പാത്രം എടുത്ത് വെച്ചത് രാം ചരൺ; എന്താണ് കുഴപ്പമെന്ന് ചിരഞ്ജീവി; ആ കുടുംബം അങ്ങനെയാണ്; തിരക്കഥാകൃത്ത്
തെലുങ്ക് സിനിമ രംഗത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കുടുംബം. തെലുങ്കിൽ വൻ ആരാധക വൃന്ദമാണ് ചിരഞ്ജീവിക്കും മകൻ രാം ചരണിനും വൻ ആരാധക വൃന്ദമാണുള്ളത്. 68 കാരനായ ചിരഞ്ജീവി അഭിനയരംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്. ആർആർആറിന്റെ വിജയത്തിന് ശേഷം രാം ചരൺ ആഗോളതലത്തിൽ അറിയപ്പെടുന്ന നടനായി മാറി. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും താരങ്ങൾക്ക് ഇത് സന്തോഷങ്ങളുടെ കാലമാണ്.
അടുത്തിടെയാണ് രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും മകൾ പിറന്നത്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറന്നിരിക്കുന്നത്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞെന്ന സ്വപ്നം ഇരുവരും മാറ്റി വെക്കുകയായിരുന്നു. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺകുഞ്ഞിന് രാം ചരണും ഉപാസനയും നൽകിയിരിക്കുന്ന പേര്.

കുഞ്ഞ് പിറന്ന ശേഷം രാം ചരണും ഉപാസനയും കരിയറിലെ തിരക്കുകൾ കുറച്ചിട്ടുണ്ട്. രാം ചരണിനെയും ചിരഞ്ജീവിയെയും കുറിച്ച് തിരക്കഥാകൃത്ത് ഭൂപതിരാജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിരഞ്ജീവിയുമായി വർഷങ്ങളായുള്ള അടുപ്പം ഇദ്ദേഹത്തിനുണ്ട്.
ഞാനെപ്പോൾ പോയാലും അദ്ദേഹം എനിക്ക് ഉപ്പുമാവ് തരും. അദ്ദേഹമല്ല പാചകം ചെയ്യുന്നതെങ്കിലും ജോലിക്കാരനടുത്ത് പോയി നിർദ്ദേശം നൽകും. ഇരുപത് വർഷത്തോളം ഇതൊരു പതിവായിരുന്നു. ഒരു ദിവസം നിനക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം ഏതെന്ന് എന്നോട് ചോദിച്ചു. എനിക്ക് ഉപ്പുമാവ് ഇഷ്ടമല്ലെന്ന് ഞാൻ മറുപടി നൽകി. അമ്പരന്ന അദ്ദേഹം ഇതാദ്യമേ പറയേണ്ടേ എന്നെന്നോട് ചോദിച്ചു. ഒരു മെഗാസ്റ്റാർ എനിക്കായി ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ എങ്ങനെയാണ് വേണ്ടെന്ന് പറയുകയെന്ന് താൻ മറുപടി നൽകിയെന്നും ഭൂപതി രാജ ഓർത്തു.

തങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ പാത്രം രാം ചരൺ എടുത്തതിനെക്കുറിച്ചും ഭൂപതി രാജ അന്ന് സംസാരിച്ചു. ഭക്ഷണം കഴിച്ചതിന്റെ പാത്രം അവിടെയുണ്ടായിരുന്നു. ചരൺ, പ്ലേറ്റ് എടുത്ത് പോകൂ എന്ന് അദ്ദേഹം പറഞ്ഞു. അവൻ പാത്രം എടുത്ത് പോയി. അന്ന് മഗധീരയൊക്കെ ഇറങ്ങിയിട്ടുണ്ട്. സർ, രാം ചരൺ വലിയ ഹീറോയല്ലേ എന്ന് ഞാൻ ചോദിച്ചു.
ഹീറോയായാൽ എന്താണ്, ഇതാെക്കെ ചെയ്യണം. ഞാനിത് ശിവാജി സാറിന്റെ വീട്ടിൽ നിന്ന് പഠിച്ചത്. പ്രഭു സാറാണ് അന്ന് അദ്ദേഹത്തിന്റെ പാത്രം എടുത്ത് പോയത്. മുതിർന്നവരോട് എങ്ങനെ പെരുമാറണമെന്നുള്ള അച്ചടക്കമൊക്കെ പഠിച്ചത് ശിവാജി സാറിൽ നിന്നാണെന്ന് ചിരഞ്ജീവി സർ പറഞ്ഞു. ആ ഗുണങ്ങൾ രാം ചരണിനും ഉണ്ട്. ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ഇതേ ക്യാരക്ടറാണ് പവൻ കല്യാൺ സാറിനും. അത് ആശ്ചര്യകരമാണെന്നും ഭൂപതി രാജ ചൂണ്ടിക്കാട്ടി.
ചിരഞ്ജീവിയുടെ നിരവധി സിനിമകളുടെ തിരക്കഥ എഴുതിയത് ഭൂപതിരാജയാണ്. ചിരഞ്ജീവിയുടെ അനുജനാണ് പവൻ കല്യാൺ. രാഷ്ട്രീയത്തിലും സിനിമയിലും ഇദ്ദേഹം സാന്നിധ്യമറിയിക്കുന്നു. ചിരഞ്ജീവിയുടെ മറ്റൊരു സഹോദരനാണ് നിർമാതാവ് നാഗേന്ദ്ര ബാബു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ മകൻ വരുൺ തേജിന്റെ വിവാഹം നടന്നത്.
നടി ലാവണ്യ ത്രിപാദിയെയാണ് വരുൺ തേജ് വിവാഹം ചെയ്തത്. താരകുടുംബാഗംങ്ങളെല്ലാം ഒത്തു ചേർന്ന് ആഘോഷപൂർണമാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് വരുൺ തേജിന്റെ സഹോദരി നിഹാരിക വിവാഹമോചിതയായത്.


Click it and Unblock the Notifications











