ഞങ്ങൾ തമ്മിൽ എന്തെങ്കിലുമുണ്ടോ എന്ന് ചിന്തിച്ചു; 9 വർഷത്തെ ബന്ധം; അനുഷ്കയെക്കുറിച്ച് പ്രഭാസ് പറഞ്ഞത്
പ്രായം നാൽപത്തി മൂന്ന് കഴിഞ്ഞിട്ടും പ്രഭാസ് അവിവാഹിതനായി തുടരുന്നത് ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. സമപ്രായക്കാരായ നടൻമാരിൽ ഭൂരിഭാഗം പേരും വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടന്നെങ്കിലും പ്രഭാസ് ഇന്നും ബാച്ചിലറായി തുടരുകയാണ്. അടുത്തിടെ നടി കൃതി സനോനും പ്രഭാസും പ്രണയത്തിലെന്ന് ഗോസിപ്പ് വന്നെങ്കിലും ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദിപുരുഷ് എന്ന സിനിമയുടെ റിലീസിന് ശേഷം ഈ അഭ്യൂഹങ്ങൾ അവസാനിച്ചു.
പ്രഭാസ് വിവാഹിതനായി കാണാൻ കുടുംബവും ആഗ്രഹിക്കുന്നുണ്ട്. അമ്മ തന്നെ നിർബന്ധിക്കുണ്ടെന്ന് പ്രഭാസ് നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നടന്റെ ആന്റി ശകുന്തള ദേവിയും വിവാഹക്കാര്യം സംസാരിച്ചു. പ്രഭാസ് ഉടനെ വിവാഹിതനാകുമെന്നാണ് ശകുന്തള ദേവി പറഞ്ഞത്. പ്രഭാസിനെക്കുറിച്ച് ഒന്നിലേറെ ഗോസിപ്പുകൾ വന്നെങ്കിലും നടി അനുഷ്ക ഷെട്ടിക്കൊപ്പം വന്ന അഭ്യൂഹങ്ങളാണ് ഇതിലേറെ വാർത്താ പ്രാധാന്യം നേടിയത്. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയാണ് അനുഷ്ക.

രണ്ട് പേരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കുന്നു. ഇവർ ഓഫ് സ്ക്രീനിൽ നല്ല സുഹൃത്തുക്കളുമാണ്. ബാഹുബലി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് പ്രഭാസ്-അനുഷ്ക ഷെട്ടി ഗോസിപ്പുകൾ ശക്തി പ്രാപിച്ചത്. ഇരുവരും ലിവിംഗ് ടുഗെദറിൽ ആയിരുന്നെന്ന് വരെ സംസാരമുണ്ടായി. എന്നാൽ രണ്ട് പേരും ഇത്തരം വാർത്തകളെ നിഷേധിക്കുകയാണുണ്ടായത്.
മുമ്പൊരിക്കൽ പ്രഭാസ് ഈ വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. 9 വർഷത്തോളമായി ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. കുറേക്കാലമായി അടുത്തറിയാം. ഇത്തരം ഗോസിപ്പുകൾ വന്നപ്പോൾ ഞങ്ങൾ തമ്മിൽ എന്തെങ്കിലുമുണ്ടോ എന്നാലോചിച്ച് ഞാൻ തന്നെ അത്ഭുതപ്പെട്ടു. ഒന്നുമില്ലെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാം.

ഇത് പുതിയ കാര്യമല്ല. ഒരു സിനിമയിൽ കൂടുതൽ ഒരു നായിക ഒരു ഹീറോയ്ക്കൊപ്പം അഭിനയിച്ചാൽ അവരെ രണ്ട് പേരെക്കുറിച്ചും ഗോസിപ്പുകൾ വരുന്നത് പതിവാണെന്നും പ്രഭാസ് അന്ന് ചൂണ്ടിക്കാട്ടി. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടിയും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ടില്ല.
കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്ന അനുഷ്ക അടുത്തിടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ തിരിച്ചെത്തി. കത്തനാർ എന്ന മലയാള ചിത്രത്തിനും അനുഷ്ക ഷെട്ടിയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയാണിത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. മറുവശത്ത് പ്രഭാസ് കരിയറിലെ മോശം ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ബാഹുബലിക്ക് ശേഷം അതേപോലെ ഹിറ്റായ മറ്റൊരു സിനിമ പ്രഭാസിന് ലഭിച്ചിട്ടില്ല.
ഒടുവിൽ പുറത്തിറങ്ങിയ ആദിപുരുഷ് എന്ന സിനിമ പൂർണ പരാജയമായിരുന്നു. ഈ സിനിമയുടെ പേരിൽ പ്രഭാസിന് നേരെ ട്രോളുകളും വന്നു. കൽകി 2898 എഡി, സലാർ എന്നിവയാണ് പ്രഭാസിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. രണ്ട് സിനിമകളിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. അനുഷ്കയും പ്രഭാസും ഒരുമിച്ച് വീണ്ടുമൊരു സിനിമ വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. ബാഹുബലിക്ക് പുറമെ ബില്ല, മിർച്ചി എന്നിവയും ഇരുവരും ഒന്നിച്ചെത്തിയ ഹിറ്റ് സിനിമകളാണ്.


Click it and Unblock the Notifications