വിവാഹം കഴിഞ്ഞ ശേഷം ഞാൻ മിസ് ചെയ്തത്; നാഗാർജുന അത് മനസിലാക്കി; അമലയുടെ വാക്കുകൾ
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് സെൻസേഷനായി മാറിയ താരമാണ് അമല അക്കിനേനി. മലയാളി പ്രേക്ഷകർ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെയാണ് ഇന്നും അമലയെ ഓർക്കുന്നത്. 1991 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും അനശ്വരമായി പ്രേക്ഷകരുടെ മനസിൽ നിൽക്കുന്നു. തിരക്കേറിയ നടിമായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെയാണ് അമല വിവാഹിതയാകുന്നതും അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിക്കുന്നതും.
തെലുങ്ക് സൂപ്പർതാരം നാഗാർജുനയെയാണ് അമല വിവാഹം ചെയ്തത്. വിവാഹശേഷം ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്ക് അമല മാറി താമസിക്കുകയും ചെയ്തു. സിനിമാ രംഗത്തേക്ക് വർഷങ്ങൾക്ക് ശേഷമാണ് അമല മടങ്ങി വന്നത്. പഴയത് പോലെ തിരക്ക് പിടിച്ച് അമല ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച് അമല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹത്തിന് ശേഷം ഹൈദരാബാദിലേക്ക് ജീവതം പറിച്ച് നട്ടതിനെക്കുറിച്ച് അമല സംസാരിച്ചു. വിവാഹം കഴിഞ്ഞ ആദ്യ വർഷം ചെന്നെെ ഞാൻ മിസ് ചെയ്തു. കടലോരത്തായിരുന്നു എന്റെ വീട്. ഹെെദരാബാദിലെ വീട്ടിൽ ഞാനേറ്റവും കൂടുതൽ മിസ് ചെയ്തത് കടലിന്റെ ശബ്ദമാണ്. അതിനാൽ നാഗാർജുന സിഡിയിൽ കടലിന്റെ ശബ്ദം വെക്കും. പിന്നെ പതിയെ പുതിയ വീട്ടിൽ ശീലമായെന്നും അമല അക്കിനേനി വ്യക്തമാക്കി.
വിവാഹത്തിന് ശേഷം ജീവിതം തിരക്കുള്ളതും സന്തോഷകരവുമായിരുന്നു. ഹൈദരാബാദിൽ അനിമൽ വെൽഫെയർ സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ബോറടിക്കുന്നു, സിനിമ ചെയ്യാം എന്നൊന്നും തോന്നിയില്ല. പിന്നീട് അമ്മ വേഷങ്ങൾ വന്നു. എന്നാൽ തനിക്ക് തന്റേതായ തിരക്കുകൾ ഉണ്ടായിരുന്നെന്നും അമല അക്കിനേനി വ്യക്തമാക്കി. ദേഷ്യമില്ലാതെ ശാന്തമായി പെരുമാറുന്നതിനെക്കുറിച്ചും അമല അന്ന് സംസാരിച്ചു.

മൃഗസംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചപ്പോൾ അവയുടെ കഷ്ടപ്പാടുകൾ കണ്ട് ഞാൻ ദുഖിച്ചു. അപ്പോൾ ഞാൻ ഗർഭിണിയുമാണ്. ഒരു ഇമോഷണൽ സമയം കൂടിയാണല്ലോ അത്. കുറച്ച് നാൾ മാറി നിന്ന് മെഡിറ്റേഷന് പോയി. വിപാസന മെഡിറ്റേഷൻ സെന്ററിൽ പോയി ധ്യാനിക്കാൻ പഠിച്ചു. ഇരുപത് വർഷമായി തുടർച്ചയായി എല്ലാ വർഷവും പത്ത് ദിവസവും ആ മെഡിറ്റേഷൻ സെന്ററിൽ പോകും. ദേഷ്യം നിയന്ത്രിക്കുന്നതിൽ അതും ഒരു കാരണമാണെന്ന് കരുതുന്നു.
എല്ലാവരെയും പോലെ എനിക്കും ദേഷ്യം വരും. പക്ഷെ അതിന് അഞ്ച് നിമിഷം മാത്രമേ ആയുസുള്ളൂ. ദേഷ്യത്തിനുള്ള കാരണം മനസിലാക്കും. ആരെയും വേദനിപ്പിക്കുന്ന വാക്കുകൾ ഞാൻ പറയില്ല. ശക്തമായി നോ പറയുകയേ ഉള്ളൂയെന്നും അമല അക്കിനേനി വ്യക്തമാക്കി.
എന്റെ അമ്മ ഐറിഷുകാരിയാണ്. എല്ലാ സ്വാതന്ത്ര്യവുമുള്ള അമ്മയെ കണ്ടാണ് താൻ വളർന്നത്. ഇന്ത്യൻ സ്ത്രീകൾക്ക് ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എല്ലാവരും വെസ്റ്റേൺ ഡ്രസുകളെക്കുറിച്ച് പറയും എന്നാൽ വെസ്റ്റേൺ മനസിനെക്കുറിച്ച് അറിയില്ല. സ്വാതന്ത്ര്യമെന്നാൽ സാരി ഒഴിവാക്കി വെസ്റ്റേൺ വസ്ത്രം ധരിക്കുന്നതാണെന്ന് കരുതുന്നില്ല. മനസിന്റെ സ്വാതന്ത്ര്യമാണ് പ്രധാനം. ഇപ്പോൾ ഇന്ത്യയിലും സ്ത്രീകൾ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നു. അത് തനിക്കിഷ്ടമാണെന്നും അമല അക്കിനേനി വ്യക്തമാക്കി.


Click it and Unblock the Notifications