നാല് കാലിൽ നായിക; പൊട്ടിത്തെറിച്ച സമാന്ത; എന്റെ ഭാര്യയെ വരെ അറിയാമല്ലോയെന്ന് മഹേഷ് ബാബു
തെന്നിന്ത്യയിലെ ഏറ്റവും താര മൂല്യമുള്ള നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സമാന്ത. സഹ കഥാപാത്രമായി തുടങ്ങിയ സമാന്തയുടെ അഭിനയ ജീവിതം അപ്രതീക്ഷിത വഴിത്തിരുകൾക്കാണ് സാക്ഷ്യം വഹിച്ചത്. പാൻ ഇന്ത്യ തലത്തിൽ അറിയപ്പെടുന്ന നടി. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക നടി, വില്ലൻ വേഷങ്ങളുൾപ്പെടെ ചെയ്ത് കരിയറിൽ പരീക്ഷണങ്ങൾ നടത്തുന്ന നടി തുടങ്ങി നിരവധി വിശേഷണങ്ങൾ ഇന്ന് സമാന്തയ്ക്കുണ്ട്.

ആമസോൺ പ്രെെം സീരീസായ ഫാമിലി മാൻ സീസൺ 2 വിലെ വേഷമാണ് നടിക്ക് വൻ പ്രശസ്തി നേടിക്കൊടുത്തത്. പിന്നീട് പുഷ്പയിൽ അവതരിപ്പിച്ച ഡാൻസ് നമ്പറും ഇന്ത്യയൊട്ടുക്കും ഹിറ്റായി. ഇതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന സമാന്തയെ തേടി നിരവധി അവസരങ്ങളെത്തി. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന്.

തുടക്ക കാലത്ത് തെന്നിന്ത്യയിൽ സ്ഥിരം കണ്ടുവരുന്ന നായിക കഥാപാത്രങ്ങളായിരുന്നു സമാന്തയും ചെയ്തിരുന്നത്. എന്നാൽ പെട്ടന്ന് തന്നെ ഇതിൽ മാറ്റം വരുത്താൻ സമാന്തയ്ക്ക് സാധിച്ചു. സ്ത്രീ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്ന വിമർശനം നേരിടുന്ന തെലുങ്ക് സിനിമാ മേഖലയിലാണ് സമാന്ത കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ ഇൻഡസ്ട്രിയിലെ ഇത്തരം ചിന്താഗതികൾക്കെതിരെ സമാന്ത സംസാരിച്ചിട്ടുമുണ്ട്.

2014 ൽ നടൻ മഹേഷ് ബാബുവും സമാന്തയും തമ്മിലുണ്ടായിരുന്ന പ്രശ്നം ഇതുപോലെ ഒന്നായിരുന്നു. മഹേഷ് ബാബുവിന്റെ 1: നെനൊക്കാഡിനെ എന്ന സിനിമയെ സംബന്ധിച്ചായിരുന്നു വിവാദം. മഹേഷ് ബാബുവും കൃതി സനോനുമായിരുന്നു ചിത്രത്തിലെ നായികാ നായകൻമാർ. ചിത്രത്തിന്റെ പോസ്റ്റർ അന്ന് വിവാദമുണ്ടാക്കിയിരുന്നു.
ബീച്ചിലൂടെ നടക്കുന്ന മഹേഷ് ബാബുവിന്റെ പിറകിൽ നാല് കാലിൽ നടക്കുന്ന കൃതിയെയായിരുന്നു പോസ്റ്ററിൽ ചിത്രീകരിച്ചത്. പോസ്റ്ററിനെതിരെ സമാന്ത ശക്തമായി രംഗത്ത് വന്നു. പിന്തിരിപ്പൻ ചിന്താഗതിയാണ് പോസ്റ്ററിൽ കാണാനാവുന്നതെന്നായിരുന്നു സമാന്തയുടെ വിമർശനം.
Recommended Video

നടിയുടെ പ്രതികരണം അന്ന് വലിയ രീതിയിൽ ചർച്ചയായി. മഹേഷ് ബാബുവിന്റെ ആരാധകർ രംഗത്ത് വന്നു. പിന്നാലെ മഹേഷ് ബാബുവും പ്രതികരണവുമായെത്തി. സമാന്തയ്ക്ക് എന്നെയും ഭാര്യ നമ്രതയെയും അറിയാം. പോസ്റ്റർ പിന്തിരിപ്പൻ ആയി തോന്നിയെങ്കിൽ ആദ്യം എന്നോട് പറയാമായിരുന്നു. പക്ഷെ അവൾ അവളുടെ അഭിപ്രായങ്ങൾ ഓൺലൈനിൽ എഴുതി. അവളങ്ങനെ ചെയ്യരുതായിരുന്നു. കുറഞ്ഞത് ഞങ്ങളോട് സംസാരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു, മഹേഷ് ബാബു പറഞ്ഞതിങ്ങനെ.
സമാന്തയും മഹേഷ് ബാബുവും നേരത്തെ മൂന്ന് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ഈ വിവാദത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം സമാന്തയുടെ കരിയർ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്തു. തെലുങ്കിൽ സൂപ്പർ സ്റ്റാർ നായകൻമാരില്ലെങ്കിലും സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ള അപൂർവം നടിമാരിൽ ഒരാളാണ് സമാന്തയിപ്പോൾ.


Click it and Unblock the Notifications