർശിച്ചില്ലെങ്കിലും മകൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സാഹചര്യത്തെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നുണ്ട്.

നാഗാർജുന ഒരു സിനിമാ താരമായി മാറുമെന്ന് താൻ കരുതിയില്ലെന്നും അതിനാൽ മകനെ ബിസിനസിലേക്ക് കൊണ്ട് വരാൻ താൻ ശ്രമിച്ചതെന്നും മുമ്പൊരിക്കൽ നവാഗേശ്വര റാവു തുറന്ന് പറഞ്ഞു. ഇതിനായി യുഎസിൽ ഒരു ബിസിനസ് കോഴ്സിന് നാഗാർജുനയെ ചേർത്തു. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മകൻ വിവാഹിതനായി.
ബിസനസ് തുടങ്ങാനുള്ള ചർച്ചകൾ നടക്കവെ തനിക്ക് അഭിനയിക്കാനാണ് താൽപര്യമെന്ന് നാഗാർജുന പറഞ്ഞു. എന്നാൽ ആക്ടിംഗ് കോഴ്സ് പഠിച്ചിട്ടില്ല. ഇതോടെ ഡയലോഗ് ഡെലിവറിയും കരാട്ടെയും നാഗാർജുന പഠിച്ചു. മുംബൈയിൽ പോയി ആറ് മാസത്തെ ആക്ടിംഗ് കോഴ്സും ചെയ്തു. ഇതിന് ശേഷമാണ് മകനെ സിനിമയിലേക്ക് കൊണ്ട് വന്നതെന്ന് നാഗേശ്വര റാവു അന്ന് വ്യക്തമാക്കി.
സിനിമാ രംഗത്തേക്ക് വരുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നാഗാർജുനയും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം നാഗാർജുന അഭിനയ രംഗത്തേക്ക് കടക്കുന്നതിൽ ലക്ഷ്മിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ അകലുന്നതും വിവാഹമോചനം നേടുന്നതും. 1992 ലാണ് നാഗാർജുന അമല അക്കിനേനിയെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം അമല അഭിനയ രംഗത്ത് നിന്നും മാറി നിന്നു.
വിവാഹമോചനം അക്കിനേനി കുടുംബത്തിൽ പതിവാണെന്ന് പൊതുവെ സിനിമാ ലോകത്ത് സംസാരമുണ്ട്. നാഗാർജുനയ്ക്ക് പുറമെ ഈ കുടുംബത്തിലെ മറ്റ് ചിലരും വിവാഹമോചിതരായിട്ടുണ്ട്. 2021 ൽ നാഗാർജുനയുടെ മകൻ നാഗ ചൈതന്യയും വിവാഹമോചനം നേടി. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നാഗ ചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. പിരിഞ്ഞതിന് കാരണം എന്തെന്ന് വ്യക്തമല്ല. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഈ വിവാഹം പിന്നീട് വേണ്ടെന്ന് വെക്കുകയാണുണ്ടായത്.


Click it and Unblock the Notifications











