ഷൂട്ടിനിടയിലാണ് അദ്ദേഹം എന്റെ ശരീരത്ത് തൊട്ടത്, ആദ്യം അബദ്ധമെന്ന് കരുതി! സിനിമ ഉപേക്ഷിച്ചതിനെ പറ്റി വിചിത്ര
മീ ടു മൂവ്‌മെന്റ് മുതല്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നിരവധി നടിമാരാണ് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ തങ്ങളുടെ അനുഭവം പറഞ്ഞ് നടിമാര്‍ രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ തെന്നിന്ത്യന്‍ നടി വിചിത്രയുടെ വെളിപ്പെടുത്തലുകള്‍ കൂടി ശ്രദ്ധേയമാവുകയാണ്.
തൊണ്ണൂറുകളില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി പല ഭാഷകളില്‍ ഒരുമിച്ച് സജീവമായിരുന്ന നടിയായിരുന്നു വിചിത്ര. 1991 ല്‍ തുടങ്ങിയ നടിയുടെ സിനിമാ ജീവിതം 2002 ല്‍ അവസാനിപ്പിച്ചു. ശേഷം വിചിത്ര കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. അക്കാലത്ത് വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നടിമാരുടെ ശീലം.

വിചിത്രയും ഇതേ പാത പിന്തുടര്‍ന്ന് അഭിനയം ഉപേക്ഷിച്ചുവെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ സിനിമാ ലോകത്തു നിന്നുണ്ടായ വളരെ മോശം അനുഭവത്തെ തുടര്‍ന്നാണ് താന്‍ അഭിനയ ജീവിതം ഉപേക്ഷിച്ച് പോയതാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നടി വെളിപ്പെടുത്തിയത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തിയ തമിഴ് ബിഗ് ബോസില്‍ മത്സരിക്കുമ്പോഴായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍.
കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ശ്രദ്ധേയായ മത്സരാര്‍ഥിയായിരുന്നു വിചിത്ര. സിനിമയില്‍ തിളങ്ങി നിന്നിരുന്ന താന്‍ ഇരുപത് വര്‍ഷം മുമ്പ് അഭിനയം ഉപേക്ഷിച്ച് പോകാനുണ്ടായ കാരണം തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ്.
'ഇരുപത് വര്‍ഷം മുമ്പ് തെലുങ്കിലെ ഒരു സൂപ്പര്‍ സ്റ്റാറില്‍ നിന്നും വളരെ മോശമായിട്ടുള്ള ഒരു അനുഭവം തനിക്കുണ്ടായി. 2000 ല്‍ തെലുങ്കിലെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. മലമ്പുഴയയില്‍ വെച്ചാണ് ചിത്രീകരണം. അവിടെ വെച്ചാണ് തന്റെ ഭര്‍ത്താവായ വ്യക്തിയെ ആദ്യമായി കാണുന്നത്. അവിടെ വെച്ച് തന്നെയാണ് ഏറ്റവും ഭീകരമായ കാസ്റ്റിങ് കൗച്ച് നേരിട്ടതും.
ഷൂട്ടിങ്ങിനിടയില്‍ ഹോട്ടലില്‍ ഒരു പാര്‍ട്ടി നടന്നിരുന്നു. അന്നേരമാണ് ചിത്രത്തിലെ നായകനെ ഞാന്‍ കാണുന്നതും. അദ്ദേഹം വളരെ പ്രശസ്തനായൊരു നടനാണ്. നേരില്‍ കണ്ടെങ്കിലും അയാള്‍ എന്റെ പേര് പോലും ചോദിച്ചിരുന്നില്ല, പക്ഷേ, അയാളുടെ മുറിയിലേക്ക് വരണമെന്നാണ് ആവശ്യപ്പെട്ടത്. അതെന്ത് തരം പ്രവര്‍ത്തിയാണെന്ന് എനിക്ക് മനസ്സിലായില്ല. അതിന് ശേഷം സ്വന്തം മുറിയിലേക്ക് പോയി ഞാന്‍ കിടന്നുറങ്ങി.
പക്ഷേ ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സമാനമായ ഒരുപാട് മോശം കാര്യങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നു. തമിഴ് സിനിമയില്‍ നിന്നും ഒരിക്കലും ഇങ്ങനെയൊരു അനുഭമുണ്ടായിട്ടില്ല. ആ സിനിമയിലെ നടന്മാര്‍ രാത്രി മദ്യപിച്ച് എന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവായിരുന്നു. ഇപ്പോഴും ആ ബഹളം എങ്ങനെയാണെന്ന് എനിക്ക് ഓര്‍മ്മയുണ്ട്.

അന്ന് ആകെ തകര്‍ന്ന് പോയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. എന്റെ മുറിയിലേക്ക് കോളുകള്‍ കണക്ട് ചെയ്യരുതെന്ന് ഹോട്ടലിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. അദ്ദേഹമാണ് പിന്നീട് എന്റെ ഭര്‍ത്താവായ വ്യക്തി. ആ സമയത്ത് അദ്ദേഹം തന്റെ സുഹൃത്തു പോലുമായിരുന്നില്ല. എന്നിട്ടും അദ്ദേഹം ഒരുപാട് സഹായിച്ചു. ഓരോ ദിവസവും ആരും അറിയാതെ അദ്ദേഹം എന്റെ മുറി മാറ്റി തന്നുകൊണ്ടിരുന്നു.
പിന്നീടൊരു ദിവസം കാട്ടിനുള്ളില്‍ ഒരു സംഘട്ടനം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രമുഖ നടന്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. ആദ്യം അബദ്ധമായിരിക്കുമെന്നാണ് കരുതിയത്. വീണ്ടും അതേ രീതിയില്‍ സ്പര്‍ശിച്ചതോടെ അയാളെ കൈയ്യോടെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ മുന്നില്‍ കൊണ്ടുപോയി.
എന്നാല്‍, എല്ലാവരുടേയും മുന്നില്‍ വെച്ച് അദ്ദേഹം എന്റെ മുഖത്ത് അടിക്കുകയാണ് ചെയ്തത്. യൂണിറ്റിലുള്ള ഒരാള്‍ പോലും അതിനെതിരെ പ്രതികരിച്ചില്ല. അടി കൊണ്ട് മുഖം വീര്‍ത്ത് കരുവാളിച്ചിരുന്നു. പിന്നീട് യൂണിയനില്‍ പരാതി നല്‍കുകയും ഇത് പത്രത്തിലൊക്കെ വാര്‍ത്തയായി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് താന്‍ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് വിചിത്ര പറഞ്ഞത്.


Click it and Unblock the Notifications