നാഗാർജുന ഉറപ്പ് നൽകിയില്ല, വിവാഹത്തിന് മുമ്പ് അമലയെക്കൊണ്ട് സത്യം ചെയ്യിച്ചു; മകനെ കാണാൻ പോയപ്പോൾ; നടി
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് സെൻസേഷനായി മാറിയ നടിയാണ് അമല. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ അമല ഇടം പിടിച്ചത്. ഇന്നും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തിരക്ക് പിടിച്ച് നടിയായിരിക്കെയാണ് അമല നാഗാർജുനയെ വിവാഹം ചെയ്യുന്നത്. 1992 ലാണ് അമലയും നാഗാർജുനയും വിവാഹിതരായത്. അമലയെക്കുറിച്ച് അടുത്ത സുഹൃത്തായ നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അമലയുമായുള്ള സൗഹൃദം, നടിയുടെ വിവാഹം എന്നിവയെക്കുറിച്ച് കുട്ടി പത്മിനി സംസാരിച്ചു. അമലയുടെ സിംപ്ലിസിറ്റിയാണ് എനിക്കിഷ്ടം. ഫാസിൽ സാറുടെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയ്ക്ക് ഞങ്ങൾക്ക് എറണാകുളത്തായിരുന്നു ഷൂട്ട്. ഷൂട്ട് കഴിഞ്ഞ് ഞാനും ശ്രീവിദ്യ അക്കയും അമലയും ഒരുമിച്ച് ഇരിക്കും. ഞങ്ങൾ മൂന്ന് പേരും സിനിമകളെക്കുറിച്ചോ നടീനടൻമാരെക്കുറിച്ചുള്ള ഗോസിപ്പുകളോ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. ഡാൻസിനെക്കുറിച്ചൊക്കെ നിറയെ സംസാരിക്കും.

ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് കലങ്ങിയിരുന്നെന്ന് കുട്ടി പത്മിനി ഓർത്തു. ചെന്നെെയിൽ ഞാനും രാധികയും അമലയുമെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു. രാധികയുടെ വീട്ടിൽ എല്ലാവരും കൂടി ചേരും. രാത്രി ഡിസ്കോയ്ക്കും പബ്ബിലുമെല്ലാം പോകും. പക്ഷെ എനിക്ക് പബ്ബ് കൾച്ചർ ശരിയായില്ല. എന്തുകൊണ്ടാണ് എനിക്ക് മോഡേണായിരിക്കാൻ പറ്റാത്തത് എന്ന് ഒരിക്കൽ ഞാൻ അമലയോട് ചോദിച്ചു.
കുറച്ച് കരയുകയും ചെയ്തു. അമല ഒരുമണിക്കൂർ എന്നോട് സംസാരിച്ചു. ആത്മീയ കാര്യങ്ങളും മുൻജന്മ ബന്ധവുമൊക്കെ ചൂണ്ടിക്കാട്ടി. ഞങ്ങളെ പോലെയാകുന്നത് എന്തിനാണ്, ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അമല ഉപദേശിച്ചു. അതിന് ശേഷം ഇഷ്ടമില്ലാത്ത സ്ഥലങ്ങളിൽ പോകുന്നത് നിർത്തിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

അമലയോട് സ്നേഹം തോന്നാത്ത ഹീറോകൾ ഇല്ലായിരുന്നു. ഒരുപാട് പേർക്ക് അമലയെ ഇഷ്ടപ്പെട്ടെങ്കിലും അമല പ്രണയിച്ചത് നാഗാർജുനയെയാണ്. നാല് വർഷത്തിന് മുകളിൽ അവർ പ്രണയിച്ചു. എന്നാൽ നാഗാർജുന കമ്മിറ്റ്മെന്റ് ആയില്ല. എന്താണിത് അമല, എന്തുകൊണ്ട് വിവാഹം ചെയ്യുമെന്ന് പറയുന്നില്ലെന്ന് ഞാൻ ചോദിച്ചു. എനിക്ക് നാഗിനെ വിശ്വാസമാണെന്ന് അമല.
അക്കാലത്ത് നാഗാർജുനയെക്കുറിച്ച് ഗോസിപ്പുകൾ വരുന്നുണ്ട്. നാഗാർജുനയും അമലയും ഒരുമിക്കാൻ ഞാൻ പ്രാർത്ഥിച്ചു. ഇങ്ങനെയിരിക്കെ ഒരു ദിവസം നാഗാർജുന അമലയെ പ്രൊപ്പോസ് ചെയ്തു. അമലയ്ക്ക് വളരെ സന്തോഷമായി. ഓടി വന്ന് പപ്പിമ്മ, എന്നെ അദ്ദേഹം പ്രൊപ്പോസ് ചെയ്തെന്ന് പറഞ്ഞു. ഒരു കണ്ടീഷൻ വെച്ചിട്ടുണ്ടെന്നും പറഞ്ഞു. കല്യാണം കഴിഞ്ഞ് വണ്ണം വെക്കാൻ പാടില്ലെന്നായിരുന്നു കണ്ടീഷൻ.
ഇക്കാര്യത്തിൽ അമലയെക്കാെണ്ട് നാഗാർജുന സത്യം ചെയ്യിച്ചെന്നും കുട്ടി പത്മിനി പറയുന്നു. കല്യാണം കഴിഞ്ഞ് അമലയ്ക്ക് പിറന്ന മകനെ കാണാൻ പോയിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി. വലിയ വീടാണത്. ഓരോ ഹാളും വളരെ വലുതാണ്. എല്ലാ റൂമും വലുതായിരിക്കണമെന്ന് ആഗ്രഹിച്ച നാഗാർജുന പോണ്ടിച്ചേരിയിൽ നിന്ന് ആർക്കിടെക്ടിനെ കൊണ്ട് വന്ന് പണിതതാണ്.
ഈ വീട്ടിനുള്ളിൽ നടന്ന് തനിക്ക് വണ്ണം വെക്കുന്നില്ലെന്നും അമല തന്നോട് പറഞ്ഞെന്നും കുട്ടി പത്മിനി ചിരിയോടെ ഓർത്തു. വലിയ ആളായപ്പോഴും അമലയ്ക്ക് ഒരു മാറ്റവും വന്നില്ല. തനിക്ക് സിനിമാ രംഗത്ത് നിന്നും ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അമലയെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications