ഒരു ലക്ഷം തന്നില്ലെങ്കിൽ വരില്ല; ആവശ്യം കേട്ട ചിരഞ്ജീവി ചെയ്തത്; പൊന്നമ്പലത്തിന്റെ വാക്കുകൾ
തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറാണ് നടൻ ചിരഞ്ജീവി. 67 കാരനായ നടന് ഇന്നും വൻ ആരാധകവൃന്ദം സിനിമാ രംഗത്തുണ്ട്. ചിരഞ്ജീവി സിനിമകളുടെ റിലീസ് ദിവസം ആന്ധ്രയിലെയും തെലങ്കാനയിലെയും തിയറ്ററുകളിൽ ആഘോഷമാണ്. അതേസമയം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആചാര്യ എന്ന സിനിമ ചിരഞ്ജീവി ആരാധകരെ നിരാശപ്പെടുത്തി. മകൻ രാം ചരണും ചിരഞ്ജീവിയും ഒരുമിച്ചെത്തിയ സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി സിനിമ പരാജയപ്പെട്ടു.
ഈ പരാജയത്തിൽ നിന്നും പതിയെ കര കയറിയിരിക്കുകയാണ് ചിരഞ്ജീവി. അടുത്തിടെയിറങ്ങിയ ഗോഡ് ഫാദർ, വാൾട്ടാർ വീരയ്യ എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. ചിരഞ്ജീവിയെക്കുറിച്ച് നടൻ പൊന്നമ്പലം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ വില്ലൻ വേഷം ചെയ്ത നടനാണ് പൊന്നമ്പലം. കരിയറിൽ സജീവമായിരുന്ന കാലത്ത് ചിരഞ്ജീവിയുടെ സിനിമയിലേക്ക് ഓഫർ വന്നതിനെക്കുറിച്ചാണ് നടൻ സംസാരിച്ചത്.

തന്റെ വിവാഹത്തോട് അടുത്ത സമയമായിരുന്നു ഇത്. മൂന്ന് ലക്ഷം രൂപ വിവാഹത്തിന് വേണ്ടി വരും. പക്ഷെ കൈയിൽ രണ്ട് ലക്ഷം രൂപയേ ഉള്ളൂ. ഇതോടെ ചിരഞ്ജീവിയുടെ സിനിമയിൽ അഭിനയിക്കണമെങ്കിൽ ഒരു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന് പൊന്നമ്പലം തുറന്ന് പറഞ്ഞു. പ്രതിഫലം കേട്ട എല്ലാവരും ഞെട്ടി.
അക്കാലത്ത് അഭിനേതാക്കളെ സംബന്ധിച്ച് ഇത് വലിയ തുകയാണ്. പൊന്നമ്പലത്തിന്റെ ആവശ്യം ചിരഞ്ജീവി അറിഞ്ഞു. നടൻ മറ്റൊരാളെ നിർദ്ദേശിക്കുമെന്നാണ് മിക്കവരും കരുതിയതെങ്കിലും സംഭവിച്ചത് മറിച്ചാണ്. ഇത്ര വലിയ തുക വാങ്ങാനുള്ള കഴിവ് പൊന്നമ്പലത്തിന് ഉണ്ടോ എന്ന് മനസ്സിലാക്കാൻ നടനെ വീട്ടിലേക്ക് വിളിച്ചു.
പൊന്നമ്പലത്തിന് ഫൈറ്റ് രംഗങ്ങളിലുള്ള മികവ് ചിരഞ്ജീവിക്ക് വളരെ ഇഷ്ടമായി. ഇദ്ദേഹം ആവശ്യപ്പെട്ട പ്രതിഫലം നൽകുകയും ചെയ്തു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് പൊന്നമ്പലം ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്റ്റണ്ട്മാനായി കരിയർ തുടങ്ങിയ പൊന്നമ്പലം പിന്നീട് വില്ലൻ വേഷങ്ങളിൽ സിനിമകളിൽ നിറ സാന്നിധ്യമായി മാറി. മുത്തു, അമർക്കളം തുടങ്ങിയ തമിഴ് സിനിമകളിൽ പൊന്നമ്പലം ചെയ്ത വില്ലൻ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചിരഞ്ജീവിയെക്കുറിച്ച് പൊന്നമ്പലം പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പണ്ട് മുതലേ ആക്ഷനും ഡാൻസിനും ചിരഞ്ജീവി സിനിമകളുടെ പ്രധാന ആകർഷണ ഘടകമാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ചിരഞ്ജീവി സംസാരിച്ചിട്ടുണ്ട്.

സിനിമാ രംഗത്തേക്കുള്ള തന്റെ കടന്ന് വരവിന് ശേഷമാണ് തെലുങ്ക് സിനിമകളിൽ ആക്ഷനും ഡാൻസിനും ജനസ്വീകാര്യത ലഭിച്ചതെന്നാണ് ചിരഞ്ജീവി പറഞ്ഞത്. അതിന് മുമ്പ് ഗാനരംഗങ്ങൾ വരുമ്പോൾ ഇന്റർവെൽ പോലെ പ്രേക്ഷകർ തിയറ്ററിൽ നിന്നും പുറത്തേക്ക് പോകാറായിരുന്നു പതിവ്. എന്നാൽ തന്റെ സിനിമകൾ ഈ രീതിക്ക് മാറ്റം വരുത്തിയെന്നും ചിരഞ്ജീവി അന്ന് പറഞ്ഞു.
അടുത്തിടെ ചിരഞ്ജീവിയെക്കുറിച്ച് വന്ന തെറ്റായ വാർത്ത സിനിമാ ലോകത്ത് ചർച്ചയായിരുന്നു. നടന് കാൻസർ ബാധിച്ചെന്ന വാർത്തയാണ് പ്രചരിച്ചത്. കാൻസർ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചിരഞ്ജീവി പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. അടുത്തിടെ നടത്തിയ പരിശോധനയിൽ തനിക്ക് നോൺ കാൻസറസായ പോളിപ്സുകൾ കണ്ടെത്തുകയും ഇവ നീക്കം ചെയ്യുകയുമുണ്ടായി.
പരിശോധന നടത്തിയില്ലായിരുന്നെങ്കിൽ ഇവ കാൻസറായി മാറിയേനെ എന്നാണ് ചിരഞ്ജീവി പറഞ്ഞത്. എന്നാൽ തെലുങ്ക് മാധ്യമങ്ങളിൽ ചിരഞ്ജീവിക്ക് കാൻസർ ബാധിച്ചെന്ന് തെറ്റായ വാർത്ത വന്നതോടെ നടൻ വിശദീകരണം നൽകി. യഥാർത്ഥത്തിൽ പറഞ്ഞതെന്തെന്ന് ആവർത്തിക്കുകയും ചെയ്തു.


Click it and Unblock the Notifications