ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം; പള്ളിയിൽ പോയപ്പോൾ: ജയ്
തമിഴ് നടൻ ജയ് മലയാളികൾക്ക് സുപരിചിതനാണ്. സുബ്രമണ്യപുരം, എങ്കെയും എപ്പോതും, രാജ റാണി തുടങ്ങിയ ജയ് സിനിമകൾ മലയാളികൾക്കിടയിലും സ്വീകരിക്കപ്പെട്ടതാണ്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ കണ്ട നടനാണ് ജയ്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ ജയ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായുള്ള ജയുടെ രൂപസാദൃശ്യവും ചർച്ചയായതാണ്. വിജയുടെ സഹോദരൻ ആണ് ജയ് എന്ന് പലരും കരുതിയിരുന്നു. എന്നാൽ ഇവർ തമ്മിൽ ബന്ധമില്ല.
മുസ്ലിം മത വിശ്വാസിയാണ് ജയ് ഇന്ന്. മതം മാറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താൽപര്യം കാണിച്ച് ഫോളോ ചെയ്യാൻ തുടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷെ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.

പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമ്മൾക്ക് പ്രാർത്ഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ ക്യാരക്ടർ മാറാൻ തുടങ്ങി എന്നും ജയ് പറയുന്നു. 2002 ൽ ഭഗവതി എന്ന സിനിമയിൽ വിജയുടെ അനിയനായാണ് ജയ് കരിയർ തുടങ്ങുന്നത്. വിജയുമായുള്ള മുഖസാദൃശ്യമാണ് ഈ സിനിമയിൽ ജയ്ക്ക് അവസരം കിട്ടാൻ കാരണം. പിന്നീട് നായക നിരയിലേക്ക് വന്നു.
തമിഴകത്ത് ഇസ്ലാം മതത്തിലേക്ക് മാറിയ മറ്റ് സിനിമാ താരങ്ങളുമുണ്ട്. മുൻനടി മോണിക്ക 2014 ലാണ് മതം മാറി പേര് റാഹിമ എന്നാക്കിയത്. സിനിമാ രംഗത്ത് നിന്നും പൂർണമായി മാറി നിൽക്കുകയാണ് മോണിക്ക. ഹറാമായ പണം തനിക്ക് വേണ്ടെന്നാണ് അഭിനയ രംഗം വിട്ടതിനെക്കുറിച്ച് മോണിക്ക പറയുന്നത്.
എത്രയോ ലോകം കണ്ടു. അധ്വാനിച്ചു. പക്ഷെ ഒരു ഘട്ടത്തിൽ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ മനസിലാക്കി. എത്ര ഫ്ലെെറ്റിൽ ചുറ്റിയാലും ഞാൻ ചെയ്യുന്നത് ഹറാമായ കാര്യമാണ്. സമ്പാദിച്ച പണം കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം ചെയ്തിട്ടുണ്ട്. പക്ഷെ ഹറാമായ പണം കൊണ്ട് ആർക്ക് നന്മ ചെയ്തിട്ടും കാര്യമില്ല. അത് നന്മയല്ല. അവസാനം ഞാൻ പൂജ്യമാകും. എന്റെ ജീവിതം പൂജ്യമാണെന്ന് ഞാൻ മനസിലാക്കി. അതിനപ്പുറം ഞാൻ ചിന്തിച്ചില്ല. ഇനിയുള്ള ജീവിതം പാത്രം കഴുകിയെങ്കിലും ജീവിക്കാമെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നാണ് മോണിക്ക പറഞ്ഞത്. അതേസമയം ജയ് ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. 2015 ൽ മാലിക് എന്ന വ്യവസായിയെ മോണിക്ക വിവാഹം ചെയ്തു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ മോണിക്ക അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications
