ഏടാകൂടം പോലൊരു വീട്, അവന് ചിന്തിക്കാൻ ഞാൻ സമയം കൊടുത്തില്ല; സന്താനത്തിന്റെ വീട് പൊളിച്ചതിനെ കുറിച്ച് ആര്യ!
സിനിമയിൽ നിന്നും ആര്യയ്ക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ കോമഡി റോളുകളിലൂടെ തിളങ്ങിയ സന്താനമാണ്. മുമ്പൊരിക്കൽ ആര്യ കാരണം നവീകരിച്ചുകൊണ്ടിരുന്ന തന്റെ വീട് പൊളിച്ച കഥ പൊതുവേദിയിൽ സന്താനം വെളിപ്പെടുത്തിയപ്പോൾ വൈറലായിരുന്നു. അന്ന് സന്താനം പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ ഒരു പഴയ വീടും കുറച്ച് സ്ഥലവും വാങ്ങിയിരുന്നു.
വീടിന്റെ നവീകരണ പ്രവൃത്തികൾ നടന്ന് വരികയായിരുന്നു. ശേഷം അവിടേക്ക് താമസം മാറാമെന്നാണ് കരുതിയിരുന്നത്. എല്ലാ വെള്ളിയാഴ്ചയും എന്റെ അമ്മയും ഭാര്യയും ആ വീട്ടിൽ പോയി വിളക്ക് കത്തിക്കും. നവീകരണ പ്രവൃത്തികളെല്ലാം ഏകദേശം പൂർത്തിയായ സമയത്താണ് ആര്യയുടെ കോൾ വരുന്നത്.

ഒരു വീട് വാങ്ങിയിട്ടുണ്ടെന്നും അതിന്റെ നവീകരണ പ്രവൃത്തികൾ നടക്കുകയാണെന്നും അവിടെയാണുള്ളതെന്നും ഞാൻ പറഞ്ഞു. എല്ലാം കേട്ടശേഷം ഞാൻ അങ്ങോട്ട് വരികയാണെന്നും എവിടേയും പോകരുതെന്നും ആര്യ പറഞ്ഞു. കുറച്ച് സമയത്തിനകം ആര്യ വന്നു. വീട് കണ്ടയുടൻ ആര്യ പറഞ്ഞു വീടൊരു ഭംഗിയുമില്ലെന്ന്. ഉള്ളിലെല്ലാം അവൻ കയറി പരിശോധിച്ചശേഷം എന്നോട് പറഞ്ഞു മച്ചാ... ഈ വീട് പൊളിക്കൂവെന്ന്. ഞാൻ പറഞ്ഞു പറ്റില്ലെന്ന്.
കാരണം നവീകരണ പ്രവൃത്തികൾ നടക്കുകയാണെന്ന് വീട്ടിൽ എല്ലാവർക്കും അറിയാം. മാത്രമല്ല ഈ വീട് പൊളിച്ച് പുതിയത് പണിതാൽ കൂടുതൽ പണം ചിലവാകും. പക്ഷെ ആര്യ സമ്മതിച്ചില്ല. അവസാനം അവൻ അവന്റെ സുഹൃത്തിനേയും സംഘത്തേയും വിളിച്ച് വരുത്തി നാല് ദിവസത്തിനുള്ളിൽ വീട് പൊളിച്ച് പൊട്ടും പൊടിയും അടക്കം തൂത്തുവാരി കൊണ്ടുപോയി.
അമ്മയും ഭാര്യയും വെള്ളിയാഴ്ച വിളക്ക് കൊളുത്താനായി വന്നപ്പോൾ വീട് കാണാതെ അവർ ആകെ അമ്പരന്നു. എന്നെ വിളിച്ചപ്പോൾ നടന്ന കഥ ഞാൻ അവരോട് പറഞ്ഞു. അമ്മയും ഭാര്യയും അമ്പരന്നു എന്നാണ് അന്ന് സന്താനം പറഞ്ഞത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രേക്ഷകർക്ക് അറിയാത്ത മറുവശം ആര്യ വെളിപ്പെടുത്തി. സന്താനം വാങ്ങിയ വീട് ഞാൻ കാരണമാണ് പൊളിച്ചത്.
സന്താനം അന്ന് പറഞ്ഞത് സത്യമാണ്. ഇങ്ങനൊരു വീട് വാങ്ങിയിട്ടുണ്ടെന്നും സൂപ്പർ വീടാണെന്നും അതിന്റെ നവീകരണ പ്രവൃത്തികൾ നടക്കുകയാണെന്നും അവൻ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു. ഒരു വീട് എത്രത്തോളം മോശമായിരിക്കാൻ കഴിയുമോ അതുപോലൊരു വീടാണ് സന്താനം വാങ്ങിയത്. പേയ്സ് ഗാർഡനിലാണ് വീട്. സേട്ട് വീടാണെന്ന് തോന്നുന്നു.

എൻട്രൻസിൽ തന്നെ രണ്ട് വശത്തേക്കും സ്റ്റെയർകെയ്സ് കാണാം. ഈന്തപ്പന പോലെയാണ് സ്റ്റെയർ കാണാൻ. പ്രധാന വാതിൽ ആ സ്റ്റെപ്പ്സിന് പിറകിലാണ്. ഇത്രത്തോളം മോശം ഫാഷനിലുള്ള വീട് നീ എന്തിനാണ് ഒരുപാട് പണം മുടക്കി നവീകരിക്കുന്നത്? അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാൻ പറഞ്ഞു. ഉള്ളിലെല്ലാം ഞാൻ കയറി നോക്കി.
ഒരു ഡ്രോയിങ് റൂമും അതിന് സമീപത്ത് ഒരു കാർ പാർക്കിങുമെല്ലാം കൊടുത്ത് ഏടാകൂടം പോലൊരു വീടാണ് സന്താനം വാങ്ങിയത്. വീടിനുള്ളിൽ കയറിയാൽ ഒന്നും മനസിലാവില്ല. അങ്ങനെ ഞാൻ എന്റെ സുഹൃത്തിനെ വിളിച്ച് വരുത്തി ആ വീട് ഇടിച്ച് നിരപ്പാക്കി. നല്ലൊരു ആർകിടെക്ടിനെ വെച്ച് ശേഷം നല്ലൊരു വീട് പണിതു. ഇപ്പോൾ സന്താനത്തിന്റേത് മനോഹരമായ വീടാണ്.
വീടിന്റെ സ്ട്രക്ചർ ഐഡിയ എല്ലാം സന്താനത്തിന്റേതായിരുന്നു. അവിടെയുണ്ടായിരുന്ന പഴയ വീട് ഇടിച്ച് നിരത്തുക എന്നത് മാത്രമായിരുന്നു എന്റെ ഐഡിയ എന്നാണ് സന്താനം അന്ന് പറഞ്ഞ സംഭവത്തിലെ തന്റെ വേർഷൻ വെളിപ്പെടുത്തി ആര്യ പറഞ്ഞത്.


Click it and Unblock the Notifications