വളർത്തമ്മയുടെ ഉപദ്രവം കാരണം ഒളിവിൽ പോയി; അഞ്ജലിക്ക് തുണയായത് തെലുങ്ക് സിനിമാ ലോകം; വിവാദങ്ങൾക്കിടെ ചർച്ച
നടി അഞ്ജലിയോട് തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ അപമര്യാദയായി പെരുമാറിയത് സിനിമാ ലോകത്ത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗായിക ചിന്മയി, സംവിധായകൻ ഹൻസൽ മെഹ്ത തുടങ്ങിയവരാണ് ബാലകൃഷ്ണയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്.എന്നാൽ താനും ബാലകൃഷ്ണയും തമ്മിൽ പരസ്പര ബഹുമാനമുണ്ടെന്നാണ് അഞ്ജലി പറയുന്നത്. അഞ്ജലി പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ.
വേദിയിൽ അഞ്ജലിയെ പിടിച്ച് തള്ളുകയായിരുന്നു ബാലകൃഷ്ണ. തമാശയ്ക്ക് ചെയ്തല്ലെന്നും ദേഷ്യത്തിൽ ചെയ്തതാണെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. എന്നാൽ അഞ്ജലി ഇത് കാര്യമാക്കിയിട്ടില്ല. പെട്ടെന്ന് പ്രതികരിച്ച് സാഹചര്യം വഷളാക്കുന്നത് തനിക്ക് വിനയാകുമെന്ന് അഞ്ജലിക്ക് തോന്നിയിരിക്കുമെന്ന് അഭിപ്രായമുണ്ട്. അഞ്ജലി നേരിട്ട അനുഭവങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ അഞ്ജലിക്ക് തുണയായത് തെലുങ്ക് സിനിമാ ലോകമാണ്. രണ്ടാനമ്മയുടെ ഉപദ്രവം കാരണം നടി ഏറെ ബുദ്ധിമുട്ടിയിരുന്നു. . അങ്ങാടിത്തെരു, എങ്കെയും എപ്പോതും എന്നീ സിനിമകളിലൂടെ വൻ ജനപ്രീതി നേടി തമിഴകത്തെ മുൻനിര നായികയായി മാറവെയാണ് അഞ്ജലിയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. ചെന്നെെയിൽ നിന്നും അഞ്ജലി ആരുമറിയാതെ മാറി.
വളർത്തമ്മ ഭാരതി ദേവിയും സംവിധായകൻ കലഞ്ജിയവും തന്നെ ഉപദ്രവിക്കുന്നെന്നും തന്റെ സമ്പാദ്യങ്ങളിൽ ഭൂരിഭാഗവും കൈക്കലാക്കിയെന്നും അഞ്ജലി ആരോപിച്ചു. വിവാദങ്ങൾ നടിയുടെ കരിയറിനെ ബാധിച്ചു. വളർത്തമ്മയിൽ നിന്നും രക്ഷപ്പെടാൻ കുറച്ച് കാലം ഒളിവിലായിരുന്നു അഞ്ജലി.

അഭിനയ രംഗത്ത് തുടരുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും തെലുങ്കിലെ ഒരു നിർമാതാവ് അഞ്ജലിയെ സംരക്ഷിച്ചു. ഇവരുടെ സംരക്ഷണയിലാണ് അഞ്ജലി അഭിനയം തുടർന്നതെന്ന് അടുത്തിടെ ഒരു ഫിലിം ജേർണലിസ്റ്റ് പറയുകയുണ്ടായി. അതേസമയം അഞ്ജലി ഉന്നയിച്ച ആരോപണങ്ങൾ അന്ന് വളർത്തമ്മ നിഷേധിക്കുകയാണുണ്ടായത്.
തന്റെ ചേച്ചിയുടെ മകളാണ് അഞ്ജലിയെന്ന് ഭാരതി ദേവി പറഞ്ഞു. 15ാമത്തെ വയസിൽ താൻ അഞ്ജലിയെ ദത്തെടുത്തതാണ്. അവളുടെ എല്ലാ കാര്യങ്ങളും നോക്കി. എന്തിനാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. കോടികൾ കൈക്കലാക്കിയെന്നാണ് അഞ്ജലി പറയുന്നത്. പക്ഷെ അവൾക്ക് കോടികൾ സമ്പാദ്യമായില്ലെന്നും ഭാരതി ദേവി വാദിച്ചു. കുറച്ച് കാലം ഈ വിവാദം നീണ്ടു നിന്നു. പിന്നീട് കെട്ടടങ്ങി. ഇതേക്കുറിച്ച് അഞ്ജലിയിപ്പോൾ എവിടെയും സംസാരിക്കാറില്ല.
ഇപ്പഴത്തെ വിവാദങ്ങളോട് പ്രതികരിക്കാൻ അഞ്ജലി തയ്യാറായിട്ടില്ല. അതേസമയം നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നുണ്ട്. ബാലകൃഷ്ണയക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് അഞ്ജലി പറയുന്നത്. തന്റെ സാന്നിധ്യം കൊണ്ട് ഗ്യാങ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് ഇവന്റ് മഹത്തരമാക്കിയ ബാലകൃഷ്ണ ഗാരുവിന് നന്ദി പറയുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും തമ്മിൽ വർഷങ്ങളായി അടുത്ത സൗഹൃദമുണ്ട്. പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങളെന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചു.


Click it and Unblock the Notifications











